കാശീമീർ- രാഷ്ട്രീയ അജണ്ടകൾ തീർക്കുന്ന രക്തപുഴ

ദൈവം അനുഗ്രഹിച്ചുനല്‍കിയ പ്രകൃതിസൗന്ദര്യത്തില്‍ കുളിച്ചുനില്‍ക്കുന്ന, ആരും കൊതിക്കുന്ന ഭൂപ്രദേശം. ആപ്പിളിന്റെ നിറമുള്ള കവിളുകളുമായി നടന്നുനീങ്ങുന്ന സുന്ദരന്മാരുടെയും സുന്ദരികളുടെയും നാട്. പക്ഷേ.., ഉത്തരേന്ത്യയിലെ ഈ അതിമനോഹരദേശം 2 മാസക്കാലമായി കലാപഭൂമിയാണ്. കല്ലേറും ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസ് പ്രയോഗവുമെല്ലാം കടന്ന്, തുടര്‍ച്ചയായ വെടിവയ്പ്പുകള്‍ അരങ്ങേറാന്‍ തുടങ്ങിയിരിക്കുന്നു. കൊച്ചുകുട്ടികളടക്കം നൂറുകണക്കിനുപേര്‍ക്കു സൈന്യത്തിന്റെ തോക്കില്‍നിന്നുതിരുന്ന പെല്ലറ്റ് എന്ന ചെറിയ ഇരുമ്പുണ്ടകള്‍ കണ്ണില്‍ത്തറച്ച് കാഴ്ചനഷ്ടപ്പെടുന്നു. ദേഹമാസകലം പരുക്കേല്‍ക്കുന്നു.
മറുപുറത്ത് നാട്ടുകാരും അടങ്ങിയിരിക്കുന്നില്ല. കിട്ടിയ കല്ലുകളെടുത്ത് അവര്‍ സൈനികരെ എറിഞ്ഞോടിക്കുകയാണ്. പൊലിസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെടുന്നു. ജനങ്ങളും സൈനികരും തമ്മിലുള്ള ഈ സംഘര്‍ഷാവസ്ഥ മുതലെടുത്തു പാകിസ്താന്റെ പിന്തുണയോടെ അതിക്രമിച്ച് അതിര്‍ത്തികടന്നെത്തുന്ന തീവ്രവാദികള്‍ നമ്മുടെ സൈനിക ഉദ്യോഗസ്ഥന്മാരെ വേട്ടയാടുന്നു.
എഴുപതോളംപേര്‍ മരിക്കുകയും മൂവായിരത്തിലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായാണു കണക്ക്. നൂറിലേറെ കുട്ടികള്‍ക്കു ഭാഗികമായോ പൂര്‍ണമായോ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. അനിഷ്ടസംഭവങ്ങള്‍ ആരംഭിച്ചത് ജൂലൈ എട്ടിനു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിനരികെയുണ്ടായ സംഘട്ടനത്തില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാഹി കൊല്ലപ്പെട്ടതോടെയാണ്. നിരപരാധിയായ ചെറുപ്പക്കാരനെ വ്യാജഏറ്റുമുട്ടലിന്റെ മറവില്‍ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു.
അതുകേട്ടു ജനം രോഷത്തോടെ തെരുവിലിറങ്ങി. പൊലിസ് സേനയെ സഹായിക്കാനെത്തിയ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെയും സെന്‍ട്രല്‍ റിസര്‍വ് പൊലിസിലെയും സൈനികരുള്‍പ്പെടെ ആക്രമിക്കപ്പെട്ടു. നാടുനീളെ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ക്രമേണ ഈ പ്രതിഷേധപ്രകടനങ്ങളും തിരിച്ചടികളും ലഷ്‌കറെ ത്വയ്ബയെപ്പോലെയും ജയ്‌ഷെ മുഹമ്മദ് പോലെയുമുള്ള ഭീകരസംഘടനകള്‍ പാകിസ്താന്‍ സഹായത്തോടെ ഹൈജാക്ക് ചെയ്യാന്‍ തുടങ്ങി. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ലാത്തിച്ചാര്‍ജും ടിയര്‍ ഗ്യാസ് ഷെല്‍ പ്രയോഗവും പാരജയപ്പെട്ടിടത്തു മനുഷ്യാവകാശകമ്മിഷനുള്‍പ്പെടെ നിരോധിച്ച പെല്ലറ്റ് വര്‍ഷവും നിര്‍ബാധം നടന്നു.
നാഷനല്‍ കോണ്‍ഫറന്‍സ് നേതാവായ ഉമര്‍ അബ്ദുല്ലയുടെ കാലത്തു പെല്ലറ്റ്പ്രയോഗം നടന്നപ്പോള്‍ അതിനെ ശക്തിയായി എതിര്‍ത്തയാളാണു പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്ത്തി. പിതാവ് മുഫ്തി മുഹമ്മദ് സഈദിന്റെ മരണത്തെത്തുടര്‍ന്ന് അധികാരമേറ്റ മകള്‍ ഇപ്പോള്‍ പെല്ലറ്റ് പ്രയോഗത്തെ ന്യായീകരിക്കുകയാണ്. കണ്ണിനും കൈയ്ക്കും പരുക്കേറ്റ് ആശുപത്രിയിലായ കൊച്ചുകുട്ടികളെയാണ് അവര്‍ നിര്‍ദാക്ഷിണ്യം കുറ്റപ്പെടുത്തുന്നത്. പരുക്കേറ്റ കുട്ടികള്‍ പാല്‍ വാങ്ങാനോ, മിഠായി വാങ്ങാനോ അല്ലല്ലോ തെരുവിലെത്തിയത് എന്നാണു അവരുടെ ആക്ഷേപസ്വരത്തിലുള്ള പ്രതികരണം.
കശ്മിര്‍ പ്രക്ഷോഭം തടയുന്നതിനിടയില്‍ ആദ്യമാസത്തില്‍ത്തന്നെ പതിമൂന്നുലക്ഷം പെല്ലറ്റുകള്‍ ഉതിര്‍ക്കയുണ്ടായെന്നാണു റിപ്പോര്‍ട്ട്. കേന്ദ്രആഭ്യന്തരസെക്രട്ടറി ടി.വി.എന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഏഴംഗസമിതിയുടേതാണ് ഈ റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 8650 ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പൊട്ടിക്കുകയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാരാമുള്ള, അനന്ത്‌നാഗ്, ബന്ദിപ്പൂര്‍, ഷോപിയാന്‍, ഖൈര്‍ഹാംപൂര്‍ തുടങ്ങിയ വടക്കും തെക്കും കശ്മിരില്‍ മാത്രമല്ല, ഹിന്ദു ഭൂരിപക്ഷപ്രദേശമായ ജമ്മുവിലും സംഘട്ടനങ്ങള്‍ അരങ്ങേറി.
പ്രതിഷേധക്കൊടുങ്കാറ്റു ശമിപ്പിക്കാനാവാതെ സംസ്ഥാനസര്‍ക്കാര്‍ നിരോധനാജ്ഞയും നിശാനിയമങ്ങളും നടപ്പിലാക്കി. ഇന്റര്‍നെറ്റ് സര്‍വിസ് സ്തംഭിപ്പിക്കുകയും മൊബൈല്‍ ഫോണ്‍ സര്‍വിസ് മരവിപ്പിക്കുകയും ചെയ്തു. കശ്മിരിനെ മൊത്തം നിശ്ചലമാക്കുന്ന നടപടി. ഇത് ആ പ്രദേശത്തെ സാമ്പത്തികമായി തകര്‍ക്കാനേ ഉപകരിച്ചുള്ളു. കൊല്ലംതോറും 8000 കോടി രൂപയുടെ പഴവര്‍ഗങ്ങള്‍ കയറ്റുമതിചെയ്യാറുണ്ടായിരുന്ന കശ്മിരില്‍നിന്നുള്ള കയറ്റുമതി കുറഞ്ഞു. പഴവര്‍ഗങ്ങളും കയറ്റി നൂറുകണക്കിനു ട്രക്കുകളുടെ നിത്യേന കുതിച്ചുപായല്‍ കാണാക്കാഴ്ചയായി. നിരോധനം ഒരുമാസത്തിലേറെ നീണ്ടിട്ടും സംഘട്ടനങ്ങള്‍ക്കു ഒരു കറവുമുണ്ടായില്ല.
അതുവരെ ‘ഞാനൊന്നും കണ്ടില്ല, കേട്ടില്ല, അറിഞ്ഞില്ല’ എന്നമട്ടില്‍ മുനിഞ്ഞിരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്നു കണ്ടപ്പോള്‍ അദ്ദേഹം മനസു തുറന്നു. ‘നാട്ടുകാരുടേതായാലും പട്ടാളക്കാരുടേതായാലും നഷ്ടപ്പെടുന്ന ഓരോ ജീവനും നാടിന്റെ നഷ്ടംതന്നെയാണെ’ന്നു നരേന്ദ്രമോദി പറഞ്ഞു.
ബി.എസ്.എഫിന്റയും സി.ആര്‍.പി.എഫിന്റെയും പിന്‍ബലം കാര്യമായി ഉണ്ടായിട്ടും സൈനികര്‍ക്കു പരുക്കേല്‍ക്കുകയും ഹിസ്ബുല്‍ മുജാഹിദീനെന്ന പാകിസ്താന്‍ ഭീകരസംഘടന അതിക്രമിച്ചുകടന്നു നമ്മുടെ പൊലിസുകാരെ കൊല്ലുകയും ചെയ്തിട്ടും കശ്മിര്‍ അസ്വാസ്ഥ്യത്തെക്കുറിച്ചു പ്രധാനമന്ത്രി പ്രതികരിച്ചത് ഒരുമാസം കഴിഞ്ഞ ശേഷമാണെന്നോര്‍ക്കുക.
55 പേരുടെ മരണം റിപ്പോര്‍ട്ടുചെയ്യപ്പെട്ടശേഷമാണു നരേന്ദ്രമോദി സംയമനത്തെയും സമാധാനത്തെയും ചര്‍ച്ചയുടെ പ്രാധാന്യത്തെയും കുറിച്ചു പറയാന്‍ വാതുറന്നത്. മുന്‍പ്രധാനമന്ത്രി എ.ബി വാജ്‌പേയിയെ ഉദ്ധരിച്ചുകൊണ്ടു കശ്മിരിയത്തിനൊപ്പം ഇന്‍സാനിയത്തിനെയും (മനുഷ്യത്വം) ജംഹൂറിയത്തിനെയും (ജനാധിപത്യം) അദ്ദേഹം പ്രസ്താവനാ വിഷയമാക്കി. പുസ്തകങ്ങളും ക്രിക്കറ്റ് ബാറ്റുകളുമെടുക്കേണ്ട പ്രായത്തില്‍ കുട്ടികള്‍ കല്ലെടുക്കുന്നതില്‍ അദ്ദേഹം വേദനിച്ചു.
അതിനുപിന്നാലെ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു: ”ഇന്ത്യക്കാരെല്ലാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു കശ്മിരികളും അര്‍ഹരാണ്. അവിടെ മരണപ്പെടുന്നവരാരായാലും അതു രാജ്യത്തിന്റെ നഷ്ടമാണ്.” പ്രതിപക്ഷനേതാക്കള്‍ മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ച്ചെന്നു രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. അതു മോദി വായിച്ചുകാണണം.
നിവേദനത്തിലെ പൊതുവായ ആവശ്യം അഖിലകക്ഷിസംഘത്തെ കശ്മിരിലേയ്ക്ക് അയയ്ക്കണമെന്നതായിരുന്നു. കൂട്ടായ ചര്‍ച്ച നടത്തണമെന്നതായിരുന്നു മറ്റൊരു ആവശ്യം. ഇതിനിടയില്‍ ബി.ജെ.പിയുടെ പിന്തുണയോടെ സംസ്ഥാനം ഭരിക്കുന്ന പി.ഡി.പി മുഖ്യമന്ത്രി മെഹബൂബയ്ക്കും മനംമാറ്റമുണ്ടായി. ശ്രീനഗറിലെത്തിയ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോട് അഖിലകക്ഷിസംഘത്തെ അയക്കണമെന്ന് അവര്‍ നേരിട്ടു പറഞ്ഞു. ജമ്മുകശ്മിര്‍ ഗവര്‍ണര്‍ക്കെതിരേയും അവര്‍ പ്രതികരിച്ചു. ബി.ജെ.പി നിയോഗിച്ചയച്ച ഗവര്‍ണര്‍ ബി.കെ സിന്‍ഹ കശ്മിരിലെ സ്ഥിതിഗതികള്‍ നേരേചൊവ്വേ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നില്ലെന്നതായിരുന്നു അവരുടെ പരാതി. ഗവര്‍ണറെ മാറ്റണമെന്നും പെല്ലറ്റ് പ്രയോഗം നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സമാധാനപരമായ പരിഹാരമാണു ലക്ഷ്യമാക്കുന്നതെങ്കില്‍ വിഘടനവാദികളോടുപോലും സംഭാഷണം നടത്താന്‍ തയാറാവാണമെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സെക്യൂരിറ്റി ക്യാംപുകള്‍ ആക്രമിക്കാന്‍ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ചുവിടുന്ന ഏര്‍പ്പാടുനിര്‍ത്തിയാല്‍ മതിയെന്നു മാത്രമാണ് മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന ബദല്‍വ്യവസ്ഥ. നിരോധനാജ്ഞ കാരണം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയും നിശാനിയമംമൂലം വീടുകളിലേയ്ക്കു സാധനസാമഗ്രികളെത്തിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന അനുഭവത്തെ പാര്‍ലമെന്റില്‍ പ്രതിപക്ഷനേതാക്കള്‍തന്നെ ചൂണ്ടിക്കാട്ടി. പാക് സഹായത്തോടെ ഭീകരതാണ്ഡവം ഭയന്നു തെക്കന്‍ കശ്മിരിലെ 36 പൊലിസ് സ്റ്റേഷനുകളില്‍ 33 എണ്ണവും അനാഥമായി. പൊലിസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പൊലിസുപോലും നോക്കുകുത്തികളായി എന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.

ഇതല്ലാം കാണും കെട്ടും ഇന്ത്യ മൗനം പാലിക്കുന്നു.സമാധാന പ്രിയർ  എന്ന പേരിൽ അറിയപ്പെടുമ്പോൾ നഷ്ടപ്പെട്ടുന്നതു വിശ്വാസവും,ജന പിന്തുണയും ആണ്.അടിയന്തിരാവസ്ഥയും ,ബ്ലൂസ്റ്റാർ ഓപ്പറേഷനും,കാർഗിലും എല്ലാം കാലഘട്ടങ്ങളിലെ സാഹചര്യങ്ങൾക്ക് ആവശ്യമായിരുന്നു വെങ്കിൽ തീവ്രവാദികൾക്കും ,തീവ്രവാദം വളർത്തുന്ന അയൽരാജ്യത്തിനുമെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കണം.അതിനു കഴിയില്ല എങ്കിൽ കാശ്മീരിനെ ഇന്ത്യയുടെ ഭൂപടത്തിൽ നിന്നും മായ്ച്ചു കളയുക.സൈനികൻ ആയാലും,സാധാരണക്കാരൻ ആയാലും മരിച്ചു വീഴുന്നത് സഹജീവികൾ ആണ് . വ്യക്തിയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് സർക്കാരിന്റെ കടമയും,കർത്തവ്യവും ആണ്.കഴിഞ്ഞ രണ്ടു മാസം ആയി അതി രൂക്ഷവും,തീവ്രവും ആയ രീതിയിൽ നടക്കുന്ന ആക്രമണങ്ങളിൽ കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ല എന്ന് ഓർക്കുക.ഭരണാധിപന്മാരുടെ മാറി മാറിയുള്ള പ്രസ്താവനകൾ അല്ല പ്രവർത്തിയാണ് ആവശ്യം.”കാശ്മീർ പ്രശ്നം “മാറി വരുന്ന സർക്കാരുകൾ ഏഴു പതിറ്റാണ്ടുകൾ ആയി ചർച്ച ചെയ്യുന്നു.”പ്രശ്നം”പരിഹരിച്ചാൽ പിന്നെ എന്ത് വിഷയം ആണ് ഉള്ളത് പ്രകടന പത്രികകളിൽ തുടർക്കഥ പോലെ എഴുതുവാൻ.കാശ്മീർ പ്രശ്നം രാഷ്ട്രീയ അജണ്ടകൾക്കു അതീതമായാൽ മാത്രമേ പരിഹരിക്കപ്പെടുക ഉള്ളൂ .

Leave a Reply

Your email address will not be published. Required fields are marked *