വാഹന മോഷണം പ്രതി രക്ഷപ്പെട്ടു ,കുട്ടിയെ സുരക്ഷിതമായി രക്ഷിച്ചു

ടൊറന്റോ: മോഷണം പോയ കാറിനുളളിലുണ്ടായിരുന്ന മൂന്ന് മാസം പ്രായമുളള കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തിയതായി പൊലീസ്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അമ്പര്‍ അലര്‍ട്ടിലൂടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ദക്ഷിണ പശ്ചിമ ടൊറന്റോയിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ് കാര്‍ മോഷണം പോയത്. തുടര്‍ന്നാണ് കാറിനും കാറിനുളളിലുണ്ടായിരുന്ന കുഞ്ഞിനും വേണ്ടി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിനെയും കാറിനെയും നഗരത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് കണ്ടെത്തി. കുഞ്ഞിനെ തിരിച്ച് കിട്ടിയതിന്റെ സന്തോഷം അമ്മ മറച്ച് വയ്ക്കുന്നില്ല. തന്റെ കുഞ്ഞിന് ഒന്നും സംഭവിക്കില്ലെന്ന് തനിക്കറിയാമായിരുന്നു എന്നായിരുന്നു അവരുടെ പ്രതികരണം. ടൊറന്റോ പൊലീസ് നല്‍കിയ സഹായത്തിന് അവര്‍ നന്ദിയും പറഞ്ഞു. കുഞ്ഞിന്റെ അച്ഛന്‍ കാര്‍ ഒരു കടയുടെ പുറത്ത് പാര്‍ക്ക് ചെയ്തശേഷം ചന്തയില്‍ സാധനങ്ങള്‍ വാങ്ങാനായി

പോയിരിക്കുമ്പോഴാണ് കാര്‍ മോഷ്ടിക്കപ്പെട്ടത്. കുഞ്ഞിനെ കാറിന്റെ പിന്‍സീറ്റില്‍ കിടത്തിയാണ് അദ്ദേഹം പോയത്. കടയിൽ നിന്ന് പുറത്ത് വരുമ്പോള്‍ കാര്‍ വിട്ട് പോകുന്നതാണ് കണ്ടത്. പിന്നാലെ പാഞ്ഞെങ്കിലും പിടികൂടാനായില്ല. ആംമ്പര്‍ അലര്‍ട്ടിനോട് ജനങ്ങള്‍ വളരെ നന്നായി പ്രതികരിച്ചു എന്ന് പൊലീസ് പറഞ്ഞു. അതേസമയം കാര്‍ മോഷ്ടാക്കളെ ഇനിയും പിടകൂടാനായിട്ടില്ല. എങ്കിലും നാല്‍പ്പതിനും നാല്‍പ്പത്തഞ്ചിനും ഇടയില്‍ പ്രായമുളള ഒരു വെളളക്കാരനാണ് കാര്‍ മോഷ്ടിച്ചതെന്ന സൂചന ലഭിച്ചിട്ടുണ്ട്. അഞ്ചടി പതിനൊന്ന് ഇഞ്ച് പൊക്കമുണ്ടെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാര്‍മോഷണത്തിന് പിന്നിലെ ഉദ്ദേശമെന്താണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കാറിനുളളില്‍ ഒരു കുഞ്ഞുണ്ടായിരുന്നുവെന്ന കാര്യം മോഷ്ടാവ് മനസിലാക്കിയിരുന്നോ എന്നും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

ടൊറന്റോ ,ബ്രാമ്പ്ടൻ മേഘലകളിൽ വാഹന മോഷണം ഇതിനു മുന്പും റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *