അഗ്രഹാരത്തിലെ ആഗ്രഹങ്ങൾ – കവിത

അഗ്രഹാരത്തിലെ ആഗ്രഹങ്ങൾ – കവിത
By:സംഗമേശ്വരൻ മാണിക്ക്യം അയ്യർ

എന്താണ് ചെയ്യേണ്ടതെന്നറിയുന്നില്ല

പറയേണ്ടതൊന്നും പറയുന്നുമില്ല

ആഗ്രഹിച്ച അവസരങ്ങളൊന്നും കിട്ടുന്നുമില്ല

കിട്ടുന്ന യാതൊന്നും നിലനിൽക്കുന്നുമില്ല

എന്നുള്ളിൽ ഞാനറിയുന്നല്ലോ എൻ സർഗ്ഗവാസന

ഭ്രാന്തമാമീലോകം എന്നറിയുമോ എന്നുപാസന

കൂരിരുട്ടിൽ പറക്കും പക്ഷിയായിപ്പോയോ ഞാൻ

കാഴ്ചയുണ്ടായും അന്ധനായിപ്പോയോ ഞാൻ

മൂഢവിശ്വാസത്തിനു പിന്നിലെത്രനാൾ ഞാൻ മുഖം മറച്ചിരിക്കും

ഞാനാഗ്രഹിച്ച നിത്യയൗവനത്തിനായ് എത്രനാളാശിച്ചിരിക്കും

അഗ്രഹാരത്തിലെ നടന്നീടാത്തൊരോ കൊഞ്ചം ആഗ്രഹങ്ങൾ

പലകുറിവിളിച്ചും കൊഞ്ചം കൂടി കേൾക്കാത്തൊരു വിഗ്രഹങ്ങൾ

സംശയങ്ങൾ കാർമേഘമായ് മാറിയല്ലോ

സന്താപങ്ങൾ പേമാരിയായ് പെയ്തിറങ്ങിയല്ലോ

ഭൂമിദേവിതന്നാശ്ലേഷം മഴനീർതുള്ളിയായ്

സ്നേഹത്തിനുമുൻ തളർന്നു ഞാൻ തുള്ളിതുള്ളിയായ്

പാതകളിൽ വെളിച്ചം തീരെയില്ലതാനും

പൊൻപാൽനിലാവിന് കാത്തിരിപ്പൂ ഞാനും

കറുത്തിരുണ്ട കാർമേഘരാവുകളിൽ നിശ്ചയം ഞാൻ

ആമോദത്തോടെ വരവേൽപ്പൂ വെൺപകലിനെ താൻ

അഗ്രഹാരത്തെരുവിലെ വെളുത്ത മാക്കോലങ്ങൾ

ആഗ്രഹങ്ങളില്ലാത്ത നിശ്ശബ്ദ നിശ്ചലക്കോലങ്ങൾ

അഴകുള്ള ചക്കയിൽ ചുളയില്ലെന്ന ലോകസാരം

അന്വർത്ഥമാക്കുമീ ഗൃഹത്തിനുള്ളിലെ കുമ്പസാരം

ബ്രാഹ്മണർകൾ ശാപ്പിടും സ്ഥലങ്ങളെല്ലാം

ബ്രാഹ്മണർ ‘കൾ’ ശാപ്പിടും സ്ഥലങ്ങളാക്കിയല്ലോ

അഗ്രഹാരവീഥിയിലെ പഴഞ്ചൻ മനകളെല്ലാം

ജീവനില്ലാത്ത ബഹുനില പെട്ടി തുരുത്തുകളായിയല്ലോ

പിറന്ന നാട്ടിൽ വളരാൻ ചെയ്തില്ല ഭാഗ്യം ഞാൻ

വളർന്ന നാട്ടിൽ ജീവിക്കാനും സുകൃതം ചെയ്തില്ല ഞാൻ

സസുഖം ജീവിക്കുന്നീമണ്ണിനുമുൻ വണങ്ങീടുന്നു ഞാൻ

ഉറ്റവർതൻ നിസ്സീമസ്നേഹത്തിനുമുൻ വീണുപോയീടുന്നു ഞാൻ .

Leave a Reply

Your email address will not be published. Required fields are marked *