ശബരി മലയിൽ സ്ത്രീകളുടെ പ്രവേശനം അനുവദിച്ചു കൂട-സഞ്ജയ്

ഒരുകാലത്തു ശബരിമലക്ഷേത്രം വാര്‍ത്തകളില്‍ ഇടംനേടിയത് ജാതി, മത,വര്‍ണ,വര്‍ഗവിവേചനങ്ങള്‍ക്കതീതമായി നിലനില്‍ക്കുന്ന ‘തത്ത്വമസി’യെന്ന സമത്വദര്‍ശനകേന്ദ്രമായാണ്. നിര്‍ഭാഗ്യവശാല്‍ അടുത്തകാലത്തു പലവിധ വിവാദങ്ങളാല്‍ കലുഷിതമാണവിടം.
ഇപ്പോഴത്തെ വിവാദം യുവതികളെ ശബരിമലയില്‍ കയറ്റണോ വേണ്ടയോ എന്നതാണ്. കയറ്റണമെന്നാവശ്യപ്പെടുന്നവര്‍ സ്ത്രീസമത്വവാദം ഉന്നയിക്കുമ്പോള്‍ മറുപക്ഷം ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ലംഘനമാകുമെന്നു വാദിക്കുന്നു.
ശബരിമലയില്‍ 10 മുതല്‍ 50 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ക്കാണു വിലക്കുള്ളത്. ദേവസ്വം ബോര്‍ഡ് ഇതിനു രണ്ടുകാരണങ്ങളാണു പറയുന്നത്. 1. ക്ഷേത്രത്തിലെ പ്രതിഷ്ഠാസംങ്കല്‍പ്പം നിത്യബ്രഹ്മചാരിയായ അയ്യപ്പനായതിനാല്‍ യുവതികളുടെ പ്രവേശം അനുവദിക്കാനാവില്ല. 2. ദര്‍ശനത്തിനെത്തുന്നവര്‍ 41 ദിവസത്തെ കഠിനവ്രതമെടുക്കണമെന്ന വ്യവസ്ഥ മാസമുറയുള്ള യുവതികള്‍ക്കു പാലിക്കാനാവില്ല.
ശബരിമലവിഷത്തില്‍ സുപ്രിംകോടതിയെ സമീപിച്ച യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള ഹരജിക്കാരുടെ അഭിപ്രായത്തില്‍ സ്ത്രീകളെ വിലക്കുന്നതു ലിംഗവിവേചനമാണ്. ആര്‍ത്തവം അശുദ്ധിയല്ലെന്നും അതു ജീവശാസ്ത്രപരമായ പ്രകൃതിനിയമമാണെന്നും അവര്‍ പറയുന്നു. പൊതുഇടത്തില്‍ ആര്‍ക്കു പ്രവേശനം നിഷേധിക്കരുതെന്നും അവര്‍ വാദിക്കുന്നു.
ഇവിടെ ചില ചോദ്യങ്ങള്‍ പ്രസക്തമാണ്. 1. ശബരിമല ഒരു പൊതുഇടമാണോ. 2. ക്ഷേത്രാചാരത്തെ ലിംഗവിവേചനമായി കാണാനാകുമോ. 3. അവിടെ അവിശ്വാസികള്‍ മുതലെടുപ്പു നടത്തുന്നുണ്ടോ.  4. ആരാധനാലയത്തില്‍ ഭരണഘടനയ്ക്ക് എന്താണു ചെയ്യാനാകുക.

1.  ശബരിമല ഒരു പൊതുഇടമാണോ.
റോഡുകളും ആശുപത്രികളുംപോലെ എല്ലാവര്‍ക്കുമുപയോഗിക്കാവുന്ന സ്ഥലമാണു പൊതുഇടം. ആരാധനാലയങ്ങള്‍ പൂര്‍ണപൊതുഇടമല്ല. പള്ളിയും അമ്പലവും ഗുരുദ്വാരയുമെല്ലാം അതതു മതത്തിലെ വിശ്വാസികള്‍ക്കുള്ളതാണ്. പല ആരാധനാലയങ്ങളും അവിശ്വാസികളെ വിലക്കുന്നില്ല. ശബരിമലക്ഷേത്രവും അങ്ങനെതന്നെ. അതിനര്‍ഥം അവിശ്വാസികള്‍ക്കു തോന്നുന്നതു ചെയ്യാമെന്നല്ല.
അവിടെ പ്രവേശിക്കുന്നവര്‍ നിലവിലുള്ള ആചാരങ്ങള്‍ പാലിക്കണം. അത് ആരാധനാലയത്തിന്റെ ആത്മീയാന്തരീക്ഷം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. ആരാധനാലയങ്ങള്‍ പരിശുദ്ധിയുടെ പ്രതീകങ്ങളാണ്. അവിടെ കയറുന്നതു തനിക്ക് ആചരിക്കാനാവുന്നതില്‍ ഏറ്റം പരിശുദ്ധമായ മനസോടും ശരീരത്തോടുമായിരിക്കണം. എല്ലാ മതങ്ങളിലും അതാണു രീതി. ശബരിമലയില്‍ യുവതിള്‍ക്കു മാത്രമല്ല വിലക്ക്. ബന്ധുവിന്റെ മരണം കാരണം കഴിഞ്ഞതവണ തിരുവാഭരണഘോഷയാത്രയില്‍ പങ്കെടുക്കാന്‍ രാജപ്രതിനിധിക്കു കഴിഞ്ഞില്ല. ആചാരങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

2. ക്ഷേത്രാചാരം ലിംഗവിവേചനമാണോ.
മതപഠനകേന്ദ്രങ്ങള്‍ വഴിയല്ല ഹിന്ദുമതത്തില്‍ ആരാധനാസമ്പ്രദായങ്ങള്‍ നിലനില്‍ക്കുന്നത്. അതു പരമ്പരാഗതമായി പിന്തുടരുന്നതാണ്. വേദമന്ത്രങ്ങളറിയാതെ പൂജ നടത്തുന്ന എത്രയോ ക്ഷേത്രങ്ങളുണ്ട്!  ആചാരങ്ങളില്‍ പ്രാദേശികമായി വ്യത്യാസങ്ങളുമുണ്ട്. അതേസമയം, ക്ഷേത്രങ്ങളില്‍ പാലിക്കേണ്ട ചില എഴുതപ്പെട്ടതും അല്ലാത്തതുമായ നിയമങ്ങളുണ്ട്.
ശബരിമലയില്‍ യുവതികള്‍ കയറാതിരിക്കുന്നതും ഇത്തരം ആചാരത്തിന്റെ ഭാഗമാണ്. നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍ മാളികപ്പുറത്തമ്മയ്ക്കു കൊടുക്കുന്ന വാക്കാണ് ഒരു കന്നിയയ്യപ്പനും മലകയറാത്തവര്‍ഷം താന്‍ മാളികപ്പുറത്തമ്മയെ വിവാഹം ചെയ്തുകൊള്ളാമെന്നത്. മാളികപ്പുറത്തമ്മയുടെ കാത്തിരിപ്പിനും അയ്യപ്പന്റെ വാക്കിനും യുവതികള്‍ നല്‍കുന്ന ആദരവാണ് യൗവനകാലത്തു മല കായറാതിരിക്കല്‍. സ്ത്രീകള്‍ കയറിയാല്‍ തകരുന്നതാണോ അയ്യപ്പന്റെ ബ്രഹ്മചര്യമെന്ന ചോദ്യം ബാലിശമാണ്. കാരണം പല ഉത്സവങ്ങളും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടവയാണ്.
മറ്റൊരു വാദം ദലിതരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരുന്ന ആചാരം പിന്നീടു  തിരുത്തിയില്ലേയെന്നാണ്. ദലിതുകളെ പ്രവേശിപ്പിക്കാതിരുന്നത് സമൂഹത്തില്‍ നിലനിന്ന അനാചാരങ്ങളുടെ പ്രതിഫലനമാണ്. സ്ത്രീപ്രവേശനം വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ടതാണ്. ഏതെങ്കിലും ക്ഷേത്രത്തില്‍ അവിടുത്തെ ഐതിഹ്യവും വിശ്വാസവുമായി ബന്ധമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലെങ്കില്‍ ഭരണഘടനാപരമായി ചോദ്യംചെയ്യാവുന്നതാണ്.

3.  അവിശ്വാസികള്‍ മുതലെടുപ്പു നടത്തുന്നുണ്ടോ.

ഈ വിഷയത്തില്‍ പ്രധാനമായും പ്രതികരിച്ചത്  ‘പരിഷ്‌കരണം’ നടപ്പാക്കാനാഗ്രഹിക്കുന്ന അവിശ്വാസികളാണ്. ഇങ്ങനെയായാല്‍ നാളെ ഹിന്ദുമതവിശ്വാസികള്‍, ഇസ്ലാം- ക്രൈസ്തവ ആചാരങ്ങളില്‍ കടന്നുകയറില്ലെന്നു ആരു കണ്ടു. അതു നമ്മുടെ മതസൗഹാര്‍ദ്ദത്തെ സാരമായി ബാധിക്കും. അവിശ്വാസികള്‍ വിശ്വാസമില്ലാത്തിടത്ത് കയറാതിരിക്കുകയാണു അഭികാമ്യം. ആര്‍ത്തവമുള്ളപ്പോള്‍ ക്ഷേത്രത്തില്‍ കയറണമെന്നു ശഠിക്കുന്നവര്‍ക്ക് ഏറ്റവും എളുപ്പവഴി എല്ലാ സമയത്തും കയറാന്‍ പറ്റുന്ന ആരാധനാലയമുണ്ടാക്കുകയാണ്.
കോടതിക്ക് ലക്ഷോപലക്ഷം വിശ്വാസികളുടെ ആചാരാനുഷ്ടാനങ്ങളെ അവിശ്വാസികളില്‍നിന്നു  പരിരക്ഷിക്കേണ്ട ബാദ്ധ്യതകൂടിയുണ്ട്. ഭരണഘടനയില്‍ സ്ത്രീസമത്വം (ഈ വിഷയത്തില്‍ വളച്ചൊടിച്ച അസമത്വം) മാത്രമല്ല, വിശ്വാസങ്ങളുടെ പരിരക്ഷയും ഉണ്ട്. ഇല്ലെങ്കില്‍ അതു തിരുത്തേണ്ടതാണ് അഭികാമ്യം. ശബരിമലയില്‍ ഇന്ന് ആചാരലംഘനം നടത്തുന്നവര്‍ നാളെ അന്യമതസ്ഥാപനങ്ങളിലേയ്ക്കും ഈ നയം വ്യാപിപ്പിക്കും.
സ്ത്രീസമത്വം വരേണ്ടതു സ്ത്രീകളുടെ സുരക്ഷയിലും സാമ്പത്തികസ്വാതന്ത്ര്യത്തിലുമൊക്കെയാണ്. അത്തരം മുഖ്യധാരാവിഷയങ്ങള്‍ ഒഴിവാക്കി ഇത്തരം വിഷയങ്ങളില്‍ അസമത്വം ആരോപിക്കുന്നത് അപലപനീയമാണ്. ജൈവശാസ്ത്രപരമായുള്ള സ്ത്രീപുരുഷബന്ധത്തെ അംഗീകരിക്കാത്തതിനു തുല്യമാണത്.

4. ആരാധനാലയത്തില്‍ ഭരണഘടനയ്ക്ക് എന്താണു ചെയ്യാനാകുക.
ഇന്ത്യൻ ഭരണ ഘടന അനുസരിച്ചു നാനാ ജാതി മത വിഭാഗങ്ങളുടെയും ആരാധാനാലയങ്ങളും,ആരാധനാ ക്രമങ്ങളും സംരക്ഷിക്കപ്പെടും എന്ന് വ്യക്തമാക്കിയിട്ടുണ്ട്,അത് അത് പ്രകാരം ആരാധനാലയങ്ങൾ വിശ്വാസികൾക്ക് മാത്രമായുള്ള പൊതു ഇടം ആയി എഴുതപ്പെട്ടിരിക്കുന്നു.വിവിധ മത വിശ്വാസികളുടെ വിശ്വാസങ്ങൾ ഹനിക്കപ്പെടുന്നത് ഭരണ ഘടന വിരുദ്ധവും,ചട്ട ലംഘനവും ആണ്.ഇന്ത്യൻ ഭരണ ഘടന പ്രകാരം ആദ്യകാലത്തെ മുതൽ തുടർന്ന് വന്നിരുന്ന ആരാധനാ ക്രമങ്ങൾ ശബരിമലയുടെ ഐതിഹ്യങ്ങൾക്കനുസരിച്ചു പാലിക്ക പ്പെടേണ്ടുന്നതുണ്ട്.
ഇനി അവകാശവാദം ഉന്നയിക്കുന്നവർക്കായി
ഇനി ശബരിമലയിൽ നിശ്ചിത പ്രായ പരിധിയിൽ ഉള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ചതിനെതിരെ പ്രതികരിക്കുകയും പ്രവേശന  അനുമതി ആവശ്യപ്പെടുന്ന വനിതാ സമര നായികകൾ എന്തുകൊണ്ട്  മുസ്ലീo  ആചാര അനുഷ്ഠാനങ്ങൾക്ക്  എതിരെ വാൾ ഓങ്ങുന്നില്ല. പ്രബുദ്ധതയും ,സാക്ഷരതയും നൂറുമേനി അവകാശപ്പെടുന്ന കേരളത്തിലെ മുസ്ലീo പള്ളികളിൽ  സ്ത്രീകളും പുരുഷന്മാരും തോളോട് തോൾ  ചേർന്ന്  നിസ്കരിക്കുന്ന  കാലത്തു് ,അതുമല്ല  എങ്കിൽ മുസ്‌ലിം വിവാഹ  ചടങ്ങുകളിൽ എങ്കിലും  സ്ത്രീ സമത്വം കൈവരട്ടെ  അപ്പോൾ  നമുക്കിതും പുനഃ പരിശോധിക്കാവുന്നതല്ലേ ഉള്ളൂ.ഇവിടെ ഒരു വനിതക്കും തീർത്തും വിലക്കില്ല അക്റഗാര അനുഷ്ഠാനങ്ങളുടെ പേരിൽ  പ്രത്യേക പ്രായ പരിധിയില്പെട്ട വനിതകൾക്കാണ് വിലക്ക്‌ .നേരത്തെ പറഞ്ഞ മത വിഭാഗത്തിലെ പോലെ പെൺകുട്ടി ജനിക്കുന്ന കാലം മുതൽ  മരിക്കുന്നതു വരെയുള്ള ഉള്ള വിലക്കില്ല .ലോകത്തിലെ നല്ലൊരു വിഭാഗം മുസ്‌ലിം വനിതകൾ  അവരുടെ ആചാരങ്ങൾ അനുഷ്‌ഠിചു ജീവിക്കുമ്പോൾ എന്ത് കൊണ്ട് ലോകത്തിലെ ചെറിയൊരു കേരളത്തിൽ  വനിതകൾക്കൊരു ഒരു  ക്ഷേത്ര പ്രവേശന മുറുമുറുപ്പ് ….

Leave a Reply

Your email address will not be published. Required fields are marked *