ബൗളിങ് മികവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴു റണ്‍സിനു കീഴടക്കി കൊല്‍ക്കത്ത വിജയവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കി

കൊല്‍ക്കത്ത: ബൗളിങ് മികവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴു റണ്‍സിനു കീഴടക്കി കൊല്‍ക്കത്ത വിജയവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കി. ഒന്‍പതു കളികളില്‍ നിന്നു 12 പോയിന്റുകളുമായാണ് കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റിനു 164 റണ്‍സെടുത്തപ്പോള്‍ പഞ്ചാബിന്റെ പോരാട്ടം 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 157ല്‍ ഒതുങ്ങി. നാലോവറില്‍ 20 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ആന്ദ്രെ റസ്സലിന്റെ ബൗളിങാണ് പഞ്ചാബിനെ വെട്ടിലാക്കിയത്. 42 പന്തില്‍ ആറു ഫോറും നാലു സിക്‌സും പറത്തി 68 റണ്‍സെടുത്ത് മാക്‌സ്‌വെല്‍ പൊരുതിയെങ്കിലും അവസാന ഓവറില്‍ രണ്ടു റണൗട്ടുകളടക്കം മൂന്നു വിക്കറ്റുകള്‍ വീണത് പഞ്ചാബിന്റെ കുഴു തോണ്ടി. മാക്‌സ്‌വെല്ലിനെ പുറത്താക്കി കൊല്‍ക്കത്ത മത്സരത്തില്‍ പിടിമുറുക്കിയ ഘട്ടത്തില്‍ അക്‌സര്‍ പട്ടേല്‍ ഏഴു പന്തില്‍ 21 റണ്‍സെടുത്തു പഞ്ചാബിനു പ്രതീക്ഷ നല്‍കി. എന്നാല്‍ നോണ്‍സ്‌ട്രൈക്കില്‍ നില്‍ക്കെ അക്‌സര്‍ റണൗട്ടായത് പഞ്ചാബിനെ വീണ്ടും പിന്നോട്ടടിച്ചു. മികച്ച ബൗളിങും ഫീല്‍ഡിങ്ങുമായി കൊല്‍ക്കത്ത മത്സരം നേടിയെടുത്തു. പിയൂഷ് ചൗള രണ്ടും മോണ്‍ മോര്‍ക്കല്‍ ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. ഓപണിങില്‍ ഗൗതം ഗംഭീര്‍- റോബിന്‍ ഉത്തപ്പ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടു പടുത്തുയര്‍ത്തിയപ്പോള്‍ കൊല്‍ക്കത്ത മികച്ച സ്‌കോര്‍ കണ്ടെത്തി. നായകന്‍ ഗംഭീറും ഉത്തപ്പയും ചേര്‍ന്ന സഖ്യം 13.3 ഓവറില്‍ 101 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. ടൂര്‍ണമെന്റിലെ നാലാം അര്‍ധ സെഞ്ച്വറിയാണ് ഗംഭീര്‍ നേടിയത്. ഉത്തപ്പ തന്റെ മൂന്നാം അര്‍ധ സെഞ്ച്വറിയും. ഉത്തപ്പ 49 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും പറത്തി 70 റണ്‍സെടുത്തപ്പോള്‍ ഗംഭീര്‍ 45 പന്തില്‍ 54 റണ്‍സെടുത്തു. ആറു ഫോറും ഒരു സിക്‌സുമാണ് ഗംഭീര്‍ നേടിയത്. യൂസുഫ് പത്താന്‍ 19ഉം റസ്സല്‍ 16ഉം റണ്‍സെടുത്തു. കൊല്‍ക്കത്തയുടെ മൂന്നു വിക്കറ്റുകളും റണ്ണൗട്ടിലൂടെയാണ് പഞ്ചാബ് വീഴ്ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *