ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് നല്ലതല്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് നല്ലതല്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ചും മുത്തലാഖ് നിരോധനത്തെ കുറിച്ചും നിയമ കമ്മീഷന്‍ പുറത്തുവിട്ട ചോദ്യാവലി ബഹിഷ്കരിക്കും എന്നു പ്രഖ്യാപിച്ചു കൊണ്ട് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗങ്ങള്‍ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് നല്ലതല്ലെന്ന് ആരോപിച്ചത്.

ഇന്ത്യയില്‍ പല സംസ്കാരങ്ങളുണ്ടെന്നും എല്ലാ സംസ്കാരവും ആദരിക്കപ്പെടണമെന്നും മോദി സര്ക്കാര്‍ ഭിന്നിപ്പിക്കല്‍ തന്ത്രമാണ് പ്രയോഗിക്കുന്നതെന്നും ബോര്‍ഡ് അംഗമായ മൌലാന മുഹമ്മദ് വാലി റഹ്മാനി പത്രസമ്മേളനത്തില്‍ പറഞ്ഞു. പരാജയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നു പിന്‍മാറണമെന്നും രാജ്യത്തെ മുസ്ലിംകളെ ബോധവത്കരിക്കാന്‍ ശ്രമിക്കുമെന്നും ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും മൌലാന മുഹമ്മദ് വാലി റഹ്മാനി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിംകള്‍ തുല്യ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇത് കുറച്ചുകാണിക്കാനാണ് ശ്രമിക്കുന്നതെന്നും അമേരിക്കയില്‍ ഓരോരുത്തര്‍ക്കും അവരുടെ വ്യക്തി നിയമങ്ങള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും മൌലാന മുഹമ്മദ് വാലി റഹ്മാനി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ചയാണ് നിയമ കമ്മീഷന്‍ ചോദ്യാവലി പുറത്തു വിട്ടത്. മുത്തലാഖും ഏകീകൃത സിവില്‍ കോഡുമാണ് ഇതിലെ മുഖ്യ വിഷയങ്ങള്‍. നിലവിലെ വ്യക്തി നിയമങ്ങളും ആചാരങ്ങളും പ്രത്യേകം ചട്ടവത്കരിക്കേണ്ടതുണ്ടോ എന്നും അത് ജനങ്ങള്‍ക്ക് ഗുണം ചെയ്യുമോ എന്നും മുതലാഖ് നിരോധിക്കണോ ഭേദഗതികളോടെ തുടരണോ എന്നും കമ്മീഷന്‍ ആരായുന്നു. വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, പിന്തുടര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഏകീകൃത ചട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്നും ഏകീകൃത കോഡ് വ്യക്തി നിയമത്തിന്‍മേലുള്ള കടന്നുകയറ്റമാകുമോ എന്നും കമ്മീഷന്‍ ആരായുന്നുണ്ട്.

മുസ്ലിം സമൂഹത്തെക്കാള്‍ കൂടുതല്‍ വിവാഹ മോചന നിരക്ക് ഹിന്ദു സമൂഹത്തില്‍ ഇരട്ടിയാണെന്നും മുതലാഖ് നിരോധിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ജമാഅത്ത് ഉലമ ഹിന്ദ് പ്രസിഡന്‍റ് മൌലാന അര്‍ഷാദ് മദനി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *