ഫ്‌ളോറിഡയില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

ഫ്‌ളോറിഡ: യുഎസില്‍ കൊതുകുകള്‍ സിക്ക വൈറസ് വാഹകരായി തീര്‍ന്നിരിക്കുകയാണെന്ന സംശയം ബലപ്പെടുന്നു. ഫ്‌ളോറിഡയില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച നാലു പേരും സമീപകാലത്ത് വിദേശയാത്ര നടത്തിയവരല്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായ സാഹചര്യത്തിലാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്തുന്നത്. യുഎസില്‍ 1,650ലധികം സിക്ക കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതാദ്യമായിട്ടാണ് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാത്തവരില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നതെന്ന് ഫ്‌ളോറിഡ ആരോഗ്യ വിഭാഗം അറിയിച്ചു. സിക്ക ഭീതി പടര്‍ത്തിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും കരീബിയന്‍ മേഖലകളിലുള്ളവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാലോ ആ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടോ ആയിരുന്നു വൈറസ് മറ്റു രാജ്യക്കാരിലേക്ക് എത്തിയിരുന്നത്. മൈക്രോസെഫാലി എന്ന ജന്മവൈകല്യത്തിനു കാരണമാകുന്ന ഇത് ഏറ്റവുമധികം ദുരിതം വിതച്ചതു ബ്രസീലിലാണ്. രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെ അളവുകുറഞ്ഞു രക്തം കട്ടപിടിക്കാതിരിക്കുന്നതാണ് രോഗാവസ്ഥ. സിക്ക വൈറസ് അതിവേഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ആഗോള പൊതുവായ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞവര്‍ഷം മേയിലാണ് ബ്രസീലിലാണു സിക്ക വൈറസ് കണെ്ടത്തിയത്. ആറു മാസത്തിനുള്ളില്‍ തെക്കേ അമേരിക്കയിലും പിന്നീടു യൂറോപ്പിലും വൈറസ് സ്ഥിരീകരിച്ചിരു­ന്നു.

Leave a Reply

Your email address will not be published. Required fields are marked *