മാന്യ മലയാള നാടേ നിനക്ക് വന്ദനം-ജയ് പിള്ള

കേരളം ഷഷ്‌ഠി പൂർത്തി ആഘോഷിക്കുമ്പോൾ നാം അറിയുക നാം ഒട്ടും പിന്നിൽ അല്ല മുന്നിൽ തന്നെ ആണ്.കേരളം സംസ്ഥാനം രൂപീകൃത മായിട്ടു 60 വര്ഷം പൂർത്തിയാവുമ്പോൾ ചില വിലയിരുത്തലുകൾ നല്ലതായിരിക്കും എന്ന് കരുതുന്നു.കേരളം രാഷ്ട്രീയ കലുഷിതം,അപ്രായോഗിക സംസ്ഥാനം എന്നൊക്കെ പലരും എഴുതുകയും സംസാരിക്കുകയും ചെയ്യുമ്പോൾ നാം അറിയാതെ പോകുന്ന ചില വസ്തുതകൾ ഉണ്ട്.
കേരളത്തിലെ ഓരോ മനുഷ്യനും ഒരു ആഗോള പൗര ബന്ധം ഉള്ളവൻ ആണ് എന്ന്.കേന്ദ്ര സഹായത്തിനായി എന്നും കേഴുന്ന കേരളം എന്ന കൊച്ചു സംസ്ഥാനത്തുനിന്നാണ് നവ വികസനങ്ങളുടെ തുടക്കം കുറിക്കുന്നത് എന്ന് പലപ്പോഴും നാം അറിയുന്നില്ല.കൂട്ട് കക്ഷി മന്ത്രി സഭ,സോഷ്യലിസ്റ് ഭരണകൂടം,മുതൽ ഇന്ന് കാണുന്ന ഐ ടി പാർക്കുകൾ വരെ തുടക്കം ഈ കേരളത്തിൽ നിന്നാണ്.ഇന്ത്യയുടെ 3 ശതമാനം മാത്രം ജനസംഖ്യയുള്ള ഈ കൊച്ചു കേരളം ആണ് വിദേശ നാണ്യം ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത്.സാക്ഷരതയിൽ മുന്നിട്ടുനിൽകുന്നത്.വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ യൂറോപ്പിനോട് കിടപിടിക്കുന്നത്.സ്ത്രീ ശാക്തീകരണത്തിലും,താണ വരുമാനക്കാരുടെ,ദളിതരുടെ നിയമനങ്ങളിലും മുന്നിട്ടു നില്കുന്നത്.പല വർഗീയ ശക്തികളുടെയും ചട്ടുകങ്ങൾ ആകാതെ വിഭിന്ന മതക്കാർ ഒന്നിച്ചു ജീവിക്കുന്നത്.ആരാധനാലയങ്ങളിലെ ഉല്സവങ്ങൾ മത വ്യത്യാസമില്ലാതെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്.
ലോകത്തൊരു ഭാഗവും മലയാളിക്ക് അന്യമല്ല. അതിരുകവിഞ്ഞ ഭാഷാഭ്രാന്തോ, പ്രാദേശികസങ്കുചിത ചിന്താഗതിയോ മലയാളിക്കില്ല. ചെല്ലുന്ന സ്ഥലങ്ങളിലൊക്കെ വിപുലമായബന്ധം സ്ഥാപിക്കാന്‍ കഴിയും. സമാധാനപ്രിയരായ ജനസമൂഹമെന്ന നിലയില്‍ മലയാളി എങ്ങും ബഹുമാനിക്കപ്പെടുന്നു.
പ്രവാസികള്‍ സൃഷ്ടിച്ച സംസ്ഥാനമാണു കേരളം. മലയാളിയുടെ പ്രവാസത്തിന്റെ വേരുകള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യകാലത്തോളം ചെന്നെത്തിയിരിക്കുന്നു.
ഇന്നുകാണുന്ന കേരളം സൃഷ്ടിച്ചതു പ്രവാസികളുടെ കണ്ണീരും വിയര്‍പ്പുംകൊണ്ടാണ്. കേരളത്തിന്റെ അറുപതാം ജന്മദിനത്തില്‍ നമ്മള്‍ നന്ദിയോടെ സ്മരിക്കേണ്ടതും അവരെയാണ്.
ഇന്നു കേരളം പല കാര്യങ്ങളിലും ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ആരോഗ്യ വിദ്യഭ്യാസ സാമൂഹിക മേഖലകളിലാകെ യൂറോപ്യന്‍ നിലവാരത്തിനൊപ്പമാണ് നമ്മള്‍.കേരള സംസ്ഥാനം രൂപീകൃതമാകുമ്പോള്‍ നമുക്ക് ഒരു സര്‍വകലാശാലയും, ഒരു മെഡിക്കല്‍ കോളജും, ഒരു എന്‍ജിനിറിങ് കോളജുമാണുണ്ടായിരുന്നത്. അന്ന് അമ്പതു ശതമാനത്തിനടുത്തായിരുന്നു സാക്ഷരത. ദേശീയ ശരാശരി 16.57 ശതമാനം മാത്രമായിരുന്നു. 14,479 സ്‌കൂളുകളാണ് ഇന്നു നമുക്കുള്ളത്. 45 ലക്ഷം വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നു. 1, 88379 അധ്യാപകര്‍ നമുക്കുണ്ട്. പതിമൂന്ന് സര്‍വകലാശാലകളും, രണ്ടു ഡീംഡ് യൂണിവേഴ്‌സിറ്റികളും ദേശീയാടിസ്ഥാനത്തിലുള്ള നാലു സ്ഥാപനങ്ങളുമുണ്ട്. കൊച്ചിയിലെ നിയമസര്‍വ്വകലാശാലയടക്കം പതിനൊന്ന് ഓട്ടോണമസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. പക്ഷേ, ഉയര്‍ന്നനിലവാരത്തിലുള്ള വിദ്യാഭ്യാസം പകര്‍ന്ന് നല്‍കാന്‍ നമുക്കു കഴിയുന്നില്ല. ഇന്ത്യയിലെ മികച്ച പത്തു സര്‍വകലാശാലകളില്‍ ഒന്നുപോലും കേരളത്തിലില്ല.
നിരവധി ആശുപത്രികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപ്ത്രികളും വര്‍ധിച്ചു. പക്ഷേ, ചികിത്സചെലവുള്ളതായിത്തീര്‍ന്നു. വരുംവര്‍ഷങ്ങളില്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നു ചെലവേറിയ ചികത്സയായിരിക്കും. സ്വകാര്യ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ലക്ഷക്കണക്കിനു രൂപയാണു സാധാരണക്കാരനില്‍നിന്നു പിഴിഞ്ഞെടുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുന്നു വിപണിയാണു കേരളം. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മൊത്തം മരുന്നിന്റെ 20 ശതമാനം വിറ്റുപോകുന്നതു കേരളത്തിലാണ്. വെളുക്കാനുള്ളതു മുതല്‍ ലൈംഗിക ഉത്തേജകത്തിനുള്ളവ വരെയുള്ള മരുന്നു കേരളത്തില്‍ ചിലവാകുന്ന അവസ്ഥയാണ്.
നമ്മുടെ പുഴകളും കാടുകളും പുല്‍മേടകളും കായലുകളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കപ്പെടുകയും തലമുറകള്‍ക്കായി അവ നിലനില്‍ക്കുകയും വേണം. പച്ചപ്പു നിറഞ്ഞ ഈ ഭൂമിയിലാണ് തെളിനീരൊഴുകുന്ന, ജാതിയും മതവും വര്‍ഗവും ജീവിതത്തിന്റെ ഒരു മേഖലകളിലും സ്വാധീനംചെലുത്താത്ത ഈ മണ്ണിലാണു നമ്മള്‍ പുതിയ കേരളം പടുത്തയര്‍ത്തേണ്ടത്.നമ്മുടെ സ്വന്തം മലയാള മണ്ണ് .മിശ്ര വിവാഹവും,അഭിപ്രായ സ്വാതന്ത്രവും ജാതി കോമര കൂത്താട്ടങ്ങളും ഇല്ലാത്ത വിദ്യാസമ്പന്നരുടെ സുന്ദരമായ മലയാള മണ്ണ്.

Leave a Reply

Your email address will not be published. Required fields are marked *