പ്രകൃതിസംരക്ഷണത്തിന്റെ പുത്തന്‍ പാഠങ്ങളൊരുക്കി കുഫോസ് വിദ്യാര്‍ഥികള്‍

കൊച്ചി: കടുത്ത വേനല്‍ചൂടില്‍ സൂര്യാഘാതവും വരള്‍ച്ചയും ചര്‍ച്ചയാകുമ്പോള്‍, പ്രകൃതിസംരക്ഷണത്തിന്റെ പുത്തന്‍ പാഠങ്ങളൊരുക്കി മാതൃകയാകുകയാണ് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) വിദ്യാര്‍ഥികള്‍. പ്രകൃതിയുടെ മനോഹാരിത പ്രതിഫലിക്കുന്ന ദൃശ്യങ്ങളുടെ ഫ്രെയിമുകളൊരുക്കിയാണ് കുഫോസിലെ വിദ്യാര്‍ഥി യൂനിയന്‍ കാംപസില്‍ പരിസ്ഥിതി സംരക്ഷണ പാഠം ഒരുക്കിയത്. പൊള്ളുന്ന വേനല്‍ ചൂടില്‍ നിന്ന് ഭാവിയിലെങ്കിലും മോചനം വേണമെന്ന വിചാരമാണ് പഠനചൂടിന്റെ തിരക്കിലും പ്രകൃതി സംരക്ഷണ ബോധവല്‍ക്കരണത്തിന് വേറിട്ട മാതൃകയുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. പ്രകൃതിയുടെ സൗന്ദര്യവും ചുറ്റുവട്ടങ്ങളിലെ പരിസ്ഥിതി നശീകരണ ദൃശ്യങ്ങളും തങ്ങളുടെ ക്യാമറകളില്‍ പകര്‍ത്തി കാംപസില്‍ പ്രദര്‍ശിപ്പിച്ച് ‘ചൂടിനെ തടുക്കാന്‍ പ്രകൃതിയിലേക്ക് മടങ്ങുക’ എന്ന ബോധവല്‍ക്കരണ കാംപെയിന്‍ വിദ്യാര്‍ഥികള്‍ ഗംഭീരമാക്കി. സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന് കീഴിലെ നേച്ചര്‍ ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ചിത്രപ്രദര്‍ശനം.

പ്രകൃതിയിലെ ചെറുകണികയില്‍ പോലും ഒളിഞ്ഞിരിക്കുന്ന മനോഹാരിത വെളിപ്പെടുത്തുന്നതായിരുന്നു വിദ്യാര്‍ഥികള്‍ എടുത്ത ഓരോ ചിത്രങ്ങളും. ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന പ്രകൃതിസമ്പത്തിന്റെ നേര്‍ക്കാഴ്ചകളും പ്രദര്‍ശനത്തില്‍ സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിച്ചു. മുറിച്ചു മാറ്റിയ മരങ്ങളുടെ ചിത്രങ്ങള്‍ പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ കൈക്കടത്തലുകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.
കുഫോസിലെ വിദ്യാര്‍ഥികള്‍ പകര്‍ത്തിയ പ്രകൃതി ദൃശ്യങ്ങള്‍ കാഴ്ചക്കാരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നതാണെന്ന് നേച്ചര്‍ ക്ലബ്ബ് ഉദ്ഘാടനം ചെയ്ത പ്രമുഖ പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ബേസില്‍ പീറ്റര്‍ പറഞ്ഞു. പരിസ്ഥിതിയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന ഫ്രെയിമുകള്‍ ഒരുക്കുന്നതില്‍ വിദ്യാര്‍ഥികള്‍ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രജിസ്ട്രാര്‍ ഡോ.വി.എം വിക്ടര്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് പേട്രണ്‍ ഡോ.എം.കെ സജീവന്‍, അമൃത ടി ശാരംഗന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *