കശ്മീര്‍ പ്രധാനമെന്ന് പാകിസ്താന്‍, ഭീകരവാദത്തെ നിഷേധിക്കാനാകില്ലെന്ന് ഇന്ത്യ

ഇന്ത്യാ-പാക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ നടന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായതിനെ തുടര്‍ന്ന് സമാധാന ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കുയായിരുന്നു. ഭീകരതയെ നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചര്‍ച്ചയില്‍ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. മുംബയ് ഭീകരാക്രമണം, പത്താന്‍കോട്ട് ആക്രമണം എന്നീ കേസുകളില്‍ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദിന സന്ദര്‍ശനത്തിന് ദല്‍ഹിയിലെത്തിയ പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരിയും ഇന്ത്യയുടെ സെക്രട്ടറി എസ് ജയശങ്കറും തമ്മിലാണ് ചര്‍ച്ച നടന്നത്.

ഭീകര പ്രവര്‍ത്തനം ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ജയശങ്കര്‍ വ്യക്തമായി പാകിസ്താനെ അറിയിച്ചു. കശ്മീര്‍ വിഷയം പാകിസ്താന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. എന്നാല്‍ ബലൂചിസ്താനിലെ ഭീകരവാദത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തെ ജയശങ്കര്‍ നിഷേധിച്ചു.

ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ അറസ്റ്റ് ചെയ്ത മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ യാദവിന് നിയമസഹായം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഒരു രാജ്യവും സ്വന്തം പാസ്‌പോര്‍ട്ടും നല്‍കി ചാരനെ അയക്കില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.

കശ്മീര്‍ പ്രധാന വിഷയമാണെന്ന് ആവര്‍ത്തിച്ച പാകിസ്താനാകട്ടെ സംജോത എക്‌സ്പ്രസ് സ്‌ഫോടന കേസ് അന്വേഷണവും ചര്‍ച്ചയിലുയര്‍ത്തി. പ്രധാന പ്രതിയെ ജാമ്യത്തില്‍ വിട്ടത് ആശങ്കയുളവാക്കുന്നുവെന്ന് പാകിസ്താന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *