കടലോരങ്ങളിൽനിന്നു കനിവ് തേടി-ജോർജ്ജ് കള്ളിവയലിൽ
പകയും പുകയും നിറഞ്ഞ പുറത്തെ കലാപങ്ങളെക്കുറിച്ച് അറിയാതെ അവർ അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ പിറവി കാത്തു കിടക്കുന്നു. അമ്മയാകട്ടെ അവനോ അവൾക്കോ പിറക്കാനൊരിടം തേടി പലായനങ്ങളുടെ നടുക്കടലിൽ കരതേടി അലയുന്നു. അതേ, രോഹിംഗ്യൻ വംശത്തിലെ ഇളമുറക്കാരുടെ ജനനം പലപ്പോഴും ഇങ്ങനെയാണ്.
അവർ മാതൃരാജ്യമായ മ്യാൻമറിൽ വച്ചായിരിക്കും ഗർഭപാത്രത്തിൽ ഉരുവം കൊള്ളുന്നത്. എന്നാൽ, പിറക്കുന്നതാകട്ടെ അഭയം തേടിയെത്തുന്ന ബംഗ്ലാദേശും ഇന്ത്യയും ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലും. സ്വന്തം നാടെന്നതു കദനകഥകളിൽ മാത്രം കേട്ടു സ്വന്തമല്ലാത്തൊരു ദേശത്ത് അഭയാർഥികളായി ജനിക്കുന്നവരാണ് രോഹിംഗ്യൻ വംശാവലിയിലെ പുതിയ തലമുറകൾ.
വാഴ നനയുന്പോൾ ചീരയും നനയും എന്നുള്ള പഴമൊഴി അന്വർഥമാക്കുന്നതാണ് ഇന്ത്യയിലെ രോഹിംഗ്യൻ അഭയാർഥി പ്രശ്നം. ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ അഭയാർഥികളുള്ള രാജ്യമാണ് ഇന്ത്യ. മ്യാൻമറിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള അഭയാർഥികളാണ് കൂടുതൽ. രോഹിംഗ്യൻ അഭയാർഥികൾ മാത്രം 40,000 പേരിൽ കൂടുതൽ ഇന്ത്യയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മ്യാൻമർ സൈന്യത്തിന്റെയും ബുദ്ധമതക്കാരായ പ്രദേശവാസികളുടെയും കൊടിയ പീഡനങ്ങളെ തുടർന്നാണ് രാജ്യവും നാടും വീടുമില്ലാതായ രോഹിംഗ്യകൾ പലായനം ചെയ്യേണ്ടിവന്നത്.
കടലോരങ്ങളിൽനിന്നു കനിവ് തേടി
മ്യാൻമറിലെ വംശീയ ന്യൂനപക്ഷമായ രോഹിംഗ്യകളുടെ ദുരിതവും പലായനവും മനുഷ്യകുലത്തിനാകെ ചോദ്യചിഹ്നമായി നിൽക്കുന്നു. മുമ്പ് ഇസ്രയേൽ അധിനിവേശത്തെ തുടർന്ന് പലസ്തീൻ ജനതയും ഐഎസ് ഭീകരുടെ ക്രൂരതകളെ തുടർന്നു സിറിയൻ ജനതയും അടക്കം ചരിത്രത്തിന്റെ കണ്ണീരായി മാറിയ എത്രയോ ലക്ഷങ്ങളാണു പലായനം ചെയ്യേണ്ടിവന്നത്. ഇന്ത്യ പാക് വിഭജനത്തെ തുടർന്ന് ഇരുരാജ്യങ്ങളിലേക്കും നടന്ന പലായനത്തിന്റെ ദുരിതങ്ങളും മറക്കാവുന്നതല്ല.
പലായനങ്ങൾക്കു മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. വിദൂര ദേശങ്ങളിലേക്കുള്ള വേദനിപ്പിക്കുന്ന പറിച്ചെറിയപ്പെടലുകളാണു മിക്ക കുടിയിറക്കങ്ങളും. ഇന്നത്തെപ്പോലെ കാൽപനിക ദേശീയതയും വ്യക്തമായ അതിർത്തികളും നിർണയിക്കപ്പെട്ടിട്ടില്ലാത്ത കാലത്തെ പഴയകാല ദേശാന്തരങ്ങളുമായി ഇക്കാലത്തെ തൂത്തെറിയലുകൾക്കു സാമ്യമില്ല. പുതിയ മേച്ചിൽപുറങ്ങൾ തേടി ഇഷ്ടത്തോടെയുള്ള പറിച്ചുനടലിനു പോലും പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയും നഷ്ടബോധവും ഉണ്ട്.
ഭൂരിപക്ഷത്തിന്റെ ശത്രുതയോടെയുള്ള പീഡനങ്ങളാൽ പിറന്ന നാടും സർവസവും ഉപേക്ഷിച്ച് വിദൂരങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവരുന്നവരുടെ ദുരിതവും വേദനയും അതികഠിനമാണ്. അഭയം തേടിയെത്തിയ നാട്ടിലും കൊടിയ ദുരിതവും അവഗണനയും അവഹേളനവുമാണ് അഭയാർഥികൾ അനുഭവിക്കുന്നത്. ആരോടും പരാതി പറയാൻ പോലുമാകാതെ ദുരിതപർവത്തിൽ കഴിയുന്പോൾ അവിടെയും പുറത്താക്കൽ ഭീഷണി നേരിടേണ്ടിവരുകയെന്നതു വേദനയും ആശങ്കയും കൂട്ടും.
മതവും രാഷ്ട്രീയവും അധികാരത്തിനും പണത്തിനും വേണ്ടിയുള്ള ആർത്തികളുമാണ് എക്കാലത്തും അഭയാർഥികളെ സൃഷ്ടിക്കുന്നതെന്നതിനു ചരിത്രം തെളിവാണ്. നൂറ്റാണ്ടുകൾക്കു മുന്പും ഇപ്പോഴും ഇക്കാര്യത്തിൽ മാത്രം കാര്യമായ വ്യത്യാസമില്ല. പലായനം എന്നതു നിവൃത്തികേടിന്റെ ഫലമാകാമെങ്കിലും അതിന്റെ വേദനകളും പ്രത്യാഘാതങ്ങളും പല തലമുറകളിലേക്കു നീണ്ടുപോകും. പലായനം ചെയ്യപ്പെടാൻ നിർബന്ധിതരായവർ മാത്രമല്ല, അതിലേക്കു വഴിതെളിച്ച ദേശത്തും അവർ ചെന്നെത്തുന്ന ദേശങ്ങളിലുമെല്ലാം ഇതിന്റെ അലയൊലികൾക്കു ശമനം ഉണ്ടാകില്ല.
തലമുറകളായി ജീവിക്കുന്ന ഭൂമിയിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരുന്നതിന്റെ വേദന അനുഭവിക്കാതെ മനസിലാകില്ല. പിറന്ന നാട്ടിൽ സ്വന്തം നാട്ടിൽ അനഭിമതരാവുക, ശത്രുക്കളാവുക, ആർക്കും വേണ്ടാത്തവരാവുക, അഭയാർഥികളാവുക! ഭൂരിപക്ഷ ജനതയുടെ ശത്രുവാകേണ്ടി വരുന്നവർ എക്കാലത്തും പീഡനങ്ങൾക്ക് ഇരയാവുകയാണ്. മ്യാൻമറിലെ രോഹിംഗ്യകളുടെ ജീവിതം അതിനാൽ തന്നെ കൊടിയ പീഡനങ്ങളുടെയും അടിച്ചമർത്തലുകളുടെയും പോരാട്ടങ്ങളുടെയും പലായനങ്ങളുടെയും എല്ലാമാണ്.
രോഹിംഗ്യകൾക്കായി മാർപാപ്പയും
രോഹിംഗ്യൻ അഭയാർഥി പ്രശ്നം ആഗോള മനഃസാക്ഷിയുടെ മുന്നിൽ ചോദ്യചിഹ്നം ആയിക്കഴിഞ്ഞു. ഇന്ത്യയിലുള്ള രോഹിംഗ്യകളെ മടക്കി അയക്കുന്നതിൽ മനുഷ്യാവകാശ ലംഘനമില്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാടും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയും ചർച്ചയായിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ നവംബർ 27 മുതൽ 30 വരെ മ്യാൻമറിൽ സന്ദർശനത്തിനെത്തുന്നതോടെ രോഹിംഗ്യൻ വിഷയം കൂടുതൽ ആഗോള ശ്രദ്ധ നേടുകയും ചെയ്യും. ചരിത്രത്തിലാദ്യമായാണ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപാപ്പ മ്യാൻമർ സന്ദർശിക്കുന്നതെന്നതും പ്രത്യേകതയാണ്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2012നു ശേഷം മാത്രം 1,68,000 രോഹിംഗ്യകളാണ് മ്യാൻമറിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നത്. കലാപകുലിഷതമായ അരാക്കൻ മേഖലയിൽ ഭൂരിപക്ഷമായ ബുദ്ധമതക്കാരും ന്യൂനപക്ഷമായ രോഹിംഗ്യകളും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതിനെ തുടർന്നാണു പലായനം. മ്യാൻമർ സൈന്യവും പോലീസും ചേർന്നാണ് ഏറെയും മുസ്ലിംകളുള്ള രോഹിംഗ്യകൾക്കു നേരേ അക്രമണം നടത്തുന്നത്. വംശീയ ഉന്മൂലനത്തിനാണു മ്യാൻമർ പട്ടാളവും ഭൂരിപക്ഷ ജനതയും ശ്രമിക്കുന്നതെന്നതിലും സംശയിക്കേണ്ട. കാഷ്മീരിലെ പണ്ഡിറ്റുകളോടു ചെയ്ത പോലുള്ള ക്രൂരത.
ചരിത്രപരമായി അരാക്കൻ ഇന്ത്യക്കാർ ആണ് രോഹിംഗ്യകൾ. വടക്കൻ മ്യാൻമറിലെ രഖൈൻ മേഖലയാണ് ഇന്തോ ആര്യർ വംശജരായ രോഹിംഗ്യകളുടെ ജന്മഭൂമി. ബ്രിട്ടീഷ് ആധിപത്യത്തിനു മുന്പ് പഴയ അരാക്കാൻ സ്വതന്ത്ര രാജഭരണത്തിലായിരുന്നു. ഇന്ത്യയിലെ മുഗൾ സാമ്രാജ്യത്തിലും ബർമയിലെ രാജവംശത്തിലും ഉൾപ്പെടാത്ത സ്വതന്ത്ര രാജ്യം. പിന്നീട് അരാക്കൻ രാജാവ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന ചിറ്റഗോംഗ് കീഴ്പ്പെടുത്തിയെന്നു പറയുന്നു. ബുദ്ധമത വിശ്വാസികളായിരുന്ന അരാക്കൻ ജനതയുടെയും രാജാക്കന്മാരുടെയും മുസ്ലിം ബന്ധത്തിന് തുടക്കമായത് ഇതാണെന്നാണു കരുതുന്നത്.
അനാഥത്വത്തിന്റെ നാൾവഴികൾ
ബർമയിലെ ബോഡവ്പായ രാജാവ് 1784ൽ അരാക്കൻ പ്രദേശം പിടിച്ചെടുത്തതോടെയാണു രോഹിംഗ്യകളുടെ അനാഥത്വം തുടങ്ങിയത്. ഇക്കാലത്ത് തന്നെ പലായാനം തുടങ്ങേണ്ടിവന്ന രോഹിംഗ്യൻ ജനതയ്ക്കു നൂറ്റാണ്ടുകൾ കഴിയുന്പോഴും മനുഷ്യത്വരഹിത സമീപനമാണ് നേരിടേണ്ടിവരുന്നത്. അരാക്കൻ പ്രദേശം പൂർണമായി പിന്നീട് ബ്രിട്ടന്റെ നിയന്ത്രണത്തിലായതോടെ ബർമക്കാരിൽ നിന്നു പീഡനമേറ്റിരുന്ന രോഹിംഗ്യകൾ ബ്രിട്ടന് പിന്തുണ നൽകി.
തുടർന്ന് ഇപ്പോഴത്തെ ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും നൂറുകണക്കിനാളുകളെ ബ്രിട്ടീഷുകാർ കൃഷിപ്പണികൾക്കായി ഈ പ്രദേശത്തേക്കു കൊണ്ടുവന്നു. ഇന്ത്യക്കാരായ കുടിയേറ്റ ജനതയുടെ ഉൾപ്പെടെ പിന്തുടർച്ചക്കാരാണ് ഇപ്പോൾ ഇന്ത്യയിൽ രോഹിംഗ്യൻ അഭയാർഥികളായി കഴിയുന്നവർ. രാജ്യവും അസ്ഥിത്വവും ഭൂമിയും വീടും അന്തസും പോലുമില്ലാത്ത ജനതയായി നമ്മുടെ കാരുണ്യം കാത്ത് കഴിയേണ്ടി വരുന്നത്. അതീവ ദയനീയമാണിത്.
ഇപ്പോഴത്തെ പ്രതിസന്ധി തുടങ്ങുന്നതിനു മുന്പു പോലും മ്യാൻമറിൽ 10 ലക്ഷം രോഹിംഗ്യകൾ ഉണ്ടെന്നാണു 201617ലെ കണക്ക്. ഇവരിൽ ഭൂരിപക്ഷവും മുസ്ലിംകളാണെങ്കിലും ചെറിയൊരു വിഭാഗം ഹിന്ദുക്കളുമുണ്ട്. 1982ലെ മ്യാൻമർ ദേശീയത നിയമം അനുസരിച്ച് രോഹിംഗ്യകൾക്ക് പൗരത്വം നൽകില്ല.
രോഹിംഗ്യകളെ തിരിച്ചയയ്ക്കാൻ ഇപ്പോൾ ഇന്ത്യ നിലപാടു സ്വീകരിച്ചതോടെ അവർക്ക് ഒരിടത്തും പൗരത്വമില്ല. പോകാനും ഇടമില്ല. രോഹിംഗ്യൻ അഭയാർഥികളെ ഇന്ത്യയിൽ നിന്ന് ഒഴിപ്പിക്കണമെന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അഭയാർഥികളെ ഇന്ത്യയിൽ എത്തിക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ ബംഗാൾ, ത്രിപുര, മ്യാൻമർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
കുറ്റവാളികളാക്കിയ കുടിയേറ്റക്കാർ
രോഹിംഗ്യകൾ അഭയാർഥികൾ അല്ലെന്നു വരെയാണ് രാജ്നാഥ് സിംഗ് പറഞ്ഞത്. ഒക്ടോബർ മൂന്നിനു സുപ്രീം കോടതി രോഹിംഗ്യൻ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ആഭ്യന്തരമന്ത്രി സർക്കാർ നിലപാട് കഴിഞ്ഞ ദിവസം ആവർത്തിച്ചത്. പരിഷ്കൃത സമൂഹമെന്ന് അഹങ്കരിക്കുന്ന ലോകത്തിനാകെ നാണക്കേടാണ് 10 ലക്ഷത്തിലേറെ വരുന്ന രോഹിംഗ്യകൾ. മനുഷ്യാവകാശ ലംഘനം എന്ന ക്ലീഷേ പദത്തേക്കാളേറെ വലിയ തീരാവേദനയാണിവർ. മനുഷ്യർ മൃഗങ്ങളേക്കാളും അധഃപതിക്കുന്ന ദുരവസ്ഥ കൂടിയാണിത്.
രോഹിംഗ്യകളെ തിരിച്ചെടുക്കാൻ മ്യാൻമർ സർക്കാർ തയാറാണെന്നും അതിനാൽ ഇവരെ തിരിച്ചയക്കുന്നതിൽ മനുഷ്യാവകാശ ലംഘനമില്ലെന്നുമാണു കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. രോഹിംഗ്യകൾ അനധികൃത കുടിയേറ്റക്കാരാണെന്നും ഇവരെ ഇന്ത്യയിൽനിന്നു തിരിച്ചയക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചകൾക്കു മുന്പ് മ്യാൻമറിലെത്തി രോഹിംഗ്യൻ പ്രശ്നത്തിൽ മ്യാൻമർ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സൈന്യത്തിനു നേരെ രോഹിംഗ്യകൾ നടത്തിയ ആക്രമണങ്ങളിലും കലാപത്തിലും നിരപരാധികളായ ജനങ്ങളാണ് കൊല്ലപ്പെടുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഒരു കാലത്ത് പലരുടെയും ആരാധനാ പാത്രമായിരുന്ന മ്യാൻമർ സ്റ്റേറ്റ് കൗണ്സിലറും വിദേശകാര്യമന്ത്രിയുമായ ഓങ് സാൻ സൂകിയുടെ നിലപാടുകളും നടുക്കുന്നതാണ്. രോഹിംഗ്യൻ പ്രശ്നത്തിലെ വിമർശനം ഭയന്ന് ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിൽ നിന്നുവരെ അവർ വിട്ടുനിന്നു.
ഒരുനേരം വയർ നിറയ്ക്കാൻ ഭക്ഷണം പോലുമില്ലാതെ അന്യരാജ്യത്ത് അഭയം തേടി അലയുന്നവരെ ഭീകരരായി കൂടി ചിത്രീകരിക്കുകയാണ്. രോഹിംഗ്യൻ അഭയാർഥികൾക്ക് ഐഎസ്, ഐഎസ്ഐ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നു കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തു. നാളെയേക്കാൾ നല്ലതു മരണമാണെന്നു പോലും ചിന്തിച്ചു പേയേക്കാവുന്ന സ്ഥിതി. മതത്തിന്റെ മറവിൽ പട്ടിണിയും അസ്ഥിത്വമില്ലായ്മയും ചൂഷണം ചെയ്ത് ഭീകരരെ സൃഷ്ടിക്കുന്ന ഫാക്ടറികൾ ചുറ്റിലും ഉണ്ടെന്നതു കാണാതിരിക്കാനും കഴിയില്ല. സിറിയയിലും യെമനിലും മറ്റും ഐഎസ് ഭീകരത വളർന്നതും പാക്കിസ്ഥാനിൽ ഭീകരതയെ വളർത്തുന്നതുമെല്ലാം സമീപകാല ചരിത്രത്തിന്റെ നേർസാക്ഷ്യങ്ങളുമാണ്.
മനുഷ്യത്വം തന്നെ മഹത്തരം
അഭയാർഥികളെ ഭീകരതയിലേക്കും തീവ്രവാദത്തിലേക്കും നയിക്കാതെ, ഒരു രാജ്യത്തിന്റെ പുരോഗതിയിലേക്കു നല്ല സംഭാവന നൽകുന്നവരായി മാറ്റുകയെന്നതാണ് ഏതൊരു പരിഷ്കൃത രാജ്യത്തിന്റെയും കടമ. അമേരിക്കയിലും യൂറോപ്പിലും തുടങ്ങി ഗൾഫ് രാജ്യങ്ങളിൽ വരെ കുടിയേറിയ ഇന്ത്യക്കാർ അതാതു രാജ്യത്തിന്റെ പുരോഗതിക്കു നൽകിയ സംഭാവനകൾ അമൂല്യമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ആരും തീവ്രവാദിയായല്ല ജനിക്കുന്നത്. സാഹചര്യങ്ങളാണു ഭീകരരെ സൃഷ്ടിക്കുന്നത്.
രാജ്യസുരക്ഷ ബലികൊടുക്കാതെ രാജ്യപുരോഗതിയിൽ അഭയാർഥികളെ പങ്കാളികളാക്കുന്നതിനാകണം ഉൗന്നൽ നൽകേണ്ടത്. ഒരു ജനതയുടെ മതവിശ്വാസവും അതിർത്തികളും മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നില്ല. മനുഷ്യത്വത്തേക്കാൾ മഹത്വരമായ മറ്റൊരു മതവും രാജ്യവും ഇല്ല.
Published in Deepika News