സരിതയെ ഫെമിനിസ്റ്റ് ആക്കുന്നവരോട്-വി കെ അജിത്‌ കുമാര്‍ എഴുതുന്നു .

എന്തര്‍ത്ഥത്തിലാണ് സരിത എസ് നായര്‍ കേരളത്തിലെ പുതിയ സ്ത്രീശക്തിയുടെ ലക്ഷണയുക്തമായ പ്രതിരൂപമായി നില്‍ക്കുന്നതെന്ന് യവന നാടകസങ്കല്പങ്ങളെയും പുരാതന മിത്തുകളെയും അടിസ്ഥാനപ്പെടുത്തി എസ് ശാരദക്കുട്ടി വളരെ വ്യക്തമായി വരച്ചിടുന്നു. ‘പൊരിവെയിലത്തൊരു പൂത്തുമ്പി’യെന്ന പേരു നല്‍കി മലയാളം വാരികയുടെ മുന്ന് നാലു പേജുകള്‍ അവര്‍ സരിതയ്ക്കുവേണ്ടി അപഹരിക്കുന്നു. സരിതയെന്ന സ്ത്രീ അവരുടെ പ്രതിരോധങ്ങളിലൂടെ ഉയര്‍ത്തിയ, വെല്ലുവിളികള്‍ എന്ന പേരില്‍ അവര്‍  നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന ബ്ലാക്ക്മെയില്‍ പോളിറ്റിക്സിനെയും കോടതി യാത്രകളെയും പുതിയ പെണ്‍ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് ഇവിടെ നിരത്തിവയ്ക്കുന്നു.

കേരള രാഷ്ട്രീയത്തിലെയും മലയാള വാര്‍ത്താ മാധ്യമങ്ങളിലെയും മസാല സാന്നിധ്യമായി മാറിയ ഒരു സ്ത്രീയും അവര്‍ കയറിയിറങ്ങുന്ന കോടതി കാഴ്ചകളും ഇത്രയേറെ മഹത്വവല്‍ക്കരിച്ചെഴുതുന്നതിനു പിന്നിലും സരിതയുടെ വാണിജ്യമൂല്യം തന്നെയാണെന്ന് ശാരദക്കുട്ടിയെപ്പോലുള്ളവര്‍ക്ക് നന്നായറിയാം. അവര്‍ കേരളം കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റാണെന്നും ഈ ലേഖനത്തില്‍ എഴുതി ചേര്‍ക്കുമ്പോള്‍, കുറേ നാളുകള്‍ക്ക് മുന്‍പ് മൂകാംബികക്ഷേത്ര പരിസരത്ത് സരിത എസ് നായരുടെ ഓട്ടോഗ്രാഫിനായി ഓടിയടുത്തവരില്‍ ബഹുമാനിതയായ എഴുത്തുകാരി, നിങ്ങളും ഉണ്ടായിരുന്നുവോ?

ശാരദക്കുട്ടി സൂചിപ്പിക്കുന്ന പോലെ വളരെ മിടുക്കിയായ ഒരു പെണ്ണ് സ്വന്തം നിലയിലൊരു വ്യവസായ സംരംഭത്തിനിറങ്ങുകയും അതിനായി ഏതറ്റം വരെ പോകാന്‍ തയ്യാറാവുകയും ചെയ്തത് കഥയുടെ ഒരു വശം. അധികാരങ്ങളിലെ പുരുഷസാന്നിധ്യം അവരെ ചൂഷണം ചെയ്തുവെന്ന് അവര്‍ വിലപിക്കുന്ന ആ കാലം അവര്‍ സ്വയം ഒരു വിഭവമായി മാറുകയായിരുന്നുവെന്നത് മറച്ചു വച്ചിട്ട് കാര്യമില്ല. പിന്നെ എല്ലാം കൈവിട്ടുപോയ രണ്ടാംഘട്ടം ഇവിടെയാണ് തുടങ്ങുന്നത്- അല്ലെങ്കില്‍ പൂത്തുമ്പിയുടെ ഫെമിനിസ്റ്റ് കാഴ്ചപ്പാട് ഇവിടെയാണ് ആരംഭിക്കുന്നത്. ഒരുപക്ഷെ സരിത എസ് നായര്‍ ഒരു വലിയ വ്യവസായിയായി മാറിയിരുന്നുവെങ്കില്‍ കേരളത്തിനു ഒരു വലിയ ഫെമിനിസ്റ്റിനെ ലഭിക്കാതെ പോകുമായിരുന്നു! അല്ലെങ്കില്‍ മാനനഷ്ടത്തിനുപരി ധനനഷ്ടം എങ്ങനെ ഒരു ഫെമിനിസ്റ്റിനെ രൂപപ്പെടുത്തുന്നുവെന്നും തിരുത്തി വായിക്കാം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂര്യനെല്ലിയെന്ന മലയോരഗ്രാമത്തില്‍ നിന്നും ഒരു പെണ്‍കുട്ടി കോടതി വരാന്തകളില്‍ മുഖം മറച്ചെത്തിയത് ധനത്തിനുപരി മാനം എന്ന വികാരം മുന്‍പി‌ല്‍ നിന്നതുകൊണ്ടായിരുന്നു. അത്തരം ‘പൊള്ളയായ ധാരണകളെ’ പൊളിച്ചടുക്കുന്നതാണ് പുതിയ സരിതയെന്നു പറയുമ്പോള്‍ ഒരു ഇരയും ക്രിമിനലുംഎങ്ങനെ ഒരേ സമുഹത്തില്‍ പ്രത്യക്ഷമാകും എന്നു മാത്രം ചിന്തിച്ചാല്‍ മതിയാകും. എല്ലാം നഷ്‌ടമായ ഒരു ഇരയുടെ അവസാന അത്താണിയായ ഒരു തുണിക്കഷണം കൊണ്ട് മുഖം മറച്ചുപോയ സുര്യനെല്ലിയിലെ പെണ്‍കുട്ടിയെ കാണുമ്പൊള്‍ സ്വയം സെലിബ്രിറ്റിയായി തലയുയര്‍ത്തി നടക്കുന്ന സരിത വെളിപ്പെടുത്തുന്നത് ഫെമിനിസ്റ്റ് മുഖമല്ല; അത് എല്ലാം തികഞ്ഞ ഒരു ക്രിമിനലിന്റെ, ആകെ നനഞ്ഞു എന്നാല്‍ കുളിച്ചു കയറാം എന്ന ഭാവം മാത്രമാണ്.

ദയവായി തരതമ്യപ്പെടുത്തരുത്. അതുതന്നെ പാപമാണ്. രാജസ്ഥാനിലെ ആദിവാസികള്‍ക്കിടയില്‍ അവരെപ്പോലെ ജിവിക്കുന്ന ദയാഭായിയുമായി; വയനാട്ടില്‍ ജിവിക്കുന്ന ‘ഫാസിസ്റ്റാ’യ ജാനുവുമായി… തിരുവനന്തപുരത്തു ഈ പൂത്തുമ്പി കയറിയിറങ്ങി നടന്ന സെക്രട്ടറിയറ്റിനടുത്ത് ജീവിക്കുന്ന അശ്വതിയെന്ന പെണ്കുട്ടിയുമായി… സദാചാരവാദികളാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന റിമ കല്ലിംഗലുമായി പോലും. ഇവരെയൊന്നും ദയവായി ഫെമിനിസ്റ്റ് ലിസ്റ്റില്‍ പെടുത്തരുത്. കാരണം അവരൊന്നും പോലീസ് അകമ്പടിയോടെ കോടതിയും പോലീസ് സ്റ്റേഷനും കയറിയിറങ്ങുന്നില്ല.

ലൈംഗികതയിലും അര്‍ബന്‍ ജീവിതത്തിലും മാത്രം ഉടക്കിക്കിടക്കുന്ന പുതിയ ഫെമിനിസ്റ്റ്, കീഴാള കാഴ്ചപ്പാടുകള്‍ ഒരുതരം പ്രത്യേക ജനുസില്‍പ്പെടുന്ന പുതുബുദ്ധിജീവികളാല്‍ നയിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ ജീവിതങ്ങള്‍ ഇപ്പോഴും ആരും കാണാതെയും മനസിലാക്കാതെയും പോകുന്നു. അതിന്റെെ പ്രതിഫലനങ്ങളാണ് ഇത്തരം ലേഖനങ്ങള്‍. സ്ത്രീ വിശുദ്ധിയുടെയും സത്യസന്ധതയുടെയും പ്രതീകമാകണം എന്ന പഴയ വ്യാഖ്യാനങ്ങളും സ്മൃതികളും നമ്മള്‍ തിരസ്കരിക്കുവാന്‍ ശീലിക്കുമ്പോള്‍ തന്നെ മറ്റൊരുതരത്തിലുള്ള സ്ത്രീ, ദളിത്‌, കീഴാള കാഴ്ചപ്പാടുകള്‍ കൂടി രൂപപ്പെടുന്നു. നഗരകേന്ദ്രീകൃതമായ ഇത്തരം രാഷ്ട്രീയ വിക്ഷണങ്ങളാണിന്ന് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സരിതയിലെ സ്ത്രീ അനുഭവിക്കുന്ന, അനുഭവിച്ച, ലൈംഗിക മുതലെടുപ്പുകളും അവര്‍ ഇപ്പോള്‍ നടത്തുന്ന പ്രതിരോധങ്ങളും പൂത്തുമ്പിയെന്നൊക്കെയുള്ള  ടൈറ്റിലില്‍ നല്‍കുമ്പോഴും ഇത് തന്നെ വായിക്കാം. അടിസ്ഥാനപരമായ പല ചിന്തകളില്‍ നിന്നും മലയാളിയെ ഇത്തരത്തിലുള്ള അര്‍ബന്‍ ബുദ്ധിജീവികള്‍ ഹൈജാക്ക് ചെയ്യുന്നു. നമ്മുടെ പ്രവര്‍ത്തികളും വാദഗതികളും അങ്ങനെ ഉപരിപ്ലവമായി മാറുന്നു. ഒരു സമൂഹജീവിയെന്ന നിലയില്‍ പല വിഷയങ്ങളിലും നമ്മള്‍ കാണിക്കേണ്ട ഉത്തരവാദിത്തം മറന്നുകൊണ്ടുതന്നെ എത്രയും വേഗത്തില്‍ അവയെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയാന്‍ നമ്മളെ ശീലിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *