മലയാളിയുടെ മനസ്സുണർത്തി ജോയ് മാത്യ -റെജി

സമകാലീന സിനിമയിലെ നടനെന്ന നിലയിൽ ജോയ് മാത്യുവിന് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ല, പക്ഷെ അത് അദ്ദേഹത്തിന്റെ കലാജീവിതത്തിലെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന് പലർക്കും അറിയില്ല.
പഠനകാലത്തേ അഭിനയം തുടങ്ങിയ ജോയ് മാത്യു കോഴിക്കോട് സാമൂതിരി കോളേജിൽ പഠിക്കുന്ന കാലം മൂന്നു തവണ തുടർച്ചയായി  യൂണിവേഴ്സിറ്റിയിലെ മികച്ച നടനായിരുന്നു. കാംപസ് തീയേറ്റർ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ച അദ്ദേഹം ഇരുപതോളം നാടകങ്ങളുടെ കർത്താവ് കൂടിയാണ്. ജോൺ അബ്രഹാമിന്റെ അമ്മ അറിയാൻ എന്ന ജനകീയ സിനിമയിൽ പുരുഷൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു 1986 ലാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് കടന്നു വന്നത്.
പുസ്തക പ്രസാധകൻ, നാടക സംവിധായകൻ, നാടക രചയിതാവ് എന്നനിലയിലുള്ള പ്രവർത്തനങ്ങൾക്കുശേഷം മാധ്യമ പ്രവർത്തനം തൊഴിലായി സ്വീകരിച്ച അദ്ദേഹം സൂര്യ ടിവിയുടെ റിപ്പോർട്ടർ, അമൃതാ ടിവിയുടെ മിഡിൽ ഈസ്റ് ബ്യൂറോ ചീഫ് എന്നീ പദവികൾ അലങ്കരിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറത്തിന്റെ ആരംഭകൻ കൂടിയാണദ്ദേഹം.
ജോയ് മാത്യു സ്വന്തമായി തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമ 17 -ആം അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരം പുരസ്കാരം കരസ്ഥമാക്കി. എഴുപതിലധികം ചിത്രങ്ങളിൽ വേഷമിട്ട ജോയ് മാത്യുവിനോട് നടനായോ നാടകകൃത്തായോ, മാധ്യമ പ്രവർത്തകനായോ അതോ സംവിധായകനായോ ഏതു പേരിൽ അറിയപ്പെടാനാണ് ഇഷ്ടമെന്ന് ചോദിച്ചാൽ ഒരു കള്ളച്ചിരിയോടെ ‘ജോയ് മാത്യു എന്ന മനുഷ്യനായറിയപ്പെടാനാണിഷ്ടം’ എന്നായിരിക്കും മറുപടി.
തീവ്രമായ അനുഭവങ്ങളേയും കടന്നുപോയ കാലത്തേയും ചാലിച്ചു സരളമായ ഭാഷയിൽ എഴുതിയ പൂനാരങ്ങ എന്ന അദ്ദേഹത്തിന്റെ കൃതി അടുത്തകാലത്തിറങ്ങിയ പുസ്തകങ്ങളിൽ മികച്ചതാണ്.
ടോറോന്റോയിൽ നടക്കുന്ന ഫൊക്കാനാ കൺവെൻഷണിലും, എഡ്‌മണ്ടണിലും കാൽഗരിയിലും നടക്കുന്നഇന്ത്യൻ ഫിലിം ഫെസ്റിവലിലും പങ്കെടുക്കാനെത്തുന്ന ജോയ് മാത്യുവിന് കാനഡയിലേക്ക് സ്വാഗതം.

Leave a Reply

Your email address will not be published. Required fields are marked *