ഇഷ്ടപ്പെട്ട വിശ്വാസം വരിച്ചോളു; മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്നത് മറന്ന് പോകരുത്-മന്ത്രി കെ ടി ജലീല്‍ ഹാദിയയോട്

ഹാദിയയെ പച്ചയും,അശോകനെ കാവിയും പുതപ്പിക്കുന്നവരോട്

ഹാദിയ വിഷയത്തില്‍ മതമൌലികവാദികളുടെ ഇടപെടലുകളെ വിമര്‍ശിച്ചു മന്ത്രി ഡോ. കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഒരുപാട് മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള നാടാണ് ഇന്ത്യ. ഇന്നിവിടെയുള്ള 99% ഹൈന്ദവേതര മത വിശ്വാസികളുടെ പൂര്‍വ്വികരൂം പ്രാചീന ഇന്ത്യന്‍ മതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത് വന്നിട്ടുള്ളവരാണ് . അവയൊന്നും രാജ്യത്ത് ഒരു തരത്തിലുള്ള സംഘര്‍ഷവും അകല്‍ച്ചയും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടില്ല. ഒരു പ്രവാചകനും വേദഗ്രന്ഥവും സ്വര്‍ഗ്ഗലബ്ധി സാദ്ധ്യമാകാന്‍ സഹോദര മതസ്ഥനായ ഒരാളെ തന്റെ മതത്തിലേക്ക് കൊണ്ട് വരണമെന്ന് നിബന്ധന വെച്ചിട്ടില്ല. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന എല്ലാ മതങ്ങളും വേദപ്രമാണങ്ങളും വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ സമൂഹങ്ങളില്‍ ഒരു ലക്ഷത്തിലധികം വരുന്ന പ്രവാചകന്മാരിലൂടെ ദൈവത്തില്‍ നിന്ന് അവതീര്‍ണ്ണമായിട്ടുള്ളതാണെന്ന് കരുതിയാല്‍ തീരുന്ന പ്രശ്‌നമേ നാട്ടിലുള്ളു.

ഇസ്ലാമതം സ്വീകരിക്കാതെ മരണപ്പെട്ട് പോയ അബൂത്വാലിബിനെ മുഹമ്മദ് നബി തള്ളിപ്പറയുകയോ വെറുക്കുകയോ ചെയ്തിട്ടില്ലെന്നോര്‍ക്കണം. ഇസ്ലാമിന്റെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തില്‍ ഒരുപാട് സഹായം ചെയ്ത അമുസ്ലിമായിരുന്നുവല്ലോ അദ്ദേഹം. ഇന്ത്യാമഹാരാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവരും അബൂത്വാലിബുമാരാണെന്ന് ഉറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അതിന്റെ പേരില്‍ എന്ത് പഴി കേള്‍ക്കേണ്ടി വന്നാലും അതേറ്റുവാങ്ങാന്‍ എനിക്കശേഷം മടിയുമില്ല. ഇഷ്ടപ്പെട്ട വിശ്വാസം വരിക്കാന്‍ ഈ നാട്ടില്‍ സ്വാതന്ത്ര്യമുണ്ട്. അതാരെയും വേദനിപ്പിച്ചുകൊണ്ടോ ബഹുസ്വര സമൂഹത്തില്‍ അകല്‍ച്ച സൃഷ്ടിച്ചുകൊണ്ടോ ആകാതിരിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണം.

നൊന്ത് പ്രസവിച്ച മാതാവിനും പോറ്റി വളര്‍ത്തിയ പിതാവിനും മക്കള്‍ കൈവിട്ടു പോകുമ്പോഴുള്ള ഹൃദയവേദന ലോകത്തേത് മാപിനി വെച്ച് നോക്കിയാലും അളന്ന് തിട്ടപ്പെടുത്താനാവില്ല. ‘ആരാന്റെമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേലെന്ന്’ നാട്ടിലൊരു ചൊല്ലുണ്ട്. ഹാദിയയെ മുന്‍നിര്‍ത്തി ആദര്‍ശ വിജയം കൊണ്ടാടുന്നവര്‍ മറിച്ച് സംഭവിക്കുന്ന ഒരു മുസ്ലിം കുടുംബത്തിന്റെ സ്ഥാനത്തുനിന്ന് ഒരു നിമിഷം ആലോചിക്കുന്നത് നന്നായിരിക്കും. ഒരാളുടെ വേദനയും കണ്ണുനീരും ഒരു ദര്‍ശനത്തിന്റെയും വിജയമോ പരാജയമോ ആയി ആഘോഷിക്കപ്പെട്ടുകൂട. മാധവിക്കുട്ടി കമലാസുരയ്യയായപ്പോള്‍ അതിനെ സ്വീകരിച്ച കേരളത്തിന്റെ പൊതുബോധം അഖില ഹാദിയയായപ്പോള്‍ നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍ മടിച്ച് നിന്നത് ഒരു പെറ്റമ്മയുടെ വിലാപം അവരുടെ കാതുകളില്‍ ആര്‍ത്തിരമ്പുന്നത് കൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള സമാന്യബോധം ആര്‍ക്കെങ്കിലും ഇല്ലാതെ പോയെങ്കില്‍, പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യേണ്ടത് മറ്റുള്ളവരെയല്ല അവനവനെത്തന്നെയാണ്.

One Comment

Leave a Reply

Your email address will not be published. Required fields are marked *