ഇരുട്ടിൽ തപ്പുന്ന നേതാക്കൾ -നിലമ്പൂർ പ്രശ്നം കോൺഗ്രസിൽ ഭിന്ന അഭിപ്രായം.

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. പൊലീസ് നടപടിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എതിര്‍ത്ത് കെപിസിസി പ്രസിഡന്റ് വി.എം സുധീരനും രംഗത്തവന്നു

മാവോയിസ്റ്റുകളെ നേരിടേണ്ടത് ഏറ്റവും ആവശ്യമാണ്.രണ്ടുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും വെടിവെപ്പ് ഉണ്ടായതായി മനസിലാക്കാന്‍ കഴിഞ്ഞതായും ചെന്നിത്തല പറഞ്ഞു. വ്യാജ ഏറ്റുമുട്ടലാണിതെന്ന് കരുതുന്നില്ല. സുപ്രീംകോടതി വിധിയനുസരിച്ചുളള അന്വേഷണം ഇതില്‍ നടക്കണം. സിപിഐ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് അപക്വമാണ്. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുകയാണ് വേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഭരണപക്ഷത്തെ സിപിഐ അടക്കമുളള പാര്‍ട്ടികളും വിവിധ മനുഷ്യാവകാശ സംഘടനകളും വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് ആരോപിക്കുമ്പോഴാണ് പൊലീസ് നടപടിയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് എത്തുന്നത്.

അതേസമയം ചെന്നിത്തലയുടെ നിലപാടിന് വിരുദ്ധമാണ് സുധീരന് ഇക്കാര്യത്തിലുളള അഭിപ്രായമെന്നതും ശ്രദ്ധേയമാണ്. വ്യക്തതയോട് കൂടിയ ഒരു വിശദീകരണം നല്‍കാന്‍ ഭരണകൂടത്തിനോ നമ്മുടെ പൊലീസ് സംവിധാനത്തിനോ സാധിച്ചിട്ടില്ല.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. കൂടാതെ മാധ്യമങ്ങളെ സംഭവസ്ഥലത്ത് കൊണ്ടുപോയി കാര്യങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം നിലമ്പൂരിലെ മാവോയിസ്റ്റു വേട്ടയേക്കുറിച്ച് പറഞ്ഞിട്ടാകാം കാസ്‌ട്രോയ്ക്ക് അഭിവാദ്യങ്ങളെന്ന് സി.പി.എം നേതാക്കളോട് കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ വി.ടി. ബല്‍റാം പറഞ്ഞു.

മാവോയിസ്റ്റ് വേട്ടയെ കുറിച്ച് സിപിഎം നേതാക്കള്‍ അഭിപ്രായം പറയാത്തതിനെ വിമര്‍ശിച്ചാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിട്ടത്. മാവോയിസ്റ്റ് വേട്ടയെ കുറിച്ച് മിണ്ടാതെ ഫിഡല്‍ കാസ്‌ട്രോയ്ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുന്നതില്‍പ്പരം അശ്ലീലമായി മറ്റൊന്നില്ല. മറക്കരുത് സിപിഎമ്മുകാരാ, രണ്ട് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരേയാണ് നിങ്ങളുടെ സര്‍ക്കാര്‍ കൊന്നുകളഞ്ഞിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം കുറിച്ചു.

കഴഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാവോയിസ്റ്റ് സാഹിത്യത്തിന്റെ പേരില്‍ കേസെടുക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇന്ന് രണ്ട് മനുഷ്യരെ വെടിവെച്ചു കൊല്ലുകയാണുണ്ടായിരിക്കുന്നതെന്നും ബല്‍റാം പറയുന്നു.

സി.പി.ഐ മുഖപത്രമായ ജനയുഗത്തില്‍ പൊലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖപ്രസംഗം എഴുതിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *