Famous Lyricist Prof. Kozhi Thalakkal in Toronto for CSI Gospel Convention

പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവ് പ്രഫ. കോശി തലയ്ക്കൽ സുവിശേഷ ദൗത്യവുമായി ടോറോന്റോയിൽ

ടോറോന്റോ: പ്രഗത്ഭ സുവിശേഷ പ്രഭാഷകനും ഗാനരചയിതാവും ആയ പ്രഫ. കോശി തലയ്ക്കൽ സുവിശേഷ ദൗത്യവുമായി ടോറോന്റോയിൽ എത്തുന്നു. സി എസ് ഐ ചർച്ച്  ടോറോന്റോയുടെ വാർഷിക സുവിശേഷ കൺവൻഷനോടനുബന്ധിച്ചാണ് അദ്ദേഹത്തിൻറെ സന്ദർശനം.

മാവേലിക്കര ബിഷപ്പ് മൂർ കോളേജ് മലയാള വിഭാഗം മേധാവിയായിരുന്നു. 1996 മുതൽ ഫിലാഡൽഫിയയിൽ താമസിച്ചു വരുന്നു. നോവൽ, കവിത, ചെറുകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി പത്തിൽപരം ഗ്രന്ഥങ്ങളുടെ കർത്താവാണ്. പ്രഗത്ഭ സുവിശേഷ പ്രഭാഷകൻ, സാംസ്കാരിക സാഹിത്യ പ്രഭാഷകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു.

അനുഭവങ്ങളുടെ ആഴത്തിൽ നിന്നും വിശ്വാസത്തിന്റെ പ്രതിഭലനമായി തൻറെ താലന്തു കൊണ്ട് അനേകം ഗാനങ്ങൾ വിശ്വാസ ലോകത്തിനു അദ്ദേഹം സമ്മാനിച്ചു. നന്മയല്ലാതൊന്നും ചെയ്തിടാത്തവാൻ …, നല്ലവനെ നൽവഴി കാട്ടി …, ദൈവമേ നിനക്ക് സ്തോത്രം പാടിടും …, നിന്നിലാശ്വാസം കാണാൻ …, എൻ പ്രിയനേ നിൻ പോന്മുഖം കാണാൻ എനിക്കാശ …, എൻറെ സഹായവും എൻറെ സങ്കേതവും നീ മാത്രമാണേശുവേ …, മുതലായ നൂറ്റി അൻപതിൽ പരം പ്രശസ്തഗാനങ്ങൾ  ക്രൈസ്തവ കൈരളിക്കു സമ്മാനിച്ച ആത്മസങ്കീർത്തനക്കാരനായി അദ്ദേഹം അറിയപ്പെടുന്നു.ക്രൈസ്തവ ഗാന രചനയ്ക്കുള്ള പ്രഥമ എം. ഇ. ചെറിയാൻ അവാർഡ്‌, ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡ്‌, സി. എസ്. ഐ. സൗത്ത് കേരള മഹായിടവക ഏർപ്പെടുത്തിയ മോശവത്സലം ശാസ്ത്രിയാർ പുരസ്കാരം, “പ്രശാന്തയാമങ്ങൾ” എന്ന ഗ്രന്ഥത്തിന് ലഭിച്ച സി. എസ്. ഐ. മധ്യകേരള മഹായിടവക ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ  ലഭിച്ചിട്ടുണ്ട്.

മധ്യകേരള മഹായിടവക ആത്മായ സന്ദേശം മാസികയുടെയും, ഹോം ലാൻഡ്‌ മെസ്സേജ് മാസികയുടെയും പത്രാധിപരായിരുന്നു. സുവിശേഷ സംഗീത പ്രസ്ഥാനമായ ക്രിസ്റ്റ്യൻ മ്യൂസിക്‌ അക്കാദമി (തിരുവനന്തപുരം) രക്ഷാധികാരിയായും  സേവനം നിർവ്വഹിച്ചിട്ടുണ്ട്.

മെയ്‌ 6, 7, 8  തീയതികളിൽ കിപ്ലിങ്ങ് അവന്യുവിൽ സ്ഥിതി ചെയ്യുന്ന സി. എസ്. ഐ. ചർച്ച് ടോറോന്റോയുടെ വാർഷിക സുവിശേഷ കൺവൻഷൻ യോഗങ്ങളിൽ അദ്ദേഹം ദൂത് നല്കും.

 

Leave a Reply

Your email address will not be published. Required fields are marked *