അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരായ ബി.ജെ.പി എംപി സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണങ്ങള്‍ തള്ളി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരായ ബി.ജെ.പി എംപി സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണങ്ങള്‍ തള്ളി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സാമ്പത്തിക ഉപദേഷ്ടാവില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്നു ധനമന്ത്രി വ്യക്തമാക്കി.  അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ ഉപദേശങ്ങള്‍ വിലപ്പെട്ടതാണ്. സ്വാമിയുടെ കാഴ്ചപ്പാടുകളോട് യോജിക്കുന്നില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് അരവിന്ദ് സുബ്രഹ്മണ്യനെ ഉടന്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തിയിരുന്നു. ചരക്ക് സേവന നികുതിയിലിടക്കം മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസിനെ പ്രോത്സാഹിപ്പിക്കുന്നത് അരവിന്ദ് സുബ്രഹ്മണ്യമാണെന്ന് സുബ്രഹ്മണ്യ സ്വാമി പറഞ്ഞു. ഇന്ത്യയുടെ താല്‍പര്യത്തിനെതിരായാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും സ്വാമി ആവശ്യപ്പെട്ടു.

സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങും രംഗത്തെത്തിയിരുന്നു. മോദി സര്‍ക്കാര്‍ ധനകാര്യമന്ത്രാലയം സുബ്രഹ്മണ്യന്‍ സ്വാമിക്ക് കൈമാറിയോയെന്ന് അദ്ദേഹം ചോദിച്ചിരുന്നു.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്വാമിയുടെ പുതിയ നീക്കം. സ്വാമിയുടെ ആരോപണത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനില്ലെന്ന് രഘുറാം രാജന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *