സ്വന്തം കൈപ്പടയില്‍ 700 പേജുള്ള പുസ്തകം രചിച്ച് ലോക റെക്കോര്‍ഡ് -George Nedumpara.

കൊച്ചി: സ്വന്തം കൈപ്പടയില്‍ 700 പേജുള്ള പുസ്തകം രചിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിക്കാനൊരുങ്ങുകയാണ് ജോര്‍ജ് നെടുമ്പാറയെന്ന പൊലിസ് ഉദ്യോഗസ്ഥന്‍.

വടിവൊത്ത കൈയക്ഷരത്തില്‍ തയാറാക്കിയിരിക്കുന്ന വെളിച്ചമേ നയിച്ചാലും എന്ന പുസ്തകമാണ് ലോക റെക്കോര്‍ഡിന്റെ പരിഗണനയിലുള്ളത്. ഇതിനുമുന്‍പും സ്വന്തം കൈപ്പടയില്‍ പുസ്തകങ്ങള്‍ രചിച്ച് ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ ജീവിത വീക്ഷണം എന്ന രചന ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിട്ടുണ്ട്.

പത്തുവര്‍ഷത്തെ ശ്രമഫലമായാണ് ജീവിത വീക്ഷണം എന്ന ആദ്യപുസ്തകം പുറത്തിറക്കാന്‍ സാധിച്ചത്. അക്ഷരത്തെറ്റുണ്ടായാല്‍ ആ പേപ്പര്‍ പൂര്‍ണമായും നീക്കംചെയ്ത് പുതിയതില്‍ എഴുതിത്തുടങ്ങും. എന്നാല്‍, 700 പേജുള്ള വെളിച്ചമേ നയിച്ചാലും എന്ന പുസ്തകം എഴുതിത്തീര്‍ക്കാന്‍ അഞ്ചുവര്‍ഷമേ വേണ്ടിവന്നുള്ളു. എല്ലാം നല്ലതിന് (നോവല്‍), സ്‌നേഹത്തിന്റെ രസതന്ത്രം(ഫിലോസഫി), ഒരുമയോടെ, ഒരു സ്വപ്നത്തിന്റെ കരുത്ത്, ജീവിതം എന്നെ എന്ത് പഠിപ്പിച്ചു, വൃക്കകള്‍ പണിമുടക്കുമ്പോള്‍, ജിന്തഗിനേ മുജേ ക്യാ ശിഖായാ? (ജിവിതം എന്നെ എന്ത് പഠിപ്പിച്ചു എന്ന കൃതിയുടെ ഹിന്ദി പരിഭാഷ), തുടങ്ങിയവയാണ് മറ്റു കൃതികള്‍. ഡല്‍ഹി പൊലിസിലെ ഉദ്യോഗസ്ഥനായ ജോര്‍ജ് കഴിഞ്ഞ 20 വര്‍ഷമായി ഈ മേഖലയിലുണ്ട്. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയാണ്.

കൈയെഴുത്ത് പ്രതികള്‍ നേരിട്ട് വായനക്കാര്‍ക്ക് എത്തിച്ചുനല്‍കുന്ന ജോര്‍ജ് ഇതിലൂടെ ലഭിക്കുന്ന പണം അനാഥക്കുട്ടികളുടെ ക്ഷേമത്തിനും നിര്‍ധനരായ കലാവാസനയുള്ള കുട്ടികളുടെ പ്രോത്സാഹനത്തിനുമാണ് ചെലവഴിക്കുന്നത്. മക്കളായ മൈക്കിള്‍ ജോര്‍ജും ക്രീസ്റ്റീന ജോര്‍ജും പിതാവിനൊപ്പം ഈ രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *