ഭാഷ എക്കാലവും ശ്രേഷ്ഠം ,കാര്യത്തിൽ ആണ് കഷ്ടം -പ്രൊഫ.കോശി തലക്കൽ ,മാറ്റൊലി സാഹിത്യ സന്ധ്യ

കാനഡ: ഭാഷ എക്കാലവും ശ്രേഷ്ഠം  ,കാര്യത്തിൽ ആണ് കഷ്ടം -പ്രൊഫ.കോശി തലക്കൽ -മാറ്റൊലി മാഗസിൻ സംഗടിപ്പിച്ച സാഹിത്യ സന്ധ്യയിലെ മുഖ്യ പ്രഭാഷകൻ ആയിരുന്ന പ്രൊഫ.കോശി തലക്കൽ മലയാള ഭാഷക്കും ,സാഹിത്യത്തിനും നേരിട്ട് കൊണ്ടിരിക്കുന്ന മൂല്യ ച്യുതിയെ പറ്റി വിശദമായി സംസാരിക്കുക ഉണ്ടായി.ഭാഷ ഉടലെടുത്ത കാലം മുതൽ തന്നെ ഭാഷയും അനുബന്ധ ലിപികളും സാഹിത്യവും ശ്രേഷ്ഠം ആയിരുന്നു.ഓരോ കാലത്തും ഓരോ നിമിഷവും അത് ശ്രേഷ്ഠം തന്നെ ആണ് .ഫ്രഞ്ച് പോലുള്ള ഭാഷകൾ ഒഴിച്ചാൽ മറ്റു ഭാഷകൾക്ക് ആണ് അനു നിമിഷം മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു.അത് ലിപിയിൽ ആയാലും ,മൊഴിയിൽ ആയാലും അനുദിനം സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു.ഇന്ത്യ പോലുള്ള രാജ്യത്ത് പ്രധാന നഗരങ്ങളിൽ വിവിധ സംസ്ഥാനത്തെ വിവിധ ഭാഷക്കാരുടെ സംഗലനം മൂലം പുതിയ സംസാര ഭാഷ തന്നെ ഉടലെടുത്തിരിക്കുന്നു .
ആശയവിനിമയത്തിനുള്ള ഉപാധിയാണ് ഭാഷ. വചനം, വാക്ക് എന്നൊക്കെയാണര്‍ഥം. ലോകത്ത് പതിനായിരത്തിലധികം ഭാഷകള്‍ ഉണ്ടായിരുന്നുവത്രെ. 1950 ആയപ്പോഴേക്കും അത് 6500 ആയി കുറഞ്ഞു. എ.ഡി 2050 ആകുമ്പോഴേക്ക് ലോകത്ത് അവശേഷിക്കുന്ന ഭാഷകള്‍ 3000 മാത്രമായിരിക്കുമെന്നും അനുമാനിക്കപ്പെടുന്നു.
എ.ഡി 2050 ആകുമ്പോഴേക്ക്  ‘മലയാളം’ എന്ന ഭാഷ ഭൂമുഖത്ത് ഉണ്ടാകുമോ 1970 ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ മൊത്തെ ജനസംഖ്യയുടെ നാല് ശതമാനം മലയാളഭാഷ സംസാരിച്ചിരുന്നു. 1981 ല്‍ മലയാളഭാഷ സംസാരിച്ചിരുന്നവരുടെ ശതമാനം 03.7 ായി കുറഞ്ഞു. 1991 ലും 2001 ലും ഇത് ക്രമപ്രകാരം 03.5, 02.8 ശതമാനമായി വീണ്ടും കുറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യ ഇപ്പോള്‍ 120 കോടിയാണ്. ഇവരിലെ 02.8 ശതമാനം ആളുകള്‍ മലയാളം സംസാരിക്കുമെങ്കില്‍ ഇത് ഏകദേശം മൂന്ന് കോടി വരും. എവിടെയാണ് ഗണ്യമായ കുറവ്  സംസാരത്തില്‍ ഇല്ല. വായനയിലും പഠനത്തിലുമാണ് മലയാളം അവഗണിക്കപ്പെടുന്നത്.
ഭാഷയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന് താത്വികവശം, രണ്ട് പ്രായോഗികവശം. ഭാഷയുടെ ഉത്്ഭവം, വളര്‍ച്ച, അനുബന്ധമായ നിയമാവലികള്‍ (വ്യാകരണം) എന്നിവയാണ് താത്വികവശം. ഉപയോഗം, വര്‍ത്തമാനകാല പ്രസക്തി, ജനജീവിതവുമായി ഭാഷയ്ക്കുള്ള ബന്ധം എന്നിവയാണ് പ്രായോഗികവശം.
മലയാളനാട് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ‘മലൈനാട് ‘ എന്നാണ്. ഈ മലൈനാട്ടിലെ ആദിമ നിവാസികള്‍ തമിഴാണ് സംസാരിച്ചിരുന്നത്. എല്ലാ കാലത്തും ഭാഷയില്‍ ഗ്രന്ഥഭാഷ, വായ്‌മൊഴിഭാഷ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുമുണ്ടാകുമല്ലോ. പ്രാചീനകാല തമിഴിലുമുണ്ടായിരുന്നു ഇങ്ങനെ രണ്ടുവിഭാഗം. ഗ്രന്ഥഭാഷ ‘ചെന്തമിഴ് ‘ എന്ന പേരിലും വായ്‌മൊഴി ഭാഷ ‘കൊടുംതമിഴ് ‘ എന്ന പേരിലും അറിയപ്പെട്ടു. പലവക കൊടുംതമിഴുകള്‍ ഉണ്ടായിരുന്നതില്‍ ഒന്നാണ് മലയാളമായി രൂപാന്തരം പ്രാപിച്ചത്. നിയതമായ ചില വ്യാകരണനിയമങ്ങളുടേയും മറ്റും ഫലമായ മലയാളം വളര്‍ന്ന് പുഷ്ടിപ്രാപിച്ചു. മലയാളഭാഷയുടെ ഉത്്ഭവവും വളര്‍ച്ചയും സംബന്ധിച്ച ഈ അഭിപ്രായം കേരളപാണിനിയുടേതാണ്.
ഔപചാരിക വിദ്യാഭ്യാസത്തിന് 3 ലക്ഷ്യങ്ങളാണുള്ളത് (1) സാമൂഹ്യപ്രസക്തി (2) ഗുണമേന്മ (3) തൊഴില്‍ സാധ്യത. ഇതില്‍ വിദ്യാഭ്യാസത്തിന്റെ സാമൂഹ്യപ്രസക്തി എന്നോ വിസ്മരിക്കപ്പെട്ടു. ഗുണമേന്മയും ഇല്ലാതായി. എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ പറ്റുന്ന തൊഴില്‍ സാധ്യതക്കാണ് ഇന്ന് പ്രാധാന്യം നല്‍കുന്നത്.
കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളുടേയും ഗള്‍ഫ് സമ്പദ് പ്രവാഹത്തിന്റേയും ഫലമായി ധാരാളം ധനാഢ്യര്‍ നാട്ടിന്‍പുറങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും ധനത്തിന്റെ ആധിക്യവും അവബോധത്തിന്റെ അഭാവവുമുണ്ടുതാനും. തന്മൂലം ഇവരുദ്ദേശിക്കുന്നത്, തങ്ങളുടെ കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ ഇംഗ്ലീഷ്  ‘പച്ചവെള്ളം’ പോലെ സംസാരിച്ചുതുടങ്ങണമെന്നും തദ്വാരാ സമൂഹത്തില്‍ ഉയര്‍ന്നുവരണമെന്നുമാണ്. തങ്ങള്‍ക്ക് നേടാനാകാത്ത ഔന്ന്യത്തിന്റെ മേഖലകള്‍ മക്കള്‍ കീഴടക്കണമെന്ന, രക്ഷിതാക്കളുടെ ആഗ്രഹം സ്വഭാവികമാണ്. അതിനെ കുറ്റം പറഞ്ഞുകൂടാ. രക്ഷിതാക്കളുടെ ഈ അമിതാഗ്രഹത്തെ സുന്ദരമായി ചൂഷണം ചെയ്യാന്‍ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. സര്‍ക്കാരും ഇതിന് കൂട്ടു നില്‍ക്കുന്നു.
മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് വിഘ്‌നം സൃഷ്ടിക്കുന്നത്, ഇംഗ്ലീഷ്ഭാഷാ പ്രേമികള്‍ മാത്രമല്ല. മലയാളത്തിലെ എഴുത്തുകാരില്‍ നല്ലൊരു പങ്കും ഇതിന് ഉത്തരവാദികളാണ്. ഇവരുടെ സൃഷ്ടികള്‍ ഒരിക്കല്‍ വായിച്ചു കഴിഞ്ഞാല്‍, പിന്നീട് ജീവിതത്തിലൊരിക്കലും ഇത്തരം സൃഷ്ടികള്‍ വായിക്കാന്‍ തോന്നാത്തവിധം ഭാഷയെ അതീവ ദുരൂഹമാക്കുന്ന രീതി സ്വീകരിച്ചുകഴിഞ്ഞ സാഹിത്യകാരന്മാര്‍ മലയാളത്തില്‍ നിരവധിയുണ്ട്.
അഞ്ച് ജ്ഞാനപീഠപുരസ്‌കാര ലബ്ധി. പ്രതിവര്‍ഷം എഴുത്തച്ഛന്‍, വെള്ളത്തോള്‍, മുട്ടത്തുവര്‍ക്കി, പത്മപ്രഭാ, ചെറുകാട് പുരസ്‌കാരങ്ങള്‍. അനേകം ചെറിയ പുരസ്‌കാരങ്ങള്‍ വേറെയും. ഏറ്റവുമൊടുവില്‍ ശ്രേഷ്ഠഭാഷാ പദവിയും! ഇത്രയും മഹിമയാര്‍ന്ന മലയാളം, അനുനിമിഷം മരണവക്ത്രത്തിലേയ്ക്ക് നീങ്ങുകയാണ്.
ഇംഗ്ലീഷ് ഭാഷയെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും ശ്രമിക്കുന്ന സര്‍ക്കാര്‍ ആരെയോ തൃപ്തിപ്പെടുത്താനെന്നമട്ടില്‍ അര്‍ധ മനസോടെയാണ് മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി നല്‍കണമെന്ന ആവശ്യപ്പെട്ടത് ! അത് അനുവദിക്കുകയും ചെയ്തു. പദവിയുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന കോടികള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് വിനിയോഗിക്കാന്‍ സാധ്യമാകുമോ എന്നാണോ ഇപ്പോഴും സര്‍ക്കാര്‍ ചിന്തിക്കുന്നത് പ്രൊഫ: ഒ.എന്‍.വി കുറുപ്പ് ഒരിക്കല്‍ സൂചിപ്പിച്ചതു പോലെ ‘കള്ളച്ചുരിക തീര്‍ക്കാനുള്ള കൊല്ലപ്പണിക്കാരന്റെ ശ്രമം’ മലയാള ഭാഷയുടെ കാര്യത്തിലെങ്കിലും പരാജയപ്പെടട്ടെ.

വേൾഡ് മലയാളി ലിറ്റെററി ഡയറക്റ്റർ സുരേഷ് നെല്ലിക്കോട് പ്രൊഫ.കോശിയെ പൊന്നാട അണിയിച്ചു ആദരച്ചു.മാറ്റൊലി ഫോട്ടോ ഗ്രാഫിക് എഡിറ്ററും ,വേൾഡ് മലയാളീ കൌൺസിൽ ഇവന്റ് ഡയറക്റ്റർ കൂടി ആയ ബാലു ഞാലെലിൽ മാറ്റൊലിയുടെ പേരിൽ മൊമന്റോ നല്കുക ഉണ്ടായി    മാറ്റൊലിയുടെ മാനേജിംഗ് എഡിറ്റർ ജയ്‌ പിള്ള സ്വാഗതവും ,മാനേജിംഗ് ഡയറക്റ്റർ ലൗവ്ലി നന്നിയും രേഖപ്പെടുത്തി. കാനഡ കാത്തലിക് സ്കൂൾ ബോർഡ് ഡയറക്ട്ടർ  ശ്രീ.തോമസ്‌ കെ തോമസ്‌ ,പ്രമുഖ സാഹിത്യകാരന്മാരായ ജോൺ ഇളമത .സുരേഷ് നെല്ലിക്കോട് ,ഡോ .അമിത മുണ്ടൻ ചിറ  ,സൂസൻ വറുഗീസ് (വേൾഡ് മലയാളി)എന്നിവർ സംബന്ധിച്ചു .
കാനഡ പോലുള്ള ഒരു കുടിയേറ്റ ഭൂമിയിൽ ഇതുപോലൊരു സാഹിത്യ സന്ധ്യ നടപ്പിലാക്കിയതിന് മാഗസിൻ ഭാരവാഹികൾക്ക് അദ്ദേഹം എല്ലാവിധ ഐശ്വര്യവും നേർന്നു .ചടങ്ങിൽ വിവിധ സംഗടന നേതാക്കളും,സാമൂഹ്യ പ്രവർത്തകരും സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *