ഓഖി ചുഴലിക്കാറ്റിൽ സംസ്ഥാനത്തുണ്ടായ ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗo

ഓഖി ദുരന്തത്തിനിരയായവർക്കായി ദുരിതാശ്വാസനിധിയിലേക്ക് പ്രതിപക്ഷ നേതാവിന്റെ ഒരു മാസത്തെ ശമ്പളവും, പേഴ്‌സണൽ സ്റ്റാഫിന്റെ ഒരു മാസത്തെ ശമ്പളവും നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഓഖി ചുഴലിക്കാറ്റിൽ സംസ്ഥാനത്തുണ്ടായ ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും തീരപ്രദേശങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ മുഖ്യന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. സുനാമി പുനരധിവാസ പാക്കേജിന്റെ മാതൃകയിൽ സഹായം ആവശ്യപ്പെടാനാണ് പൊതു ധാരണ.

ദുരിതം നേരിടാൻ കേന്ദ്ര പാക്കേജ് ആവശ്യപ്പെടും. ഇതിനായി മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗുമായി അടുത്ത ദിവസം കൂടിക്കാഴ്ച്ച നടത്താനും യോഗത്തിൽ തീരുമാനിച്ചു ഒരാഴ്ച 2000 രൂപവീതം നൽകാനും തീരുമാനമായിട്ടുണ്ട്. ഓരോ ദിവസവും മുതിർന്നവർക്ക് 60 രൂപവീതവും കുട്ടികൾക്ക് 45 രൂപവീതവും നൽകുന്നതിന് പകരമായാണിത്.

ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ചവരുടെ ആശ്രിതർക്ക് ജോലി നൽകാൻ തിരുവനന്തപുരത്ത് ചേർന്ന സർവ്വകക്ഷിയോഗത്തിൽ തീരുമാനമായി. മാനദണ്ഡങ്ങൾ നോക്കാതെ ഫിഷറീസ് വകുപ്പിലാവും ജോലി നൽകുകയെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാരിന് പറ്റിയ വലിയ വീഴ്ചയാണ് വൻ ദുരന്തത്തിലേക്ക് വഴിവച്ചതെന്ന് യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സൂചിപ്പിച്ചു. മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനെ കുറിച്ച് മുഖ്യമന്ത്രി നൽകുന്ന വിശദീകരണം സ്വീകാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ മന്ത്രിമാരും, വിവിധ രാഷ്ട്രീയ നേതാക്കളും, വിവിധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *