പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നോ-ജേക്കബ് തോമസ്

ഓഖി ദുരന്തത്തിന്റെ സാഹചര്യത്തിൽ സര്‍ക്കാരിനെതിരെ ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ചയില്ലാത്ത അവസ്ഥയാണുള്ളത്. അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നു. ഓഖി ദുരന്തത്തില്‍ എത്ര പേര്‍ മരിച്ചെന്നോ എത്ര പേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ അഴിമതിക്കാര്‍ ഐക്യത്തിലായതിനാല്‍ അവര്‍ക്ക് അധികാരമുണ്ട്. സുതാര്യതയെക്കുറിച്ച് ഇന്ന് ആരും ഒന്നും പറയുന്നില്ല. വിശ്വാസമുണ്ടെങ്കില്‍ ജനങ്ങളുടെ അടുത്തുപോയി ഭരണാധികാരികള്‍ക്ക് നില്‍ക്കാം. ജനങ്ങളാണ് യഥാർത്ഥ അധികാരികളെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. 1400 കോടിയുടെ സൂനാമി ഫണ്ട് വിനിയോഗിച്ചത് ശരിയായ രീതിയിലല്ല. അതു നന്നായി വിനിയോഗിച്ചിരുന്നെങ്കിൽ ചെല്ലാനത്ത് ഇപ്പോൾ കാണുന്ന കാഴ്ച ഉണ്ടാകുമായിരുന്നില്ല. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും ജേക്കബ് തോമസ് പരിഹസിച്ചു.

കേരളത്തിലെ ഭരണ സംവിധാനത്തിലുള്ള വിവിധ താല്‍പ്പര്യങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്.

വിജിലൻസ് ഡയറക്ടറായിരിക്കെ സർക്കാരിന്റെ അപ്രീതിക്കു പാത്രമായ അദ്ദേഹം നിലവിൽ സർക്കാർ ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകുന്ന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറകട്റാണ്.

Leave a Reply

Your email address will not be published. Required fields are marked *