പ്രണയം – Jay Pillai

 നനഞ്ഞ മണ്ണിന്റെ- മണം
ഭൂമിയില്‍ മഴ പെയ്യുന്നുണ്ടായിരുന്നു
അകലെ ഒരു ലോകത്തില്‍,
എരിയുന്ന ചൂടില്‍ ജലകണങ്ങള്‍.
നീരാവിയായി .
അകലെ നക്ഷത്രങ്ങളെ തൊടാവുന്ന,
അകലത്തില്‍ ഞാന്‍ നിന്നു.
ഭൂമിക്കടിതട്ടില്‍ ഖനനം
ചെയ്യപ്പെടാത്ത മനുഷ്യാത്മാക്കള്‍
അവരുടെ ആത്മാവ് മണ്ണില്‍
അലിഞ്ഞ സ്വർണ്ണ  തരികളെപോലെ
പിറവി എടുക്കാത്ത ഗർഭങ്ങളായി
നിശബ്ദമായി ഉറങ്ങി കിടന്നു.
രാത്രികാലങ്ങളില്‍ ചൂടും,പ്രകാശവുമായി
നക്ഷത്രങ്ങള്‍ എന്നെ തേടി.
രാപക്ഷികള്‍ ചിറകു വിരിച്ചു,
എന്റെ ചില്ലകളില്‍ കൂടൊരുക്കാന്‍
പറന്നു തളര്ന്നു്.
കാറ്റില്‍ അലിയാത്ത എന്റെ ലവണങ്ങള്‍
പതിച്ചു കിട്ടാന്‍ കാറ്റ് വെമ്പല്‍ കൊണ്ടു
കണ്ണാടി ജനലുകളിലൂടെ
പ്രകാശമായി കടന്നു കയറി
അവള്‍ എന്നെ സ്വന്തമാക്കി
കടലാസ് പൂക്കള്‍ ഉമ്മ വയ്ക്കുന്ന
വേലി കെട്ടുകൾക്കും ,നമ്പ്യാര്‍വട്ടം
മണക്കുന്ന നടുമുറ്റതിനും ഇടയില്‍
പ്രണയ ചിലങ്കകള്‍ ചലിപ്പിച്ച് ,
എന്റെ നനഞ്ഞ മണ്ണില്‍
അവള്‍ പ്രണയ ചിത്രം വരച്ചു .

Leave a Reply

Your email address will not be published. Required fields are marked *