രാഷ്ട്രീയ മുതലെടുപ്പല്ല ,മുൻകരുതലുകളും ,നിയമ സംരക്ഷണവും ആണ് വേണ്ടത്

കേരളത്തിന്റെ മനഃസാക്ഷിയെ നൊമ്പരപ്പെടുത്തിയ അതിദാരുണമായ സംഭവമാണ് പെരുമ്പാവൂരിലെ ദലിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ അന്ത്യം.രാക്ഷസ മനസ്സുള്ള ഒരു കൊടുംക്രിമിനലിന് മാത്രം ചെയ്യാനാവുന്ന അതിനിഷ്ഠൂരമായ നീചകൃത്യം കഴിഞ്ഞിട്ട് എട്ട് ദിവസങ്ങളായി. ഡല്‍ഹിയില്‍ ഓടുന്ന ബസ്സിനുള്ളില്‍ പെണ്‍കുട്ടി അതിക്രൂരമായ ബലാല്‍സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടപ്പോള്‍ ഞെട്ടിത്തെറിച്ച, വേദനിച്ച, പ്രതിഷേധിച്ച തലസ്ഥാന നഗരിക്കൊപ്പം കേരളവും ഉണ്ടായിരുന്നു. രാജ്യത്തിന്റെ തലസ്ഥാന നഗരിക്കുണ്ടായ അപമാനം രാജ്യത്തിന്റെ മൊത്തം യശ്ശസിനെയാണ് അന്ന് കളങ്കപ്പെടുത്തിയത്. കേരളീയ സമൂഹം പ്രസ്തുത സംഭവത്തെ ഒറ്റക്കെട്ടായി അപലപിക്കുകയും അറസ്റ്റ് ചെയ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പ്രതിയെയും തൂക്കിലേറ്റണമെന്നുവരെ ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോഴിതാ നമ്മുടെ തിരുമുറ്റത്തും അതിന്റെ ആവര്‍ത്തനം നടന്നിരിക്കുന്നു.

പെരുമ്പാവൂര്‍ കുറ്റിക്കാട്ട് പറമ്പില്‍ രാജേശ്വരിയുടെ മകളാണ് 19 കാരിയായ ജിഷ. വളരെ പരിതാപകരവും അരക്ഷിതവുമായ ഒരു ചുറ്റുപാടില്‍നിന്നാണ് ഈ വിദ്യാര്‍ഥിനി വരുന്നതെന്ന് സഹപാഠികള്‍പോലും അറിയാതെപോയി. കൊല്ലപ്പെട്ടതിന് ശേഷം പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിക്കുന്നതിന് മുമ്പ് സഹപാഠിയുടെ കുടുംബസ്ഥിതി ആരാഞ്ഞിരുന്നുവെങ്കില്‍ അടച്ചുറപ്പുള്ള ഒരു വീട്ടില്‍ ഈ കുട്ടിയും സ്വസ്ഥമായി, നിര്‍ഭയമായി കഴിയുമായിരുന്നില്ലേ. പെരുമ്പാവൂര്‍ കുറുപ്പുംപടി കനാല്‍ പുറംപോക്കില്‍ കാലിത്തൊഴുത്തിനെപോലും തോല്‍പിക്കുന്ന വൃത്തിഹീനമായ ഒറ്റമുറിവീട്ടില്‍നിന്നാണ് ഈ കുട്ടി ലോകോളജിലേക്ക് വരുന്നതെന്ന് അറിയുവാന്‍ സഹപാഠികള്‍പോലും മെനക്കെട്ടില്ല. വീടില്ലാത്ത സഹപാഠികള്‍ക്ക് വീടു നിര്‍മിച്ചുകൊടുക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിദ്യാലയങ്ങള്‍ എത്രയോ ഉണ്ട്. അതൊന്നും എറണാകുളം ജില്ല അറിയുന്നില്ലന്നോ? രാഷ്ട്രീയനേതാക്കള്‍ കക്ഷിഭേദമന്യെ ജിഷയുടെ മരണത്തില്‍നിന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതാണ് മറ്റൊരു ദുരന്തമായി തീര്‍ന്നിരിക്കുന്നത്.
രമേശ് ചെന്നിത്തലയല്ല, പിണറായി വിജയനോ, കുമ്മനം രാജശേഖരനോ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്നാല്‍പോലും ഈ അത്യാഹിതം സംഭവിക്കുമായിരുന്നു. മനഃസാക്ഷിയുള്ളവരെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന കൊടുംക്രൂരതയ്ക്ക് കാരണക്കാരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് അതികഠിനമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് കൂട്ടായ ശ്രമമാണ് വേണ്ടത്. അല്ലാതെ പിണറായി വിജയന്‍ രമേശ് ചെന്നിത്തലയെയും, ഉമ്മന്‍ചാണ്ടി വി.എസ് അച്യുതാനന്ദനെയും ജിഷയുടെ കൊലപാതകത്തിന്റെ പേരില്‍ പഴി പറയുകയല്ല വേണ്ടത്. ജിഷയുടെ അമ്മയെ കാണാന്‍ വരുന്ന വി.ഐപികളാകട്ടെ പബ്ലിസിറ്റിക്കുവേണ്ടിയാണ് വരുന്നതെന്നും കാമറ സഹിതമാണ് വരുന്നതെന്നും എറണാകുളം ജില്ലാ കലക്ടര്‍തന്നെ പരാതിപ്പെട്ടിരിക്കയാണ്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ വരുന്നു. രോഹിത് വെമൂല എന്ന ഗവേഷക വിദ്യാര്‍ഥി ജാതിവെറിയുടെ ഇരയായി മോദിയുടെ കാല്‍ക്കീഴില്‍ തൂങ്ങിമരിച്ചിട്ട് തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് കേരളത്തില്‍ ദലിത് പീഡനമാണെന്നാരോപിച്ച് ജിഷയുടെ അമ്മയെ കാണാന്‍ വരുന്നതിലെ ആത്മാര്‍ത്ഥത തിരിച്ചറിയപ്പെടേണ്ടതുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തരപ്പെടുത്തുക എന്നത് മാത്രമാണ് മോദി സന്ദര്‍ശനത്തിന്റെ ലക്ഷ്യം. അല്ലാതെ ദലിതുകളോടുള്ള സഹാനുഭൂതികൊണ്ടല്ല. ബി.ജെ.പി നേതാവും കേന്ദ്ര സാമൂഹ്യക്ഷേവകുപ്പ് മന്ത്രിയുമായ താവര്‍ചന്ദ് ഗെലോട്ട് കഴിഞ്ഞ ദിവസം ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചുപോയി. കത്തുന്നപുരയില്‍നിന്നും ഊരുന്ന കഴുക്കോല്‍ ലാഭം എന്ന മനോഭാവത്തോടെയാണ് രാഷ്ട്രീയ ലാഭം നേടാന്‍ രാഷ്ട്രീയ നേതാക്കള്‍ ഈ ദുരന്തത്തെ സമീപിക്കുന്നതെന്നോര്‍ക്കുമ്പോള്‍ സംസ്‌കാര സമ്പന്നരാണ് കേരളീയര്‍ എന്നഭിമാനിക്കുന്നതില്‍ എന്തര്‍ഥം. ശവങ്ങള്‍ക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന കഴുകരെപ്പോലെ രാഷ്ട്രീയ നേതാക്കള്‍ ജിഷയുടെ അമ്മയെ ഊഴമിട്ട് സന്ദര്‍ശനോത്സവം നടത്തുകയാണ്.
ജിഷ മരിച്ച് അഞ്ച് ദിവസം കഴിഞ്ഞതിന് ശേഷമാണ് കേരള മനഃസാക്ഷി സടകുടഞ്ഞെഴുന്നേറ്റത്. അതുതന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരസ്യമായതിന് ശേഷവും. 38 മുറിവുകളുണ്ടായിരുന്നുവെന്നും രഹസ്യഭാഗങ്ങളില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്നുമുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് കേരളീയരുടെ മനഃസാക്ഷി വളരെ വൈകി ഉണര്‍ന്നത്. അതിന് മുമ്പ് മൗനത്തിന്റെ വാല്‍മീകത്തിത്തിലായിരുന്നു അയല്‍പക്കമുള്‍പ്പെടെയുള്ള സമൂഹം.
പാര്‍ശ്വവല്‍കരിക്കപ്പെട്ട ഒരു സമൂഹത്തോടുള്ള ക്രൂരമായ നിസ്സംഗതയും അവഗണനയുമായിരുന്നില്ലേ ഈ പാവം പെണ്‍കുട്ടിയുടെ ദാരുണമായ അന്ത്യം ഏപ്രില്‍ 28 ന് നടന്നിട്ടും തമസ്‌കരിക്കപ്പെടാന്‍ ഹേതുവായത്. ദലിതരോടുള്ള പൊതുമനോഭാവത്തിന്റെ ഇരയായിപ്പോയി ജിഷ.
കരുണയുടെ ആര്‍ദ്രതയുടെ ഒരു കുമ്പിള്‍ ഈ കുടുംബത്തിന് അയല്‍പക്കം നല്‍കിയിരുന്നുവെങ്കില്‍ ജിഷ ഇന്നും നമ്മോടൊപ്പം ജീവിച്ചുപോരുമായിരുന്നില്ലേ. കേരളത്തിന്റെ ചരിത്രത്തില്‍ നാളിതുവരെ അനുഭവിക്കാത്ത പൈശാചികമായ ഒരു സംഭവമാണ് നടന്നിരിക്കുന്നത്. ക്രിമിനലുകളായ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ എത്തുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ അതത് പൊലിസ് സ്റ്റേഷനുകളില്‍ സമര്‍പിക്കണമെന്ന നിര്‍ദ്ദേശം തൊഴിലുടമകളും ലോഡ്ജുടമകളും അവഗണിക്കുകയാണ്.
രാക്ഷസ ജന്മമെടുത്ത ഒരു ക്രിമിനലിന്റെ ക്രൂരഹസ്തങ്ങള്‍ക്കിടയില്‍പെട്ടു അതിദയനീയമാംവിധം ഇഞ്ചിഞ്ചായി മരണപ്പെട്ട ഒരു പാവം പെണ്‍കുട്ടിയുടെ അവസ്ഥ ഇനി മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാകരുതെന്ന ഉറച്ച തീരുമാനമാണ് ഈ സാഹചര്യത്തില്‍ സമൂഹവും സര്‍ക്കാരും രാഷ്ട്രീയ നേതാക്കളും എടുക്കേണ്ടത്. അല്ലാതെ ഒരു പാവം പെണ്‍കുട്ടിയുടെ അകാലമൃത്യുവിനെ കൊത്തിവലിക്കുന്ന രാഷ്ട്രീയ കഴുകന്മാരാവുകയല്ല വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *