മെയ് 10ന് സംസ്ഥാനവ്യാപകമായി ജനകീയ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കേരള ദലിത് കോ-ഓര്‍ഡിനേഷന്‍ മൂവ്‌മെന്റ് ഭാരവാഹികള്‍

പെരുമ്പാവൂരിലെ ദലിത് നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 10ന് സംസ്ഥാനവ്യാപകമായി ജനകീയ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കേരള ദലിത് കോ-ഓര്‍ഡിനേഷന്‍ മൂവ്‌മെന്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന ഹര്‍ത്താല്‍ സമാധാനപരമായിരിക്കും.

പാല്‍, പത്രവിതരണം, ആശുപത്രികള്‍, അവശ്യസേവനസംവിധാനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുപ്പതിലേറെ ദലിത് സംഘടകളുടെ സംയുക്തസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പ്രതികള്‍ക്കെതിരേ പട്ടികജാതി പീഡന നിരോധനിയമപ്രകാരവും കേസെടുക്കണമെന്നും ജിഷയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ കേസില്‍ പെരുമ്പാവൂരിലെ പൊലിസാണ് ഒന്നാംപ്രതി. അവര്‍ക്കെതിരേയും പിട്ടികജാതി പീഡന നിരോധനിയമപ്രകാരം കേസെടുക്കണം. ജിഷയുടെ മരണത്തിനു ഉത്തരവാദികളായ ജനപ്രതിനിധികളെ ദലിത് സംഘടനകളും ജനാധിപത്യവിശ്വാസികളും ബഹിഷ്‌കരിക്കണം.
ഇനിയൊരു ജിഷയും സൗമ്യയും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും ഉണ്ടാകും. ചെയര്‍മാന്‍ എം.എ ലക്ഷ്മണന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. പി.കെ പ്രദീപ് കുമാര്‍, ബിജു ആട്ടോര്‍, കെ.സി സുരേഷ്, കെ.കെ ഗോപി പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ദളിത് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പങ്കെടുക്കണമെന്ന് കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് മുണ്ടു കോട്ടയ്ക്കല്‍ സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു. എട്ടിന് ചേര്‍ത്തലയില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി തുടര്‍പ്രക്ഷോഭങ്ങളെക്കുറിച്ച് തീരുമനിക്കുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *