തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികള്‍ക്കായി കള്ളപ്പണം കൊണ്ടുവന്നുവെന്ന സൂചനയെ തുടര്‍ന്നു പ്രമുഖരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികള്‍ക്കായി കള്ളപ്പണം കൊണ്ടുവന്നുവെന്ന സൂചനയെ തുടര്‍ന്നു പ്രമുഖരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നടിയും ഗായികയുമായ റിമി ടോമി, കൊല്ലത്തെ വ്യവസായി മഠത്തില്‍ രഘു, സുപ്രിം കോടതി അഭിഭാഷകന്‍ അഡ്വ. വിനോദ്കുമാര്‍ കുട്ടപ്പന്‍, വിദേശവ്യവസായി ജോണ്‍ കുരുവിള എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന.
തെരഞ്ഞെടുപ്പു ചെലവിലേക്കായി വിദേശത്തു നിന്നു കള്ളപ്പണം എത്തിയെന്ന വ്യക്തമായ സൂചനകളാണ് ആദായനികുതി വകുപ്പിനു ലഭിച്ചത്. മഠത്തില്‍ രഘു, വിനോദ്കുമാര്‍ കുട്ടപ്പന്‍, ജോണ്‍ കുരുവിള എന്നിവരുടെ അക്കൗണ്ടുകളിലേക്ക് കോടികളാണ് ഇങ്ങനെ എത്തിയതത്രേ. 10 ലക്ഷത്തില്‍ കൂടുതല്‍ പിന്‍വലിക്കുകയോ അക്കൗണ്ടില്‍ എത്തുകയോ ചെയ്താല്‍ കമ്മിഷനെയോ ആദായനികുതി വകുപ്പിനെയോ എന്‍ഫോഴ്‌സ്‌മെന്റിനെയോ അറിയിക്കണമെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ ഈയിടെനിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ ബാങ്ക് അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും കള്ളപ്പണം പിടിച്ചെടുക്കാന്‍ ആദായനികുതി വകുപ്പിനു പൂര്‍ണ അധികാരം നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു കേരളത്തിലെ അക്കൗണ്ടില്‍ പണമെത്തുന്ന പ്രമുഖ വ്യവസായികളുടെ പട്ടിക ആദായനികുതിവകുപ്പിനു ബാങ്കുകള്‍ കൈമാറിയിരുന്നു.
ഇന്നലെ പരിശോധന നടത്തിയ വ്യവസായികളുടെ അക്കൗണ്ടില്‍ ഭീമമായ തുക വരികയും അതു പിന്‍വലിക്കുകയും ചെയ്തതോടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചത്. ഇവരുടെ അക്കൗണ്ടില്‍ വന്ന പണം സംസ്ഥാനത്തെ ചില സ്ഥാനാര്‍ഥികള്‍ക്കായി ചെലവാക്കിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പിനു തെളിവു ലഭിച്ചിട്ടുണ്ട്.
വിദേശ സ്‌റ്റേജ് ഷോകളുമായി ബന്ധപ്പെട്ടാണു റിമിടോമിയുടെ അക്കൗണ്ടില്‍ കണക്കില്‍പ്പെടാത്ത പണം എത്തിയതെന്നാണു സൂചന. വിനോദ് കുട്ടപ്പന്റെ അക്കൗണ്ടില്‍ നിന്നും റിമിയുടെ അക്കൗണ്ടിലേക്ക് പണമെത്തിയതായും സൂചനയുണ്ട്. വിനോദ് കുട്ടപ്പന്റെ ബന്ധുക്കളുടെ പേരിലും വിദേശത്തുനിന്നു പണമെത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തി. വിനോദ്കുട്ടപ്പന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട്ടെ ആശുപത്രിയുടെ കണക്കുകള്‍ ആദായനികുതി വകുപ്പ് പരിശോധിച്ചു. വിനോദിന്റെ ഭാര്യാപിതാവാണു മഠത്തില്‍ രഘു. കൊല്ലത്തെ ചില സ്ഥാനാര്‍ഥികള്‍ക്ക് ഇദ്ദേഹം പണം കൈമാറിയതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ കൂടുതല്‍ നടപടികള്‍ക്ക് ഒരുങ്ങുകയാണ് ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും

Leave a Reply

Your email address will not be published. Required fields are marked *