നക്ഷത്ര ആമയുമായി കിളിമാനൂരില്‍ നാലു പേരെ ഫോറസ്റ്റ് അധികൃതര്‍ പിടികൂടി.

അപൂര്‍വ ഇനത്തില്‍പ്പെട്ട നക്ഷത്ര ആമയുമായി കിളിമാനൂരില്‍ നാലു പേരെ ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. അടൂര്‍ വടക്കേടത്ത് കാവ് ലിസി ഭവനില്‍ ബെറ്റി വര്‍ഗീസ്,അഞ്ചല്‍ ഏരൂര്‍ തച്ച് മന്ദിരത്തില്‍ ഗിരീഷ്,കൊല്ലം മയ്യനാട് കാരിക്കുഴി രാജേഷ് ഭവനില്‍ രാജേഷ് ,കൊല്ലം മുണ്ടക്കല്‍ ഈസ്റ്റ് ഷാജി ഭവനില്‍ രാജു എന്നിവരെയാണ് വനം വകുപ്പ് ഇന്റലിജന്‍സിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പിടിയിലായത്.

തിരുവനന്തപുരം ഫഌിംഗ് സ്‌ക്വാഡ് വിഭാഗം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജെ.ആര്‍.അനി,പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ് വി.വിനോദ്,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഷിജു എസ്.വി നായര്‍ ,ജി.വി.ഷിബു ,നജുമുദ്ദീന്‍,മണികണ്ഠന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ഇന്നലെ ഇവരെ പിടികൂടിയത്.

ആമക്ക് ഉദ്ദേശം ഒന്നര കിലോ തൂക്കം വരും. ആമയെ കടത്തുവാന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 1972 ലെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരം അതീവ പ്രാധാന്യത്തോടെ സംരക്ഷിച്ചു വരുന്ന നക്ഷത്ര ആമയെ പിടികൂടുന്നതും കൈവശം വയ്ക്കുന്നതും ഗുരുതരമായ കുറ്റമാണ്. അന്ധവിശ്വാസത്തിന്റെ പേരിലാണ് ഇത്തരം ജീവികളെ പിടികൂടി വില്‍പ്പന നടത്തുന്നതത്രെ. ഇത്തരം ആമകളെ കൈവശം വെച്ചാല്‍ ഭാഗ്യം വരുമെന്ന മിഥ്യാ ധാരണ നിലവിലുണ്ട്.പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *