ഒ രാജഗോപാലിന്റെ വിജയയാത്ര ആരംഭിക്കുമ്പോള്‍ അത് കേരളത്തിന്റെ ചരിത്രം തന്നെ മാറ്റാനുള്ള യാത്രയുടെ തുടക്കമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍

കണ്ണൂര്‍: ത്യാഗപൂര്‍ണമായ ജീവിതം നാടിനും പ്രസ്ഥാനത്തിനും വേണ്ടി സമര്‍പ്പിച്ച കെ ജി മാരാര്‍ജിയുടെ കര്‍മമണ്ഡലത്തില്‍ നിന്നും ഒ രാജഗോപാലിന്റെ വിജയയാത്ര ആരംഭിക്കുമ്പോള്‍ അത് കേരളത്തിന്റെ ചരിത്രം തന്നെ മാറ്റാനുള്ള യാത്രയുടെ തുടക്കമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. നേമം മണ്ഡലത്തില്‍ നിന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ഒ രാജഗോപാല്‍ സത്യപ്രതിജ്ഞക്കായി നിയമസഭയിലേക്ക് പോകുന്നതിന് മുന്നോടിയായുള്ള വിജയയാത്ര കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരാര്‍ജി തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ഫലമറിയാന്‍ ബി ജെ പി നേതാക്കളോടൊപ്പം പാര്‍ട്ടി ആസ്ഥാനത്തിരുന്നു. ഫലമറിഞ്ഞപ്പോള്‍ മാരാര്‍ജി മൂന്നാംസ്ഥാനത്തായിരുന്നു. പത്രക്കാര്‍ അഭിപ്രായം ചോദിച്ചപ്പോള്‍ ‘ഞാന്‍ തോറ്റു. മൂന്നാംസ്ഥാനത്താണ്. എന്റെ പാര്‍ട്ടി മൂന്നാം മുന്നണിയാണ്. ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി എന്റെ പാര്‍ട്ടി ഒന്നാംസ്ഥാനത്തെത്തുന്ന നിമിഷം വരുമെന്നാ’യിരുന്നു മറുപടി.. കേരളത്തിലെ ജനങ്ങളുടെ ഒരു ചിരകാലഭിലാഷമാണ് നേമത്തിലൂടെ പൂവണിഞ്ഞിരിക്കുന്നത്. കെ ജി മാരാര്‍ സ്വപ്‌നം കണ്ടു. രാജേട്ടന്‍ സ്വപ്‌നം സാക്ഷാത്കരിച്ചു. കുമ്മനം കൂട്ടിച്ചേര്‍ത്തു. കത്തിക്കും വാള്‍മുനക്കും വെടിയുണ്ടകള്‍ക്കും മുന്നില്‍ തലകുനിക്കുന്നവരല്ല ബി ജെ പി, സംഘ്പരിവാര്‍ പ്രവര്‍ത്തകരെന്ന് തെളിയിക്കുകയാണ് ഈ വിജയം. ബി ജെ പിയെ ഇല്ലാതാക്കാന്‍ സി പി എം വ്യാപകമായി അക്രമം നടത്തുകയാണ്. കൊച്ചുകുട്ടികളെ പോലും വെറുതെ വിടാന്‍ സി പി എം തയാറല്ലെന്നതിന്റെ തെളിവാണ് മുഴക്കുന്നിലെ അക്രമം. ബി ജെ പിയുടെ വളര്‍ച്ച കാണാന്‍ ഇപ്പോഴും സി പി എം തയാറായിട്ടില്ല. ഒരു സീറ്റില്‍ വിജയിക്കുകയും ഏഴുസീറ്റില്‍ രണ്ടാംസ്ഥാനത്തെത്തുകയും ചെയ്ത പാര്‍ട്ടി നിരവധി സീറ്റുകളില്‍ 25 ശതമാനത്തിലധികം വോട്ട് നേടിയിട്ടുണ്ട്. എന്നാല്‍ ബി ജെ പിയെ ഇല്ലാതാക്കാന്‍ കഠാരയും വാളും ബോംബുമായി വരികയാണ് സി പി എം പ്രവര്‍ത്തകര്‍. അതിന്റെ കാലം കഴിഞ്ഞെന്നും ബി ജെ പിയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. നിയുക്ത എം എല്‍ എ ഒ രാജഗോപാല്‍, ബി ഡി ജെ എസ് കേന്ദ്രസമിതി അംഗം അരയാക്കണ്ടി സന്തോഷ് കെ രഞ്ചിത്ത്, വിജയന്‍ വട്ടിപ്രം, കെ കെ വിനോദ്കുമാര്‍, ടി സി മനോജ് എന്നിവര്‍ സംസാരിച്ചു. ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് ദാസന്‍ പാലിപ്പിള്ളി, ജെ എസ് എസ് ജില്ലാ സിക്രട്ടറി വി പി ദാസന്‍, എ കെ സതീഷ് ചന്ദ്രന്‍, ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റ്മാരായ സി കെ പത്മനാഭന്‍, പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, സംസ്ഥാന ജനറല്‍ സിക്രട്ടറിമാരായ എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, വൈസ്പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്‍, സിക്രട്ടറി വി വി രാജേഷ്, കാസര്‍കോട് ജില്ലാപ്രസിഡന്റ് അഡ്വ. ശ്രീകാന്ത്, നേതാക്കളായ എ ദാമോദരന്‍, പി കെ വേലായുധന്‍, എ പി പത്മിനി, ആനിയമ്മ രാജേന്ദ്രന്‍, കെ പി അരുണ്‍, ബിജു ഏളക്കുഴി, എ പി ഗംഗാധരന്‍,മോഹനന്‍ മാനന്തേരി, തുടങ്ങിയവര്‍ സംബന്ധിച്ചു. ഒ രാജഗോപാലിനെ മുന്‍ ജില്ലാപ്രസിഡന്റും സംസ്ഥാന സമിതിഅംഗവുമായ എ ദാമോദരന്‍ താമരകള്‍ കൊണ്ട് നിര്‍മിച്ച മാലയണിയിച്ചു. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസറ്റ് നേതാവുമായിരുന്ന വിഷ്ണു ഭാരതീയന്റെ മകന്‍ ബാലഗംഗാധര തിലകന്‍ ഒ രാജഗോപാലിനെ ഹാരാര്‍പ്പണം നടത്തിയപ്പോള്‍ രാജഗോപാല്‍ അദ്ദേഹത്തെ ഷാളണിയിച്ച് ആദരിക്കുകയും ചെയ്തു. രാവിലെ പയ്യാമ്പലത്തെ കെ ജി മാരാറുടെ സ്മൃതി മണ്പപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് വിജയ യാത്രക്ക് തുടക്കമായത്. പിണറായി മേഖലയിലുണ്ടായ അക്രമങ്ങളെ കുറിച്ചും പരിഹാരം കാണണമൈന്നുമാവശ്യപ്പെട്ട ബി ജെ പി ധര്‍മടം നിയോജകമണ്ഡലം പ്രസിഡന്റ് ആര്‍ കെ ഗിരിധരന്‍ ഒ രാജഗോപാലിന് നിവേദനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *