മുടിയേറ്റ് -കഥ By ആദിത്യൻ മേനോൻ

സന്ധ്യക്ക്‌ കുളത്തില് നിന്ന് മേല്ക്കഴുകി വന്നു വസ്ത്രം മാറുന്ന അവളോട്‌ മുത്തശ്ശി ചോദിച്ചു

“നീ എവിടെക്കാ ഈ ത്രിസന്ധ്യ നേരത്ത് ഒരുങ്ങികെട്ടി? ”

“ഉം….. മുത്തശി മറന്നോ ഇന്ന് അമ്പലത്തില്‍ മുടിയേറ്റല്ലെ

നിര്‍മ്മല അവരുടെ ഇരുകവിളുകളിലും പിടിച്ചു വട്ടത്തില്‍ ആട്ടിക്കൊണ്ട് ചോദിച്ചു.

“വിട് പെണ്ണെ.. കളിക്കുട്ട്യാന്നാ വിചാരം. പാതിരാ കഴിയില്ല്യെ മുടിയേറ്റിന്. അതിനു ഇപ്പോഴേ ഒരുങ്ങണോ..?

“അതേ അമ്മിണിയമ്മ പറയണത് കേട്ടിട്ടില്ലേ പെണ്‍കുട്ട്യോള് വെള്ളിയാഴ്ച രാത്രി ഒറ്റക്ക് പൊറത്തെറങ്ങ്യാല് ഗന്ധര്‍വന്മാര് പിടിക്കും ന്ന്‍ . അതോണ്ടല്ലേ ഞാന്‍ നേരത്തെ പോണേ? അവള്‍ നിലക്കണ്ണാടിയില്‍ നോക്കി തൃപ്തി വരുത്തുന്നതിനിടെ പറഞ്ഞു.

“വരട്ടെ, ഞാന്‍ രാമന്‍കുട്ട്യോട് പറയാം. അവന്റെ മകൻ ഉണ്ണി കൊണ്ടോവും നിന്നെ. ഇത്ര നേരത്തെ എന്തായാലും പോണ്ട”.

മുത്തശ്ശീടെ അകന്ന ബന്ധത്തിൽ പെട്ട സഹോദരനാണ് രാമൻകുട്ടി അമ്മാവൻ. അമ്മാവന്റെ മകൻ ഉണ്ണി പഠിത്തം കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചിട്ടെ ഉള്ളൂ. എന്തോ മുത്തശ്ശിയുടെ വാക്കിനെ എതിര്‍ക്കാന്‍ തോന്നിയില്ല.

പതിവില്ലാതെ കരിമേഘങ്ങള്‍ നിലാവിനെ മറച്ചുവെച്ച രാത്രിയായിരുന്നു അത്. അത്താഴവും കഴിഞ്ഞു ഉണ്ണിക്കൊപ്പം പടിപ്പുരയും കടന്നു പോകുമ്പോള്‍ കാരണമില്ലാത്ത എന്തോ ഒന്ന് അവളെ അലട്ടിയിരുന്നു. വഴിവിളക്കെന്നപോലെ മിന്നാമിന്നിക്കൂട്ടങ്ങള്‍ നാട്ടുപാതയിലൂടെ ഒഴുകിനടക്കുന്നു. പാദപതനങ്ങളുടെ ശബ്ദം മാത്രം…

“ജോലിയെങ്ങനെണ്ട് ഉണ്ണ്യേട്ടാ” അവള്തന്നെ മൌനത്തിന്റെ വേലിക്കെട്ടുകള്‍ പറിച്ചെറിഞ്ഞു.

“കൊഴപ്പല്ല്യ ” ഒറ്റവാക്കില്‍ മുഖത്ത് നോക്കാതെ ഒരു മറുപടി.

ദൂരെനിന്നെ മേളം കേട്ടുതുടങ്ങിയിരുന്നു. അവർ അമ്പലത്തിൽ എത്തുമ്പോൾ മുടിയേറ്റ്‌ തുടങ്ങാറായിരുന്നു.കിരീടം വച്ച കാളിയുടെ കൈയിലേക്ക്‌ ശാന്തിക്കാരാൻ പൂജിച്ച മാലയും വാളും കൊടുക്കുന്നു. മാല കഴുത്തിലിട്ട് കാളി വാളുമായി അടിവെച്ചടി വച്ച് നീങ്ങാൻ തുടങ്ങി. ഏറെ മുന്നിലല്ലാതെ പന്തവുമേന്തിയൊരാൾ നടക്കുന്നുണ്ട്. മറ്റൊരാളുടെ കൈയിൽ തൂക്കു വിളക്കുണ്ട്. ഭീകര രൂപിയാണ് കാളി. ദാരികനെ വധിക്കാനുള്ള പുറപ്പാടാണ്. കറുത്തിരുണ്ട കണ്‍തടങ്ങൾ.ചുവന്നു ജ്വലിക്കുന്ന കണ്ണുകൾ. പുറത്തേക്കു നീണ്ടു നില്ക്കുന്ന ദംഷ്ട്രങ്ങൾ . മസൂരി നിറഞ്ഞ മുഖം. ചെണ്ട മേളം മുറുകുന്നതിനു അനുസരിച്ച് കാളിയുടെ ചുവടു വെയ്പ്പിന്റെ വേഗതയും കൂടുന്നു. ചെണ്ട മേളത്തിന്റെ താളലയം കാളിയുടെ ചുവടു വെയ്പ്പിലും കാണാം.
കാളിയുടെ ചുറ്റുമായി ധാരാളം ജനങ്ങൾ കൂടിയിരിക്കുന്നു. അവള്‍ ഉണ്ണിയുടെ മുഖത്ത് നോക്കി. ഒരു ഭാവ വ്യത്യാസവുമില്ലാതെ കണ്ടോണ്ടിരിക്കുന്നു.

മുറുകുന്ന താളമേളത്തിനനുസരിച്ചു മുറുകുന്ന ചുവടു വെയ്പ്പുമായി നീങ്ങുന്ന കാളി പടിഞ്ഞാറേ ഗോപുരത്തിനടുത്തു എത്താറായപ്പോൾ വല്ലാത്തൊരു ഉഗ്രരൂപം കൈക്കൊണ്ടതായി അവൾക്കു തോന്നി. വേഗതയോടെ വട്ടം ചുറ്റാൻ തുടങ്ങിയ ദേവി പിന്നീട് മുന്നിലേക്കും ഇരു വശങ്ങളിലേക്കും വല്ലാത്തൊരു രൗദ്ര ഭാവത്തോടെ നീങ്ങാൻ തുടങ്ങി. അപ്രതീക്ഷിതമായി വാള് ഉയർത്തിപ്പിടിച്ചു പരിസരമാകെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് കൂടി നിന്ന ജനങ്ങളിലേക്ക് ഇരച്ചു കയറിയപ്പോൾ ഭീതി പൂണ്ട കാഴ്ചക്കാർ നാനാ വശങ്ങളിലേക്കും ചിതറി യോടി.

ഓട്ടത്തിനിടയിൽ അവളുടെ വിരൽതുമ്പുകൾ മുറുകെ പിടിച്ച കൈകൾ അവളെയും കൊണ്ടോടി എത്തിയത് തൊട്ടടുത്തുള്ള വാര്യത്തെ പടിപ്പുരയിലേക്കായിരുന്നു.

ഉയരുന്ന ചെണ്ട മേളങ്ങൾക്കനുസരിച്ചു പെയ്തിറങ്ങുന്ന പ്രകമ്പനം കൊള്ളിക്കുന്ന ഭാവഭേദങ്ങൾ. ഉയരുകയും താഴുകയും ചെയ്യുന്ന വാദ്യ മേളത്തിന്റെ ആലസ്യത്തിനൊടുവിൽ മൌനമായി നടന്നു നീങ്ങുമ്പോഴും ഉയർന്നു കേൾക്കാമായിരുന്നു കാളിയുടെ രൌദ്രഭാവത്തിന്റെ മാറ്റൊലികൾ.

ഉമ്മറ വാതിൽ തുറന്ന മുത്തശ്ശി അവളെ ഒരു ചോദ്യ ഭാവത്തിൽ നോക്കി.

“മുടിയേറ്റ്‌ കഴിയാൻ സമയമായില്ലല്ലോ ? കഴിയാതെ പോന്നത് ശരിയായില്ല കുട്ടീ.”

ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് കയറി പോയപ്പോൾ പടിക്കൽ നിന്ന ഉണ്ണി തിരിഞ്ഞു നടന്നു അവന്റെ വീട്ടിലേക്കു.

പിറ്റേന്നത്തെ പ്രഭാതം കണ്‍തുറന്നത് വഴിയരുകിൽ നീലിച്ചു കിടക്കുന്ന ഉണ്ണിയുടെ ശരീരത്തിലെക്കായിരുന്നു.

“വിഷംതീണ്ടീതാവും. കണ്ടില്ലേ നീല നിറം ” കൂട്ടത്തിലാരോ പിറുപിറു ക്കുന്നത് കേട്ടു..

കാഴ്ചകള്‍ മങ്ങിത്തുടങ്ങിയ കണ്ണുകളുമായി അഴിഞ്ഞുലഞ്ഞ മുടിയുമായി വഴിവക്കില്‍നിന്നു ഭ്രാന്തവേഗത്തില്‍ ലക്ഷ്യമില്ലാതെ ഓടുമ്പോഴും കാതങ്ങള്‍ക്കകലെനിന്നും ചെണ്ടമേളം കേള്‍ക്കാമായിരുന്നു ഉയര്‍ച്ച താഴ്ച്ചകളില്ലാതെ… അവള്‍മാത്രകേള്‍ക്കുന്നുണ്ടായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *