ഏകജാലക ട്രയല്‍ അലോട്ട്മെന്റും ആദ്യ അലോട്ട്മെന്റും ജൂണ്‍ ഏഴിനു
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരി പഠനത്തിന് അര്‍ഹമായി വിജയം കൈവരിച്ച എല്ലാവര്ക്കും പ്ലസ് വണ്ണിന് പ്രവേശനം ലഭിയ്ക്കും. 4,57,654 വിദ്യാര്‍ഥികളാണ് ഉപരി പഠനത്തിന് അര്‍ഹമായത്. ഇപ്പോഴുള്ള 3,84,226 സീറ്റും 20 ശതമാനം അധിക സീറ്റും ഉള്‍പ്പെടെ 4,60,000 സീറ്റുകള്‍ ഉണ്ടെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് സെക്രട്ടറി ഡോ. കെ മോഹന്‍കുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു. ഈ മാസം 17 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം വെരിഫിക്കേഷനായി ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളില്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഈ മാസം 31 ആയിരിക്കും.
ഏകജാലക ട്രയല്‍ അലോട്ട്മെന്റും ആദ്യ അലോട്ട്മെന്റും ജൂണ്‍ ഏഴിനായിരിക്കും. കഴിഞ്ഞ വര്‍ഷം ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ എട്ടിനും ആദ്യ അലോട്ട്മെന്റ് ജൂണ്‍ 18നുമായിരുന്നു. മുഖ്യ ഘട്ടത്തിലെ രണ്ട് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂണ്‍ 27 ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ക്ലാസുകള്‍ ആരംഭിച്ചത് ജൂലൈ എട്ടിന് ആയിരുന്നു. മുഖ്യഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ടുമെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി ജൂലൈ 30 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും. സ്പോര്‍ട്സ് ക്വാട്ട അഡ്മിഷന് കഴിഞ്ഞ രണ്ടു കൊല്ലങ്ങളിലേതു പോലെ രണ്ട് ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ സംവിധാനത്തിലായിരിക്കും നടത്തുക. ആദ്യഘട്ടത്തില്‍ സ്പോര്‍ട്സില്‍ മികവ് നേടിയ വിദ്യാര്‍ഥികള്‍ അവരുടെ സ്പോര്‍ട്സ് സര്‍ഫിക്കറ്റുകള്‍ അതാത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രണ്ടാം ഘട്ടത്തില്‍ പ്ലസ് വണ്‍ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ അഡ്മിഷന് ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്കൂള്‍ കോഴ്സുകള്‍ ഓപ്ഷനായി ഉള്‍ക്കൊള്ളിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റിന് മുമ്പായി രണ്ട് പ്രത്യേക അലോട്ട്മെന്റുകള്‍ സ്പോര്‍ട്ട്സ് ക്വാട്ട അഡ്മിഷനു വേണ്ടി നടത്തും. ഒന്നാംഘട്ട രജിസ്ട്രേഷന് ഈ മാസം 17 മുതല്‍ 31 വരെയും രണ്ടാം ഘട്ട രജിസ്ട്രേഷന് ജൂണ്‍ ഒന്നു മുതല്‍ ആറുവരെയും, ഒന്നാംഘട്ട സ്പോര്‍ട്സ് അലോട്ട്മെന്റ് ജൂണ്‍ ഒന്‍പതിനും, രണ്ടാംഘട്ട സ്പോര്‍ട്സ് അലോട്ട്മെന്റ് ജൂണ്‍ 16നും നടക്കും. 817 സര്‍ക്കാര്‍ സ്കൂളുകളിലും, 844 എയിഡഡ് സ്കൂളുകളിലും, 362 ആണ് എയിഡഡ് സ്കൂളുകളിലും, റസിഡന്‍ഷ്യല്‍, സ്പെഷ്യല്‍, ടെക്നിക്കല്‍ മേഖലയിലെ 48 സ്കൂളുകളിലുമായാണ് പ്രവേശനം നല്‍കുന്നത്. ജില്ലാതല സീറ്റുകളുടെയും ബാച്ചുകളുടെയും വിശദാംശങ്ങള്‍ അഡ്മിഷന് വെബ്പോര്‍ട്ടലായ www.hscap.kerala.gov.in ല്‍ ലഭ്യമാണ്.