അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി യുനിസെഫും ഐ.എം.എയും കൈകോര്‍ക്കുന്നു

തിരുവനന്തപുരം: അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി യുനിസെഫും ഐ.എം.എയും കൈകോര്‍ക്കുന്നു. മരുന്നു കുറിപ്പടിക്കൊപ്പം രോഗത്തെ ചെറുക്കാനുള്ള നിര്‍ദേശങ്ങളും ചികിത്സക്കെത്തുന്നവര്‍ക്ക് നല്‍കുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ മാതൃ-ശിശു മരണനിരക്ക് ഒറ്റസംഖ്യയിലേക്കെത്തിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഐ.എം.എയുടെ കീഴിലുള്ള 103 ബ്രാഞ്ചുകളിലെ 35000 ഡോക്ടര്‍മാര്‍ പദ്ധതിയില്‍ പങ്കാളികളാവും. കേരളത്തിലെ ശിശുമരണം, മാതൃ മരണം കുട്ടികളിലെ പോഷകാഹാരക്കുറവ് എന്നിവയുടെ നിരക്കുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് കുറച്ചു കൊണ്ടുവരാനാകുമെന്ന് യുനിസെഫ് കേരള-തമിഴ്‌നാട് വിഭാഗം മേധാവി ജോബ് സഖറിയ പറഞ്ഞു. ഗര്‍ഭിണികള്‍ക്ക് അയണ്‍ ടാബ്‌ലറ്റ് എഴുതുന്നതിനൊപ്പം ഇരുമ്പ് ധാരാളമായുള്ള ഇലക്കറികളും പയറുവര്‍ഗങ്ങളും കഴിക്കുക, ആദ്യവര്‍ഷം കുഞ്ഞിന് അഞ്ച് പ്രതിരോധ കുത്തിവെപ്പ് നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മരുന്നുകുറിപ്പില്‍ ഉള്‍പ്പെടുത്തും. ഇതോടൊപ്പം മുലയൂട്ടലിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന സന്ദേശങ്ങളും ഉള്‍പ്പെടുത്തും. ജനങ്ങളില്‍ ആരോഗ്യപരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡോക്ടര്‍മാര്‍ ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഐ.എം.എ പൊതുജനാരോഗ്യ സമിതി അധ്യക്ഷ ഡോ. ബീന, യൂനിസെഫ് കമ്മ്യൂനിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് സുഗത റോയി, യുനിസെഫ് കണ്‍സല്‍ട്ടന്റുമാരായ ഡോ. അയ്യര്‍, ഡോ. ശ്രീഹരി, ബേബി അരുണ്‍ തുടങ്ങിയവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *