ഒളിക്യാമറ -കഥ By: ചെറിഷ്  ടൊറന്റോ

“ അഭയ” യിൽ  സന്ധ്യാരാധനയ്ക്കുള്ള സമയമായി. അജയൻ എഴുന്നേറ്റു പ്രാർഥന മുറിയിലേക്ക് പോയി. അവിടെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും പ്രത്യേകം പ്രാർത്ഥനാശാലകളുണ്ട്.

സ്ഥലത്തെ പ്രമുഖ പുനരധിവാസ കേന്ദ്രമാണ് “ അഭയ “. അജയൻ അവിടെ വന്നിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. സ്‌പെഷ്യൽ ഫ്‌ളാറ്റിലാണ് അയാളുടെ താമസം. അതിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. വൈഫൈ , ലൈബ്രറി, ടെന്നീസ് കോർട്ട്, വ്യായാമ മുറി. സൗജന്യമായി താമസിക്കുന്ന മറ്റുള്ള അന്തേവാസികളുടെ കേന്ദ്രത്തിൽ നിന്നും അകലെ ഒഴിഞ്ഞ ഭാഗത്താണ് ആ  കെട്ടിടം. സ്പെഷ്യൽ ഫ്‌ളാറ്റിൽ സ്പെഷ്യൽ നിരക്കാണ്. വലിയൊരു തുക ഡെപ്പോസിറ്റും മാസംതോറും നല്ല വാടകയും  കൊടുക്കണം. അത് കൂടാതെ ഭക്ഷണച്ചെലവും അടയ്ക്കണം.  ഏതാണ്ട് ഇരുപതു സ്റ്റുഡിയോ ഫ്‌ളാറ്റുകളാണ് അതിലുള്ളത്

പ്രാത്ഥിക്കുവാൻ അജയനുമുണ്ട്  കാരണങ്ങൾ.

അയാൾ തന്റെ ഭൂതകാലത്തെ ചികഞ്ഞു. ഇരുപതു വര്ഷം മുൻപ് ജർമനിയിൽ സ്ഥിരതാമസമാക്കിയതായിരുന്നു അജയൻ. ഭാര്യക്ക് പ്രത്യേകിച്ച് തൊഴിലൊന്നും ഉണ്ടായിരുന്നില്ല.   ആയിടെ സർക്കാർ പുതിയ നിയമം കൊണ്ട് വന്നു. സ്വന്തമായ വീടുള്ള സ്ത്രീകൾക്ക്  നികുതിയിൽ വൻ ഇളവ് .   അങ്ങനെ ഭാര്യയുടെ പേരിൽ അജയൻ ബംഗ്ളാവ് പോലുള്ള വീട് വാങ്ങി.   പാതിരാത്രീയിലും കൊച്ചു വെളുപ്പാൻ കാലത്തും എല്ലു മുറിയെ പണിയെടുത്തു അജയൻ  ബാങ്ക് വായ്‌പ്പ അടച്ചു കൊണ്ടിരുന്നു. അതോടൊപ്പം, സമ്പാദ്യത്തിന്റെ ഒരു  ഭാഗം നാട്ടിലേക്കും അയച്ചു കൊടുത്തു .   നാട്ടിൽ ഒരു റബ്ബർ തോട്ടം വാങ്ങാനാണ് അജയൻ പദ്ധതിയിട്ടത്. പ്രവാസ ജീവിതം മതിയാക്കി എപ്പോഴെങ്കിലും നാട്ടിൽ വന്നാൽ ഒരു അത്താണി ആവുമല്ലോ എന്നാണ് അജയൻ കണക്കു കൂട്ടിയത്.

നാട്ടിൽ നല്ലൊരു മലഞ്ചെരിവ് കണ്ടെത്തി  അതിൽ കൃഷിയിറക്കി. മുന്തിയ ഇനം തൈകൾ  ആയതു കൊണ്ട് അഞ്ചു വർഷം  കൊണ്ട് വെട്ടു തുടങ്ങാനായി. ടാപ്പിങ്ങിനും ഷീറ്റടിക്കുവാനും കുറെ ബംഗാളികളെ തോട്ടത്തിൽ തന്നെ താമസിപ്പിച്ചിട്ടുണ്ട്.

വീട് സ്വന്തമായപ്പോൾ ഭാര്യയുടെ ഭാവം മാറി. ഒന്നും രണ്ടും പറഞ്ഞു വഴക്കായി. ഒടുവിൽ അവൾ അജയനോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. വീട് പോലും സ്വന്തമായില്ലാത്ത അയാൾക്ക്  കാലിനടിയിലെ മണ്ണ് ഒലിച്ചു  പോകുന്ന പോലത്തെ അനുഭവമായിരുന്നു അത് .  അതോടെ   പ്രവാസ ജീവിതം മതിയാക്കി,  കുടുംബ ജീവിതം അവസാനിപ്പിച്ചു ബാക്കിയുള്ള സമ്പാദ്യവുമായി അജയൻ നാട്ടിലേക്ക് മടങ്ങി. കൂടാതെ റബ്ബർ തോട്ടമുണ്ടല്ലോ , ശിഷ്ടകാലം  അതിന്റെ വരുമാനം കൊണ്ട്   സുഖമായി ജീവിക്കാം എന്ന്  ദിവാസ്വപ്നം കണ്ടായിരുന്നു തിരിച്ചു വരവിനുള്ള തീരുമാനം എടുത്തത്.

അജയൻ നാട്ടിൽ തിരികെ വരുമെന്ന് പറഞ്ഞപ്പോഴേ അജയന്റെ നാട്ടിലെ വകകൾ നോക്കി നടത്തി വന്നിരുന്ന രാജേന്ദ്രൻ മാമൻ അതിനെ എതിർത്തു.  അജയൻ  ഫോണിൽ വിളിച്ചപ്പോൾ ദാമ്പത്യം പരാജയപ്പെട്ട കാരണം പറഞ്ഞു  അങ്ങേര് അയാളെ കുറ്റപ്പെടുത്തുകയും ചെയ്തു. പക്ഷെ മറ്റു വഴികൾ ഒന്നുമില്ലാത്തതു കൊണ്ട് തിരിച്ചു വരാൻ  മാത്രമേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ.

നാട്ടിലെത്തിയപ്പോഴോ?

“ പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ ചൂട്ടും  കെട്ടിപ്പട “ എന്ന് പണ്ടാരോ പറഞ്ഞത് പോലായി.  റബ്ബർ തോട്ടവും നാട്ടിലേക്കയച്ച പണവുമെല്ലാം രാജേന്ദ്രൻ മാമൻ സ്വന്തം പേരിലാക്കിയിരുന്നു.  ഷീറ്റു പുരയിൽ കഴിഞ്ഞിരുന്ന രാജേന്ദ്രൻ ഇപ്പോൾ താമസിക്കുന്നത് എസ്റേറ്റിന്റെ നടുക്കുള്ള മണി മാളികയിൽ . ഒരു മകളുള്ളതിനെ ഒരു കോടി  രൂപ തലവരിപ്പണം കൊടുത്തു മെഡിക്കൽ കോളജിൽ ചേർത്തു; ഇപ്പോൾ നാലാം വര്ഷം പഠിക്കുന്നു : പേര് രമ്യ രാജേന്ദ്രൻ .

“  മാമൻ എന്നാ  പണിയാ ഈ കാണിച്ചേ ? “ അജയൻ പൊട്ടിത്തെറിച്ചു.

“ ഡാ കൂവേ, അത് പിന്നെ നീ തിരിച്ചു വരുമെന്ന് ആര് കണ്ടു ?  ഈ വസ്തു വകകളൊക്കെ നോക്കാനും പിടിക്കാനും ഞാൻ തന്നെ വേണ്ടേ ? പണ്ടത്തെ പോലല്ല. ചിലവും കഴിഞ്ഞു വലിയ  ലാഭമൊന്നും ഇല്ല. “

ചതി  പറ്റിയ അജയന്  ഒരു പ്രതികരണവും  ഉണ്ടായിരുന്നില്ല. ചെറുപ്പ കാലത്തെ ചോരത്തിളപ്പൊക്കെ പോയി. മാമനെങ്ങാനും   കൈ വീശി ഒന്ന് തന്നാൽ  പിടഞ്ഞടിച്ചു വീഴും.  വല്ല കൊട്ടേഷൻകാരെ ഏർപ്പാടാക്കാനും അങ്ങേർ  മടിക്കില്ല. ഇതൊക്കെ ഓർത്തു അജയൻ മിണ്ടാതെ വരാന്തയിൽ കുത്തിയിരുന്നു.

എന്നാലും, രാജേന്ദ്രൻ  മാമൻ മന: സാക്ഷി ഉള്ളവനാണ്. അതിഥികൾക്ക് താമസിക്കാൻ തോട്ടത്തിൽ ഒരു  ഔട്ട് ഹൗസ് പണിയിച്ചിരുന്നു.  അവിടെ താമസിച്ചോളാൻ രാജേന്ദ്രൻ കൽപ്പിച്ചു.  അങ്ങനെ അജയൻ അവിടെ പൊറുതി തുടങ്ങി. ആ  മുറിയിൽ അജയനും  ലാപ് ടോപ്പും മാത്രം.


പക്ഷെ ഒരു മാസം കഴിഞ്ഞപ്പോൾ ബോറടിച്ചു. വൈകിട്ട് പാടവരമ്പിലൂടെ നടന്നു അടുത്ത കവലയിൽ പോയി ഒരു ചായയൊക്കെ  കുടിച്ചേച്ചു വായന ശാലയിൽ പോയി പത്രങ്ങളൊക്കെ  വായിച്ചു മടങ്ങും. വിചിത്ര ജീവിയെ കാണുമ്പോലെയാണ് നാട്ടുകാരുടെ നോട്ടം.  ഭാര്യ പുറത്താക്കിയ വാർത്ത മാലോകരൊക്കെ അറിഞ്ഞിട്ടുണ്ട്.  ചെറു പ്രായത്തിൽ ജർമ്മനിയിലെ പെണ്ണിനെക്കെട്ടി പോകുമ്പോൾ ദിവ്യന്റെ പരിവേഷമായിരുന്നു അയാൾക്ക്. . നാട്ടുകാരോടൊന്നും വലിയ സഹകരണമില്ലായിരുന്നു അന്നൊക്കെ.  എന്നാൽ ഇന്ന് അജയനും  ആകെ മാറി .  ആരെക്കണ്ടാലും കുശലം ചോദിക്കും. എന്നാൽ അയാളെക്കാണുമ്പോൾ പഴയ പോലെ ആൾക്കാരൊന്നും മാടമ്പിയുടെ മുന്നിൽ കുടിയാനെപ്പോലെ കുനിഞ്ഞു നിൽക്കുന്നത് കാണുന്നില്ല. പഴയ കുടിയാൻമാരും അവരുടെ ഇളമുറക്കാരും ഇന്ന് മണി മാളികയിൽ വാഴുന്ന കോടീശ്വരന്മാരായി. കേരളം ഇപ്പോൾ പഴയ കേരളമല്ല. അത് കൊണ്ട് ചിലർക്ക് ഒരു പുച്ഛം . ചൂഷിതർ ബൂർഷ്വകളും ബൂർഷ്വകൾ ചൂഷിതരുമായി പരിണമിച്ച പഴയ  റഷ്യയുടെ അവസ്ഥയാണ് നാട്ടിലിപ്പോൾ. . വേറെ ചിലർക്ക് അയാളോട് സഹതാപം.

അങ്ങനെയിരിക്കെ രാജേന്ദ്രന്റെ മോൾക്കു  ചില കല്യാണാലോചനകൾ വന്നു. ആലോചന തുടങ്ങിയ പാടെ  അവയൊക്കെ അലസിപ്പിരിഞ്ഞു. അജയൻ അവിടെയുള്ളതു കൊണ്ടാണത്രേ ആരും അടുക്കാത്തത്. അതിനു ശേഷം വീട്ടിൽ കല്യാണാലോചനയോ മറ്റു വിശേഷങ്ങളോ വന്നാൽ അജയനെ ഒഴിവാക്കാനുള്ള പദ്ധതികൾ ആലോചിച്ചു. അങ്ങനെയാണ്  “  അഭയ “  എന്ന പുനരധിവാസ കേന്ദ്രത്തിന്റെ വിവരം അറിയുന്നത്. ഇത്തവണ ഒരു ഡോക്ടറുടെ ആലോചനയാണ് വന്നത്. അതോടെ കുറച്ചു നാളത്തേക്ക്  അജയനെ  മാറ്റി നിർത്താൻ രാജേന്ദ്രൻ തീരുമാനിച്ചു. അങ്ങനെയാണ് അജയൻ “ അഭയ ” യിൽ എത്തുന്നത്.


“ അഭയ” യിൽ  അത്താഴത്തിനു മണിയടിച്ചപ്പോൾ അജയൻ ഭൂതകാലത്തിൽ നിന്നും വർത്തമാന കാലത്തിലെത്തി. ചടഞ്ഞുറങ്ങുകയായിരുന്ന അജയൻ മെല്ലെ എഴുന്നേറ്റു.  സ്പെഷ്യൽ ഫ്ലാറ്റിന്റെ രണ്ടാം നിലയിലാണ് അയാളുടെ താമസം. വരാന്തയുടെ ഒരു കോണിലാണ് ഡയറക്ടർ  സന്ധ്യയുടെ കാര്യാലയവും വിശ്രമ മുറിയും.

വരാന്തയിലൂടെ നടക്കുമ്പോൾ  ഡയറക്ടറുടെ മുറിയിൽ നിന്നും സന്ധ്യയുടെ കൊഞ്ചിക്കുഴഞ്ഞുള്ള ചിരി കേൾക്കുന്നു. ആരോ  അകത്തുണ്ട്. . രണ്ടാം നിലയിൽ ആ കോണിൽ  രണ്ടു മുറികൾ മാത്രമേ ഉള്ളൂ. സന്ധ്യ ആണെങ്കിൽ വിവാഹിതയുമല്ല. പിന്നെ എന്താണാ ശബ്ദം? ആരാണ് മുറിയ്ക്കുള്ളിൽ?

ആകാക്ഷയോടെ അജയൻ അവിടെ പതുങ്ങി നിന്നു. കുറെ നേരം കഴിഞ്ഞപ്പോൾ ജീൻസിട്ട സുമുഖനായ  ഒരു യുവാവ്  മുറിയിൽ നിന്നും   പതുങ്ങി പുറത്തിറങ്ങി ചുറ്റുപാടും കണ്ണോടിച്ചു വേഗം പടിയിറങ്ങി പോയി.. അരണ്ട വെളിച്ചത്തിൽ അജയൻ ആളെ തിരിച്ചറിഞ്ഞു. ഇപ്പോൾ പ്രതിപക്ഷത്തുള്ള ഒരു മുൻ മന്ത്രിയാണ്.

ലോകം ചൂഷകരുടെ പറുദീസയാണെന്നു അജയൻ തിരിച്ചറിഞ്ഞു. സമീപകാലത്തെ   കണക്കുകൾ പരിശോധിച്ചാൽ   ചൂഷകരിലെ പുരുഷമേൽക്കോയ്‌മയും അവസാനിച്ചതായി കണ്ടു.

സാമൂഹ്യസേവനം ലാഭകരമായ ബിസിനസാക്കി കൊണ്ട് നടക്കുന്ന സന്ധ്യയെ അജയൻ  ഗൂഗിളിൽ പരതി. എല്ലായിടത്തും മികച്ച അഭിപ്രായമാണ് സന്ധ്യയെപ്പറ്റി.  കഷ്ട്ടിച്ചു മുപ്പത്തിയഞ്ചു വയസു പ്രായം. മഹത്തായ മതേതരമായ സാമൂഹ്യ സേവനം ചെയ്യുന്ന കരുണാമയയായ മനുഷ്യസ്നേഹിയുടെ  പരിവേഷം. രാഷ്ട്രീയക്കാരുമായും സാമൂഹിക സാംസ്കാരിക നായകന്മാരുമായി നല്ല ബന്ധങ്ങളും സ്വാധീനവും. ആഴ്ച തോറും ഒരു ചാനലിൽ ഗിരി പ്രഭാഷണം. മാസത്തിൽ ഒരിക്കൽ  വിദേശ സഞ്ചാരം. ട്രസ്റ്റിലേക്കു വിദേശപ്പണവും എത്തുന്നുണ്ട്.

ഏതായാലും ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. സന്ധ്യയുടെ  തനിനിറം വെളിച്ചത്തു കൊണ്ടുവരാൻ അജയൻ പദ്ധതിയിട്ടു. ഡയറക്ടറുടെ  മുറിയിൽ ഒരു ഒളിക്യാമറ സ്‌ഥാപിക്കുക. അതിൽ നിന്നും ലീലാവിലാസങ്ങൾ ബ്ലൂ ടൂത്തു  വഴി ലാപ് ടോപ്പിലേക്കു പകർത്തി ഏതെങ്കിലും ചാനലിന് ബ്രേക്കിംഗ് ന്യൂസ് ആയി നൽകുക

ഒരു  വെള്ളിയാഴ്ച.

സന്ധ്യ സ്‌ഥലത്തില്ല;  രണ്ടു ദിവസം സർക്കീട്ടിലാണെന്നു ആരോ പറയുന്നത് കേട്ടു. അവരുടെ ആഡംബര കാറും മുറ്റത്തില്ല. ഇത് തന്നെ പറ്റിയ അവസരം.  അജയൻ ഒളിക്യാമറയുമായി  അവരുടെ മുറിയ്ക്കു ചുറ്റും കറങ്ങി. മറ്റാരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മെല്ലെ മുറിയിൽ കടന്നു . അതി വിശാലമായ ഓഫീസ്  മുറിയും കോൺഫറൻസ് ഹാളും. അതിൽ അൻപത്തി രണ്ടിഞ്ചിന്റെ ടിവി .

അതിനോട് ചേർന്ന്  രാജകീയമായ ഒരു വലിയ വിശ്രമ മുറി.  അതിന്റെ ഒരു കോണിൽ വർണ്ണ വിളക്കുകളുടെ മാസ്മരികമായ കമനീയതയിൽ  മുന്തിയ തരം   വിദേശ സൗന്ദര്യ വർധക വസ്തുക്കളും സുഗന്ധ ദ്രവ്യങ്ങളും  ചുവന്ന വൈനും  നിരത്തിയ മിനി സ്പാ

കയ്യിൽ കരുതിയ ഒളിക്യാമറ ആരും ശ്രദ്ധിക്കാത്ത ഒരു ഭാഗത്തു ഭിത്തിയിൽ സ്‌ഥാപിച്ച ശേഷം അജയൻ മെല്ലെ പുറത്തു കടന്നു തന്റെ ഫ്‌ളാറ്റിനുള്ളിൽ പ്രവേശിച്ചു.

സന്ധ്യയുടെ  ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.  ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നാൽ പിന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വരാൻ നിമിഷങ്ങൾ മതി. അതോടെ  ലോകമാകമാനമുള്ള  ആളുകൾ ആ ചൂടുള്ള വാർത്ത ഏറ്റു പിടിച്ചു പ്രചരിപ്പിച്ചു കൊള്ളും .  അന്യരുടെ ദുരവസ്‌ഥയിൽ ആനന്ദം കണ്ടെത്തുകയാണല്ലോ ഇപ്പോൾ ട്രെൻഡ്.  അങ്ങനെ ഒരു ചൂഷകയെ എങ്കിലും  സിംഹാസനത്തിൽ നിന്നും നിഷ്കാസനം ചെയ്യാനായാൽ തന്റെ ജീവിതം സഫലമായി.  ഇങ്ങനെയൊക്കെ സ്വപ്നം കണ്ടു  അജയൻ  സുഖ നിദ്രയിലായി

പാതിരാവായപ്പോൾ ഇടവപ്പാതിയുടെ ഒരുക്കം.  ഇടിവെട്ടിന്റെ പ്രകമ്പനം വാതിലിൽ  പെരുമ്പറ പോലെ മുഴങ്ങുന്നു. മിന്നൽപ്പിണർ  ജനൽ ചില്ലുകളിൽ ഫ്‌ളാഷ് ടോർച്ചിന്റെ  പ്രകാശം പോലെ കത്തിയണയുന്ന

പതിവില്ലാതെ ചീവീടുകളുടെയും കടവാതിലുകളുടെയും ഘോരമായ   ശബ്ദം. അഞ്ചേക്കർ വരുന്ന കേന്ദ്രത്തിന്റെ കാൽ ഭാഗം നിറയെ ഫല വൃക്ഷങ്ങളുള്ള കാടാണ്. പഴങ്ങളുടെ  സീസണായതു കൊണ്ട് കടവാതിലുകൾക്കു അമിതമായ ആഹ്ലാദം. കടവാതിലുകളുടെ  ചിറകടി ശബ്ദം  കേട്ടു പേടിച്ചരണ്ട ഏതോ കുറുനരിയും ഓരിയിടുന്നുണ്ട്

അജയൻ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്; ഉറക്കം വരുന്നില്ല.  വാതിലുകൾ തള്ളിത്തുറന്നു കടവാതിലുകൾ തനിക്കു ചുറ്റും പറക്കുന്നത് പോലെ. കടവാതിലുകൾക്കെന്താണ് ഈ മുറിയിൽ കാര്യം?

എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. ഉറക്കച്ചടവോടെ അജയൻ എഴുന്നേൽക്കാൻ ശ്രമിച്ചു; എഴുന്നേൽക്കാൻ സാധിക്കുന്നില്ല. നോക്കിയപ്പോൾ കാലിന്റെ തള്ള വിരലുകൾ രണ്ടും കൂട്ടിക്കെട്ടിയിരിക്കുന്നു. ഒരു വിധം അത് അഴിച്ചെടുത്തു എഴുന്നേറ്റു പുറത്തു വന്നു.

രണ്ടാം നിലയിൽ നിന്നും താഴേക്ക് നോക്കുമ്പോൾ ഒരു ആംബുലൻസും പോലീസ് വാഹനവും കിടക്കുന്നു. അന്തേവാസികൾ കൂട്ടം കൂട്ടമായി നിന്നു കൊണ്ട് തന്റെ കെട്ടിടത്തിലേക്ക് കൈചൂണ്ടി  പിറുപിറുക്കുന്നതു കണ്ടു.

കാര്യം എന്തെന്നറിയാൻ അജയൻ താഴേക്ക് നടന്നു. നോക്കുമ്പോൾ കെട്ടിടത്തിന്റെ പ്രധാന ചില്ലു വാതിൽതാഴിട്ടു മഞ്ഞ റിബൺ  വച്ച്  പോലീസ് സീൽ ചെയ്തിരിക്കുന്നു. വാതിൽ തുറക്കാതെ തന്നെ ചില്ലിലൂടെ അജയൻ പുറത്തിറങ്ങി ആൾക്കൂട്ടം ലക്ഷ്യമാക്കി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *