ഫോമാ 2020 കൺവെൻഷൻ ടൊറോന്റോയിൽ നടത്തണമെന്ന ആവശ്യവുമായി കനേഡിയൻ മലയാളികൾ!

നോർത്ത്  അമേരിക്കൻ  മലയാളികളുടെ  സംഘടനകളുടെ  സംഘടനയായ ഫോമായുടെ  2020 കൺവെൻഷൻ കാനഡയിലെ ടൊറോന്റോയിൽ നടത്തണമെന്ന്  കനേഡിയൻ മലയാളികൾ ആവശ്യപ്പെട്ടു.

കാനഡയുൾപ്പെടെയുള്ള  നോർത്ത് അമേരിക്കയിലെ  മലയാളി സംഘടനകളെ  ഒരു കുടക്കീഴിൽ നിർത്താൻ  പ്രാദേശികമായി  തുല്യനീതി  പുലർത്തേണ്ടത്  കാലഘട്ടത്തിന്റെ   ആവശ്യമാണ്. അതിനാൽ വിസ്തീർണ്ണം കൊണ്ടും മലയാളികളുടെ  എണ്ണംകൊണ്ടും  അമേരിക്കയിലെ ഏതൊരു സ്റ്റേറ്റിനെക്കാളും ഒട്ടും പിന്നിലല്ലാത്ത   കാനഡയിൽ ഒരു കൺവെൻഷൻ നടത്തേണ്ടത്  ഫോമായുടെ  ആവശ്യമാണെന്നും അതിന്  ഇനി  ഒട്ടും  വൈകരുതെന്നും   കനേഡിയൻ മലയാളികൾ  പത്രക്കുറിപ്പിൽ  ആവശ്യപ്പെട്ടു.

സമാന്തര സംഘടനയായ ഫൊക്കാന ഇതിനോടകം രണ്ടു കൺവെൻഷനുകൾ  കാനഡയിൽ  നടത്തിയത്  തങ്ങളുടെ  ആവശ്യത്തിന്  പിൻബലമേകുന്നതായി  അവർ ചൂണ്ടി കാട്ടി. മാത്രമല്ല  ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും ജനനിബിഡമായ   ടൊറോന്റോ കൺവെൻഷൻ  നടത്തിയ  അന്നത്തെ നേതൃനിര ഇന്ന്  ഫോമാ  കൺവെൻഷൻ ഏറ്റെടുത്ത് നടത്താൻ  തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തിൽ നിന്നും  രാഷ്ട്രീയക്കാരുൾപ്പെടെയുള്ള  വിശിഷ്ടാതിഥികളെയും   കലാ – സാഹിത്യ രംഗത്തെ പ്രമുഖരെയും കൺവെൻഷനിൽ  പങ്കെടുപ്പിക്കാൻ  വിസ തയ്യാറാക്കുന്നതുൾപ്പെടെ  ഗവണ്മെന്റ് തല  പിന്തുണ  ഇപ്പോഴത്തെ സാഹചര്യത്തിൽ  കിട്ടാൻ  എളുപ്പമാണെന്നും  കനേഡിയൻ മലയാളികൾ പറഞ്ഞു.

അമേരിക്കൻ മലയാളികൾക്ക്  ഈ കൺവെൻഷൻ ഒരു രാജ്യാന്തര ടൂറിനും കനേഡിയൻ കാഴ്ചകൾ കാണാനുമുള്ള  ഒഴിവുകാല ഉല്ലാസത്തിനും അവസരവുമാകും. അതിനാൽ കൂടുതൽ അംഗങ്ങൾ അമേരിക്കയിൽ  നിന്ന് തന്നെ ഈ കൺവെൻഷനിൽ പങ്കെടുക്കാൻ സാധ്യതയേറെയാണ്.

ഒരു വിജയകരമായ കൺവെൻഷൻ  നടത്താനുള്ള എല്ലാ അനുകൂല കാലാവസ്ഥയാണ്  ഇന്ന് കാനഡായിലുള്ളത്. ഫെഡറൽ, പ്രൊവിൻഷ്യൽ ഗവണ്മെന്റുകളുടെ  പിന്തുണ, കലാ സാംസ്കാരിക സംഘടനകളുടെയും  കലാകാരന്മാരുടെയും പിന്തുണ, സുരക്ഷിതത്വം, ഹോട്ടൽ-സുഖ സൗകര്യങ്ങൾ തുടങ്ങിയവ  എല്ലാം അനുകൂല ഘടകങ്ങളാണ്.

കാനഡയിലെ തന്നെ എട്ടോളം മലയാളിസംഘടനകൾ  ഇപ്പോൾ ഫോമായോടൊപ്പമുണ്ട്. കാനഡായിലൊരു കൺവെൻഷൻ നടത്തിയാൽ കൂടുതൽ മലയാളി സംഘടനകൾ  ഫോമായോടൊപ്പം ചേരാൻ തയ്യാറായിട്ടുണ്ട്.

എന്നാൽ, ഫോമായിൽ നിന്നും കാനഡയ്ക്ക്  വേണ്ടത്ര പരിഗണന കിട്ടിയില്ലെങ്കിൽ  നിലവിലുള്ളവർ കൂടി  മറുകണ്ടം ചാടാൻ സാധ്യതയുണ്ട്.

അതിനാൽ ഫോമായുടെ വളർച്ചയും അംഗബലവുമാണ്  ലക്‌ഷ്യം വെക്കുന്നതെങ്കിൽ  2020  ഫോമാ കൺവെൻഷൻ  ടൊറോന്റോയിൽ നടത്തേണ്ടത്  ഫോമായുടെ  തന്നെ ആവശ്യമായി കരുതി  എല്ലാ അമേരിക്കൻ മലയാളി സംഘടനകളും പിന്തുണക്കണമെന്നും  ഫോമായുടെ നിലവിലുള്ള ഭാരവാഹികൾ അതിനായി യത്നിക്കണമെന്നും കനേഡിയൻ മലയാളി അസോസിയേഷൻ രക്ഷാധികാരിയും ഫോമായുടെ കാനഡാ  റീജിയണൽ പ്രസിഡണ്ടുമായ തോമസ് കെ തോമസിന്റെ നേതൃത്വത്തിൽ വിവിധ അസോസിയേഷൻ ഭാരവാഹികളോടൊപ്പം   കനേഡിയൻ  മലയാളികൾ  ഒന്നടങ്കം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *