നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ചക്രവര്‍ത്തിയെ പോലെ പെരുമാറരുതെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

ന്യൂഡല്‍ഹി: നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ചക്രവര്‍ത്തിയെ പോലെ പെരുമാറരുതെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് ദാരിദ്ര്യം വര്‍ധിക്കുകയും വരള്‍ചയില്‍ കര്‍ഷകര്‍ പൊറുതിമുട്ടുകയും ചെയ്യുമ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ തിരക്കിലാണ്. ഇത്തരമൊരു ആഘോഷത്തിന്റെ യാതൊരു സാഹചര്യവും താനിവിടെ കാണുന്നില്ലെന്നും സോണിയ പറഞ്ഞു. റായ്ബറേലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സോണിയ. സോണിയയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പിയും രംഗത്ത് വന്നു. എന്താണ് ശഹെന്‍ഷായിസമെന്ന് ശരിക്കും മനസിലാക്കിയിട്ടാണോ സോണിയയും കോണ്‍ഗ്രസും സംസാരിക്കുന്നതെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര ചോദിച്ചു. അടിയന്തരാവസ്ഥക്ക് ഉത്തരവാദിയായ ഇന്ദിരാഗാന്ധിയാണ് യഥാര്‍ഥ ശഹെന്‍ഷ. വളരെ താഴ്ന്ന നിലയില്‍ നിന്ന് ഉയര്‍ന്ന് വന്ന് പ്രധാനമന്ത്രിയായത് അംഗീകരിക്കാന്‍ കോണ്‍ഗ്രസിസ് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയും മരുമകന്‍ റോബര്‍ട് വാദ്രയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്തുന്നതിനെ സോണിയ വിമര്‍ശിച്ചു. ദിവസവും ബി.ജെ.പി തെറ്റായ ആരോപണമുയര്‍ത്തുകയാണ്. തെളിവുണ്ടെങ്കില്‍ അവര്‍ അന്വേഷിക്കട്ടെയെന്നും ശരിയായ അന്വേഷണം നടത്തുമ്പോള്‍ സത്യം പുറത്തു വരുമെന്നും സോണിയ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *