ഇന്ത്യയിൽ നിന്നു വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ അനുമതിയുളളത് ആറ് ഏജൻസികൾക്കു മാത്രമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി

കുവൈറ്റ്: ഇന്ത്യയിൽ നിന്നു വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ അനുമതിയുളളത് ആറ് ഏജൻസികൾക്കു മാത്രമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. കുവൈറ്റിലേക്ക് നഴ്സുമാരെ നിയമിക്കുന്നതിനുളള നടപടിക്രമങ്ങൾ സംബന്ധിച്ചു ചില സ്വകാര്യ ആശുപത്രികളിൽ നിന്നുളള അന്വേഷണത്തെ തുടർന്നാണ് എംബസിയുടെ വിശദീകരണം.

കുവൈറ്റ് ഉൾപ്പെടെയുളള 18 രാജ്യങ്ങളിലേക്ക് എമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധമാക്കിയതിനു പുറമെ ഇ-മൈഗ്രേറ്റ് സംവിധാനം വഴി അപേക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ട്. കുവൈറ്റിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് എംബസിയിലെ ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ അപേക്ഷ നൽകണം. ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് സഹായം ആവശ്യമുളളവർക്ക് എംബസി സൗകര്യമൊരുക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തുളള ഏജൻസികളായ നോൺ റസിഡന്റ് കേരളൈറ്റ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ്, ഓവർസീസ് ഡെവലപ്പ്‌മെന്റ് ആൻഡ് എം‌പ്ലോയ്മെന്റ് പ്രമോഷൻ കൺസൽട്ടന്റ്സ് ലിമിറ്റഡ്, ചെന്നൈയിലുളള ഓവർസീസ് മാൻ‌പവർ കോർപ്പറേഷൻ ലിമിറ്റഡ്, കാൺപൂരുളള ഉത്തർപ്രദേശ് ഫിനാൻഷ്യൽ കോർപ്പറേഷൻ, ഹൈദരാബാദിലുളള തെലങ്കാന ഓവർസീസ് മാൻ‌പവർ കമ്പനി, വിജയവാഡയിലുളള ദി ഓവർസീസ് മാൻ‌പവർ കമ്പനി ഓഫ് ആന്ധ്ര‌പ്രദേശ് എന്നിവയാണ് അംഗീകാരമുളള ആറ് ഏജൻസികൾ.

Leave a Reply

Your email address will not be published. Required fields are marked *