നാനാർത്ഥപ്പെരുമ-കവിത – By :ദീപ ജയചന്ദ്രൻ

നാനാർത്ഥപ്പെരുമ

ദീപ ജയചന്ദ്രൻ

പാ കസ്ഥാനത്തിൽ
കെട്ടിയിട്ട നാൽക്കാലി
പുല്ലേരി കൊടുത്ത്
കൊഴുപ്പിച്ച്
ചവിട്ടിപ്പിഴിഞ്ഞ്
സ്തന പാനം ഒഴുകുന്നു
‘സ്നിഗ്ദ്ധം’ അടിവരയിടുന്നു.
കറവക്കാരൻ.

വെട്ടി നുറുക്കി
പുഴുങ്ങുന്നു
മോഹങ്ങളാം
കായ്കനികൾ
കനലാഴിയിൽ ചുട്ട്
കൂട്ടിക്കഴിക്കുന്നു
മാനനൊമ്പരങ്ങളെ
‘സ്നേഹം’ അടിവരയിടുന്നു
കാഴ്ചക്കാരൻ.

പെണ്ണിറച്ചിതൊട്ടുനക്കാൻ
വട്ടമിട്ടു പറക്കും
കഴുക ദൃഷ്ടി
ചേലയിലൊളിപ്പിച്ച
മാംസത്തിൽ
പിടിമുറുക്കുന്നാർത്തിയോടെ
‘പച്ച മാംസം’ അടിവരയിടുന്നു
മാംസഭോജി.

മെരുക്കിയൊരുക്കിയ
വിളനിലം
നൂറുമേനി വിളവ്
വിൽപ്പനക്കയി തയ്യാർ
വിപണന യന്ത്രം
മെയ്യഴകുമായ്
‘ചരക്ക് ‘അടിവരയിടുന്നു
വ്യാപാരി .

മറവിയിലെന്നോ
പുണ്യ ഗംഗ
കാല കുതിപ്പിൽ
മലിനയാം യമുന
ചുരുണ്ടൊഴുകുന്നു
പുകച്ചുരുളേറ്റ്
രാത്രി മുല്ലകളായി
നാനാർത്ഥപ്പെരുമയിൽ
‘നടനവൈഭവം’അടിവരയിടുന്നു
നായകൻ .

Leave a Reply

Your email address will not be published. Required fields are marked *