എറണാകുളത്തെ നടുക്കി വീണ്ടും കവർച്ച.

കൊച്ചി: എറണാകുളത്തെ നടുക്കി വീണ്ടും കവർച്ച. തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് 50 പവൻ സ്വർണമടക്കം കവർന്നു. ഇതര സംസ്ഥാനക്കാരായ സംഘത്തെയാണ് സംശയിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് എറണാകുളം നഗരമധ്യത്തില്‍ കവര്‍ച്ച നടക്കുന്നത്.

പത്തംഗ സംഘത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥന് ഗുരുതര പരിക്കേറ്റു. എറണാകുളം എരൂര്‍ സൗത്തിലാണ് വന്‍കവര്‍ച്ച നടന്നത്. ജനല്‍ തകര്‍ത്ത് വീടിന് അകത്ത് കയറിയ സംഘം ഗൃഗനാഥനെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു.
പിന്നീട് വീട്ടിലുള്ള മറ്റാളുകളെ കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച.

വലിയ പുരയിടത്തിലെ ഒറ്റ വീടായതിനാല്‍ രാത്രി നടന്ന അക്രമണം പുറലോകമറിയാന്‍ രാവിലെയാവേണ്ടി വന്നു. അന്യ സംസ്ഥാനക്കാരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചനകള്‍. അക്രമികള്‍ മുറി ഹിന്ദിയിലാണ് സംസാരിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്.  ഒരു ദിവസം മുന്നേ ലിസി ഹോസ്പിറ്റലിന് സമീപം നടന്ന ആക്രമണത്തോട് ഈ കവര്‍ച്ചയ്ക്കും സമാനതകള്‍ ഉണ്ടെന്നാണ് പൊലീസ് ഭാഷ്യം.

കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. കൊച്ചി റേഞ്ച് ഐജിക്ക് നിർദ്ദേശം നൽകിയെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും ഡിജിപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *