ആശ്രിതര്‍ക്ക് സമ്മാനം കിട്ടുന്ന കാലത്ത് നിങ്ങളാരാകും-എഡിറ്റോറിയൽ ടീം

നിങ്ങള്‍ക്കു മുന്നില്‍ ഇപ്പോള്‍ ഒരു ചോയ്‌സ് വയ്ക്കുകയാണ്. ഒന്നുകില്‍ സുരേഷ് ഗോപി ആവുക, അല്ലെങ്കില്‍ റിമ കല്ലിങ്കല്‍. ഏതായിരിക്കും നിങ്ങള്‍ തെരഞ്ഞെടുക്കുക? സുരേഷ് ഗോപി ആവുകയാണെങ്കില്‍ സ്ഥാനമാനങ്ങള്‍ സമ്മാനമായി കിട്ടുന്നു, റിമ കല്ലിങ്കല്‍ ആവുകയാണെങ്കില്‍ നിങ്ങള്‍ ഏറ്റവും മോശമായി ചിത്രീകരിക്കപ്പെടും. ഏതായിരിക്കും നിങ്ങള്‍ തെരഞ്ഞെടുക്കുക?

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സൈബര്‍ ലോകത്തും പുറത്തും നടക്കുന്ന ചര്‍ച്ചകളാണ് ഈ നിരീക്ഷണത്തിന് ആധാരം. കേരളത്തില്‍ നിന്നും ബിജെപിക്ക് ആദ്യമായൊരു രാജ്യസഭ എം പി എന്ന നിലയിലാണ് സുരേഷ് ഗോപിയുടെ സ്ഥാനലബ്ധിയെ ഒരു വിഭാഗം (മാധ്യമങ്ങള്‍ ഉള്‍പ്പെടെ) ആഘോഷിക്കുന്നത്. എന്നാല്‍ തന്റെ രാജ്യസഭ അംഗത്വം രാഷ്ട്രീയപരമല്ലെന്നും കേരളത്തിനു കിട്ടിയ സമ്മാനമായി കരുതണമെന്നും സുരേഷ് ഗോപി പറയുന്നു. ഔദ്യോഗിക വിശദീകരണമനുസരിച്ച് രാജ്യസഭയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന കലാകാരന്മാരുടെ പട്ടികയിലാണ് സുരേഷ് ഗോപി ഉള്‍പ്പെട്ടിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ സുരേഷ് ഗോപി ബിജെപി എം പി ആകുന്നതെങ്ങനെ? പക്ഷേ സുരേഷ് തങ്ങളുടെ എം പിയാണെന്ന് കേരളത്തിലെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും വിളിച്ചു പറയുന്നു. അങ്ങനെ വരികയാണെങ്കില്‍ സുരേഷ് പറഞ്ഞ സമ്മാനം എന്ന പ്രയോഗത്തിന് വേറെ ചില അര്‍ത്ഥങ്ങള്‍ കാണേണ്ടി വരും. പ്രധാനമന്ത്രിയുടെ സമ്മാനമാണ് തന്റെ എം പി സ്ഥാനമെന്നു സുരേഷും പറയുന്നിടത്ത് ആ സമ്മാനം കിട്ടിയത് തീര്‍ച്ചയായും രാഷ്ട്രീയപരം തന്നെയാണ്. ഇത്രയും നാള്‍( ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുപിന്നാലെ) സുരേഷ് പുലര്‍ത്തി വരുന്ന ബിജെപി-മോദി ഭക്തിക്കുള്ള സമ്മാനം.

അതെന്തുമാകട്ടെ, രാഷ്ട്രീയപരമായി ഓരോ ആശയത്തോടും ചേര്‍ന്നു നില്‍ക്കാന്‍ കലാകാരന്മാര്‍ക്കുള്ളപ്പെടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. സുരേഷും ആ സ്വാതന്ത്ര്യം ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍ സുരേഷ് ഗോപി ഉപയോഗിച്ച അതേ സ്വാതന്ത്ര്യം റിമ കല്ലിങ്കല്‍ ഉപയോഗിക്കുമ്പോള്‍ എന്തുകൊണ്ട് അവര്‍ വേശ്യയും മതവിരുദ്ധയും ആകുന്നു? സുരേഷ് ഗോപി പിന്തുടരുന്ന രാഷ്ട്രീയം തികച്ചും ഒരു പ്രത്യേക മതത്തെ പിന്തുണയ്ക്കുന്നതും മതേതരത്വത്തില്‍ നിന്നും അകന്നു നില്‍ക്കുന്നതുമാണ്. എന്നാല്‍ റിമ ഒരു സ്വതന്ത്ര സാമൂഹിക വ്യക്തിത്വമായി നിന്നുകൊണ്ട് തന്റെ ചുറ്റുപാടുകളെ നിരീക്ഷണ വിമര്‍ശനങ്ങള്‍ക്കു വിധേയമാക്കുകയാണ്. ഒരേ സ്വാതന്ത്ര്യം ഉപയോഗിക്കുന്നവരില്‍ സുരേഷ് ഗോപി ആഘോഷിക്കപ്പെടുകയും റിമ അവഹേളിക്കപ്പെടുകയും ചെയ്യുന്നതിലെ വൈരുദ്ധ്യമാണ് സങ്കടപ്പെടുത്തുന്നത്.

താന്‍ പ്രകൃതി സ്‌നേഹിയാണെന്നും പ്രകൃതിക്കുവേണ്ടി വളരെക്കാലം മുന്‍പേ രംഗത്തുവന്നൊരാളാണെന്നും സുരേഷ് പറയുന്നുണ്ട്. ആ പറയുന്നതില്‍ സത്യമുണ്ടെങ്കില്‍ ക്ഷേത്രങ്ങളിലെ അനയെഴുന്നള്ളിപ്പിനെതിരെ വിമര്‍ശനവുമായി രംഗത്തുവരേണ്ട ആദ്യത്തെയാള്‍ സുരേഷ് ആയിരുന്നു. സഹ്യന്റെ മകന്‍ എന്നാണ് മലയാളി ആനയെ വിശേഷിപ്പിക്കുന്നത്. അത്രത്തോളം നാം സ്‌നേഹിക്കുകയും സ്ഥാനം കൊടുക്കുകയും ചെയ്യുന്ന ഒരു മൃഗത്തെ കൊടുംക്രൂരതയ്ക്ക് വിധേയരാക്കുന്ന മനുഷ്യരോട് ക്ഷോഭത്തോടെ സംസാരിക്കാന്‍ എന്തുകൊണ്ട് സുരേഷ് തയ്യാറായില്ല. ആ തയ്യാറാകായ്മയാണ് സുരേഷിലെ ഹിന്ദുത്വവാദിയെ വെളിച്ചത്തു കൊണ്ടുവരുന്നത്. സുരേഷ് പൂര്‍ണമായൊരു ബിജെപിക്കാരന്‍ മാത്രമായിരിക്കുന്നു. അദ്ദേഹം ഇപ്പോള്‍ സംസാരിക്കുന്നത് പൂര്‍ണമായ രാഷ്ട്രീയവും പ്രവര്‍ത്തിക്കുന്നത് ആ രാഷ്ട്രീയത്തിന്റെ നിലപാടുകളുമാണ്. അതേസമയം റിമ പറയുന്നത് ആനകളോടുള്ള മനുഷ്യന്റെ ക്രൂരതയെക്കുറിച്ചാണ്. അവര്‍ ഡിസൈന്‍ ചെയ്തതല്ലാത്ത ഒരു എഫ് ബി പോസ്റ്റ് ഷെയര്‍ ചെയ്യുക വഴി തന്റെ നിലപാട് റിമ വ്യക്തമാക്കിയിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ അതിനു പിന്നാലെ റിമയെ തേടിയെത്തിയ തെറിവിളികള്‍ എത്ര സംസ്‌കാരശൂന്യമാണ്.

ഇവിടെയാണ് ആദ്യം പറഞ്ഞ ചോയ്‌സ് മുന്നില്‍ വയ്ക്കുന്നത്. നിങ്ങള്‍ ഹൈന്ദവ വിരുദ്ധനാണെങ്കില്‍ എത്രമോശമായ ഭാഷ പറഞ്ഞും അപമാനിക്കപ്പെടും. ഒരുപക്ഷേ നടന്നുപോകുമ്പോള്‍ അല്ലെങ്കില്‍ വീട്ടില്‍ കയറിവന്ന് നിങ്ങളെ കൊലപ്പെടുത്തിയെന്നിരിക്കും. നിങ്ങള്‍ ഹൈന്ദവതയെ പിന്‍താങ്ങുകയാണെങ്കില്‍ രാജ്യത്തെ പരമോന്നത സ്ഥാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം കിട്ടുന്നു. ശ്രീശാന്തിനെ പോലുള്ളളവര്‍ ഇവിടെ ബുദ്ധിപൂര്‍വമായി കളിക്കുന്നു. ഒരുകാലത്ത് ശ്രീശാന്തിനെ ഏറ്റവും അധികം അധിക്ഷേപിച്ചവര്‍ ഇവിടുത്തെ ‘ രാജ്യസ്‌നേഹികള്‍’ തന്നെയായിരുന്നു. അവര്‍ക്കിപ്പോള്‍ ശ്രീശാന്ത് മഹാനായിരിക്കുന്നുവെങ്കില്‍ ശ്രീശാന്ത് ബുദ്ധിപൂര്‍വമായ തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ടാണ്. കേരള നിമയമസഭയില്‍ ഒരംഗം ആവുക എന്നതല്ല അയാളുടെ ലക്ഷ്യം, തനിക്കുമേലുള്ള നിരോധനം ബിസിസിഐയില്‍ നീക്കിയെടുക്കുകയാണ്. കോടതി പറഞ്ഞിട്ടുപോലും ശ്രീശാന്തിന്റെ പേരിലുള്ള വിലക്ക് നീക്കാന്‍ തയ്യാറാകാത്തവരാണ് ബിസിസിഐ. ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ശ്രീശാന്ത് ഇനി ഇന്ത്യക്കായി കളിക്കില്ലെന്ന് പരോക്ഷമായി പ്രസ്താവന നടത്തിയതാണ്, ഇപ്പോള്‍ അതേ ക്രിക്കറ്റ് ബോര്‍ഡും അതിന്റെ സെക്രട്ടറിയും ശ്രീശാന്തിന് അനുകൂലമായി രംഗത്തു വരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് വിജയമല്ല ശ്രീശാന്തിന്റെ ലക്ഷ്യം, ബിജെപിയുടെ ആവശ്യം അംഗീകരിക്കുക വഴി( മോദി-ഷാ കൂട്ടുകെട്ടിന്റെ) അവരുടെ ആശ്രിതത്വം സ്വന്തമാക്കി തന്റെ കരിയറിന്റെ മേലുണ്ടായിരുന്ന കുരുക്കുകള്‍ അഴിച്ചെടുക്കണം. അതയാള്‍ക്ക് സാധിക്കും, സുരേഷ് ഗോപി എം പി ആയതുപോലെ.

ഇവിടെ യഥാര്‍ത്ഥത്തില്‍ വിജയം ശ്രീശാന്തിനോ സുരേഷ് ഗോപിക്കോ മാത്രമല്ല, ബിജെപി എന്ന രാഷ്ട്രീയപ്പാര്‍ട്ടിക്കാണ്. അവര്‍ക്ക് ഇതുവരെ വേരുപിടിക്കാത്ത കേരളത്തില്‍ സുരേഷ് ഗോപിയേയും ശ്രീശാന്തിനെയും പോലുള്ള താരബിബംബങ്ങള്‍ ആവശ്യമാണ്. ഇതുവരെ ഇവിടെ എടുത്തുകാണിക്കാന്‍ ജനപിന്തുണയോ ആരാധനയോ ഉള്ള ഒരു വ്യക്തിത്വവും കേരളത്തില്‍ അവര്‍ക്കുണ്ടായിരുന്നില്ല. ആളെ കൂട്ടാന്‍ കഴിവുള്ള ഒരു നേതാവ് ഇല്ലായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ആരെങ്കിലും വരുമ്പോള്‍ അല്ലാതെ ഇവിടെ വലിയ ആള്‍ക്കൂട്ടമൊന്നും ബിജെപി യോഗങ്ങളിലോ പ്രകടനങ്ങളിലോ ഉണ്ടാകില്ല. അതൊന്നു മാറ്റാനും തങ്ങള്‍ക്കൊപ്പം ആളെ കൂട്ടാനറിയാവുന്നവര്‍ ഉണ്ടെന്നു കാണിക്കുവാനുമാണ് സുരേഷ് ഗോപിയെ പോലുള്ളവരെ വശത്താക്കിയിരിക്കുന്നത്.

ഇനി റിമയുടെ കാര്യമെടുക്കാം. എന്താണവര്‍ ചെയ്ത തെറ്റ്. ഒരു പൊതുവികാരത്തിന്റെ പ്രതിഫലനമായൊരു എഫ് ബി പോസ്റ്റ് ഷെയര്‍ ചെയ്ത് അവരുടെ മാത്രമായ, ബോധപൂര്‍വമായ മതിവികാരം വൃണപ്പെടുത്താനുള്ള കുബുദ്ധിയാണെന്നു വ്യാഖാനിച്ച് അവരെ ഒരു സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെ ആക്ഷേപിക്കുന്നവരെ ഏതുവിധത്തിലാണ് മനുഷ്യനെന്നു വിളിക്കുക? ഇത്രയ്ക്ക് അസഹിഷ്ണുതയോ! ആനയെ പറഞ്ഞാല്‍ ഹിന്ദിത്വവിരുദ്ധമാകാന്‍ ആരാണ് ആനയെ ഹിന്ദുവിന്റെ മാത്രം മൃഗമാക്കിയത്? പുരാണങ്ങളില്‍ ആനകള്‍ അസുരന്മാരുടെ വാഹനമായാണ് പൊതുവെ ചിത്രീകരിച്ചിരിക്കുന്നത്. പിന്നീടതെപ്പോഴാണ് ദേവപ്രതിനിധിയായത്. മനുഷ്യന്റെ മിഥ്യാബോധത്തില്‍ നിന്ന്. ആനയുടെ മുകളില്‍ ഇരുന്നാല്‍ ആനയെക്കാള്‍ വലുതാകുമെന്ന മിഥ്യാബോധം. അതാണവന്‍ അവന്റെ ദൈവത്തെ ഇരുത്താന്‍ ആനയെ തന്നെ തെരഞ്ഞെടുക്കാന്‍ കാരണം. ദൈവത്തെ കീഴടക്കാനായവന് ആനയെ കീഴടക്കാന്‍ വലിയ പ്രയാസമൊന്നും ഉണ്ടായില്ല. പക്ഷേ അതൊരു അവകാശലംഘനമല്ലേ, ജീവിക്കാനുള്ള ഒരു മൃഗത്തിന്റെ അവകാശമല്ലേ ഇവിടെ മനുഷ്യന്റെ മിഥ്യാബോധം ഇല്ലാതാക്കുന്നത്. ഈ നെറികേടിനെ ചോദ്യം ചെയ്താല്‍ എങ്ങനെയാണ് മതവിരോധിയാകുന്നത്? മതം ഒരു അധോലോകസംവിധാനത്തിലാണോ പ്രവര്‍ത്തിക്കുന്നത്?

അതെ, ഇവിടെയുള്ള എല്ലാ മതങ്ങളും ഓരോ അധോലോക സംഘങ്ങള്‍ തന്നെയാണ്. അതിനൊരു നേതാവ് ഉണ്ടാകും. നേതാവിനെ അനുസരിക്കുന്ന അന്ധരായ അനുയായികളും. ആരൊരാള്‍ ആ സംവിധാനത്തെ വിമര്‍ശിക്കുന്നവോ അവര്‍ക്കെതിരെ അന്ധര്‍ പടയ്‌ക്കൊരുങ്ങും. ആരൊരാള്‍ അവരെ പുകഴ്ത്തുന്നോ അവര്‍ക്ക് താലങ്ങളില്‍ സമ്മാനങ്ങള്‍ ലഭിക്കുന്നു. സമ്മാനങ്ങള്‍ ആഗ്രഹിക്കുന്നവരാണ് അധികവും. ഇപ്പോള്‍ കിട്ടിയവരോട് കൊതിക്കെറുവുള്ളവര്‍ നേതാവിനെ പ്രീണിപ്പിക്കാന്‍ വരിവരിയായി നില്‍ക്കുന്നുണ്ട്.

പക്ഷേ അതുകൊണ്ട് തങ്ങളുടെ സാമ്രാജ്യം വളരുമെന്ന് അവര്‍ ധരിക്കരുത്. നിങ്ങള്‍ പരസ്യവിചാരണയ്ക്ക് വിധിച്ചവരുടെ അനുകൂലികളാണ് കൂടുതല്‍… അവരെ എല്ലാവരെയും നിശബ്ദരാക്കാന്‍ നിങ്ങളുടെ പക്കലുള്ള വിഷപാത്രങ്ങളും മരക്കുരിശുകളും മതിയാകില്ല…

Leave a Reply

Your email address will not be published. Required fields are marked *